” ഇന്നെന്റെ മകളുടെ പിറന്നാൾ ആണ്.. ഈ തുക കൊണ്ട് നിങ്ങൾക്ക് ഒരു നേരത്തെ മരുന്നു വാങ്ങാൻ കഴിഞ്ഞെങ്കിൽ നന്നായിരുന്നു”; സമൂഹമാധ്യമങ്ങളിൽ വൈറലായി പൊതിച്ചോറിന് ഒപ്പം ലഭിച്ച കത്ത്!! രാജിഷക്കും കുടുംബത്തിനും ആശംസകൾ നേർന്ന് മലയാളികൾ.

തന്നെകൊണ്ട് ആകുന്ന തരത്തിലുള്ള എന്തെങ്കിലും ഒരു ചെറിയ കാര്യം ചെയ്തുകൊണ്ട് ഒരാൾക്ക് ഉപകാരം ചെയ്യുന്നതിനേക്കാൾ വലിയൊരു കാര്യം ഒരു മനുഷ്യന്റെ ജീവിതത്തിൽ വേറെ കാണില്ല. ഇത്തരത്തിലുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ നമുക്കും ഒരു സന്തോഷം ലഭിക്കാറുണ്ട്. ഇപ്പോൾ ഇത്തരത്തിൽ ഒരു വാർത്തയാണ് സാമൂഹ്യമാധ്യമങ്ങളിലെല്ലാം വളരെയധികം ശ്രദ്ധ ആകർഷിച്ചിരുന്നത്.

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ ഷെയർ ചെയ്ത ഒരു ഫോട്ടോയാണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധനേടിയിരിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും, അവരുടെ കൂട്ടിരുപ്പുകാര്‍ക്കും വേണ്ടി ഡി.വൈ.എഫ്.ഐയുടെ ഹൃദയപൂര്‍വം പരിപാടിയിലൂടെ പൊതിച്ചോര്‍ വിതരണം നടത്തിയപ്പോൾ പൊതിച്ചോര്‍ ലഭിച്ച  യുവാവിന് ചോറിനൊപ്പം കിട്ടിയ ഹൃദയസ്പർശിയായ ഒരു കത്താണ് ഏവരുടെയും ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്. കത്തിനൊപ്പം 200 രൂപയും ഉണ്ടായിരുന്നു.

“അറിയപ്പെടാത്ത സഹോദരാ/ സഹോദരി.., ഒരു നേരത്തെ ഭക്ഷണം തരാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെയോ/ ബന്ധുവിന്റെയോ അസുഖം പെട്ടന്ന് ഭേദമാവാൻ ഞങ്ങൾ പ്രാർത്ഥിക്കാം. നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണമേ.. ഈ തുക കൊണ്ട് നിങ്ങൾക്ക് ഒരു നേരത്തെ മരുന്ന് വാങ്ങാൻ കഴിയുമെങ്കിൽ നന്നായിരുന്നു. ഇന്നന്റെ മകളുടെ പിറന്നാൾ ആണ്”

ഇതായിരുന്നു കത്തിലെ ഉള്ളടക്കം. “ആരെയും അറിയിക്കാതെ മറ്റുള‌ളവരെ സഹായിക്കാന്‍ മനസുള്ള പേര് അറിയാത്ത ആ മനുഷ്യനെ ഹൃദയത്തോട് ചേര്‍ത്ത് അഭിവാദ്യം ചെയ്യുന്നു…
അദ്ദേഹത്തിന്റെ പ്രിയ മകള്‍ക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍” എന്ന തലക്കെട്ടോടെയായിരുന്നു  സനോജ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഈ ഫോട്ടോ ഷെയർ ചെയ്തത്.

നിമിഷങ്ങൾക്കുള്ളിൽ തന്നെ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയായിരുന്നു. തുടർന്ന് ഹൃദയപൂർവ്വം പരിപാടിയുമായി ബന്ധപ്പെട്ട പ്രവർത്തകർ നടത്തിയ തിരച്ചിലിലാണ് കത്ത് അയച്ച ആളെ കണ്ടെത്തിയത്. ഓര്‍ക്കാട്ടേരി കുറിഞ്ഞാലിയോട്‌ കൃഷ്‌ണോദയയില്‍ രാജിഷയായിരുന്നു തന്റെ മകളുടെ പിറന്നാള്‍ സമ്മാനമായി ഈ കത്തും, പണവും പൊതിചോറിനൊപ്പം ചേർത്തുവെച്ചത്.

തന്റെ പൊതിച്ചോർ ആര്‍ക്കാണ് കിട്ടുക എന്ന് അറിയാൻ സാധിക്കില്ലെങ്കിലും, നല്ലൊരു വാക്കിലൂടെ കുറച്ച് ആശ്വാസം നൽകാൻ സാധിക്കുമെങ്കിൽ അത് ചെയ്യണമെന്നായിരുന്നു ആഗ്രഹം എന്നായിരുന്നു രാജിഷ പറഞ്ഞത്. തുടര്‍ന്ന് ഡിവൈഎഫ്‌ഐ നേതാവായ സജീഷും പാർട്ടി പ്രവര്‍ത്തകരും രാജിഷയുടെ വീട്ടിൽ എത്തി മകളായ ഹൃദ്യക്ക് പിറന്നാള്‍ സമ്മാനം നൽകുകയും, കേക്ക് മുറിച്ച് സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു. അമ്മയ്ക്കും, മകൾക്കും എല്ലാവിധ നന്മകളും ആശംസിച്ചുകൊണ്ട് നിരവധിപേരാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആശംസയുമായി എത്തിയത്.