ഭർത്താവിന്റെ സമ്മതത്തോടെ യൂട്യൂബ് വീഡിയോ നോക്കി സ്വയം പ്രസവമെടുത്തു; കുട്ടി മരണപ്പെട്ടു, യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ.

നമ്മൾ നിത്യജീവിതത്തിൽ അശ്രദ്ധയോടെ ചെയ്യുന്ന ചെറിയ കാര്യങ്ങൾപോലും ചിലപ്പോൾ നമുക്ക് തന്നെ വലിയ ഗുരുതരമായ അപകടങ്ങളായി മാറാറുണ്ട്. ഇത്തരത്തിലുള്ള ചില കാര്യങ്ങൾ നമ്മുടെ ജീവനെ തന്നെ ബാധിച്ചേക്കാം.

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സങ്കീർണ്ണമായ ഒരു കാലഘട്ടം ആയിരിക്കും ഗർഭിണിയായിരിക്കുന്ന സമയമെന്നത്. അതുപോലെ തന്നെ ഏറ്റവും അപകടമുള്ള ഒരു കാര്യം തന്നെയാണ് പ്രസവം എന്നത്. കുടുംബ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിൽ ഒന്നാണ് ഒരു കുഞ്ഞ് ജനിക്കുക എന്നതെങ്കിലും പ്രസവ സമയത്ത് ഉണ്ടാകുന്ന ചെറിയ ഒരു കൈപ്പിഴ പോലും രണ്ട് ജീവനുകൾ ഇല്ലാതാക്കാൻ പോന്നതാണ്.

ഇപ്പോൾ തമിഴ്നാട്ടിൽ ഇത്തരത്തിൽ ഒരു സംഭവം അരങ്ങേറിയിരിക്കുകയാണ്. യൂട്യൂബ് വീഡിയോ നോക്കി അശാസ്ത്രീയമായ രീതിയിൽ പ്രസവമെടുക്കാൻ നോക്കിയപ്പോൾ കുഞ്ഞിന്റെ ജീവനാണ് നഷ്ടമായത്. അമ്മയായ യുവതിയെ അതീവ ഗുരുതരാവസ്ഥയിൽ ഇപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തമിഴ്‌നാട്ടിലെ നെടുമ്ബുളി എന്ന ഗ്രാമത്തിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 28 വയസ്സുള്ള ഗോമതി എന്ന യുവതിയാണ് യൂട്യൂബ് വീഡിയോ കണ്ട് സ്വന്തം പ്രസവമെടുക്കാൻ ശ്രമിച്ചത്. നിലവിൽ ഗോമതി വെല്ലൂരിലെ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഭർത്താവിന്റെ അനുമതിയോട് കൂടെയായിരുന്നു യുവതി ഇത്തരത്തിലൊരു സാഹസത്തിന് മുതിർന്നത്.

ഡിസംബർ 13 നായിരുന്നു ഗോമതിയുടെ പ്രസവ തീയതിയായി ഡോക്ടർമാർ വിലയിരുത്തിയിരുന്നത്. എന്നാൽ അന്നേദിവസം പ്രസവവേദന ഉണ്ടാകാത്തതിനാൽ ഗോമതി ആശുപത്രിയിൽ പോയിട്ടില്ല. അതുകഴിഞ്ഞുള്ള ദിവസങ്ങളിലും യുവതി സ്വന്തം വീട്ടിൽ തന്നെ വിശ്രമിക്കുകയായിരുന്നു. പക്ഷേ ശനിയാഴ്ചയോടെ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും ചെയ്തു.

എന്നാൽ ആശുപത്രിയിൽ ചെന്ന് ചികിത്സ തേടാതെ യൂട്യൂബലെ പ്രസവ വീഡിയോ കണ്ട് പ്രസവിക്കാനായിരുന്നു ഗോമതിയും, ഭർത്താവ് ലോകനാഥനും തീരുമാനിച്ചത്. തുടർന്ന് ഇത്തരത്തിൽ അശാസ്ത്രീയ മാർഗങ്ങൾ ഉപയോഗിച്ച് പ്രസവം നടത്തിയതിന് പിന്നാലെ ജനിച്ച ഉടൻതന്നെ കുഞ്ഞ് മരണപ്പെടുകയും, ഗോമതി ബോധരഹിതയാവുകയും ചെയ്യുകയായിരുന്നു.

പിന്നീടാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഈ സംഭവത്തിൽ ഗോമതിയുടെ ഭര്‍ത്താവായ ലോകനാഥനെ ഇപ്പോൾ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിന് വേണ്ടി സംസ്ഥാന ആരോഗ്യവകുപ്പും ഉത്തരവിട്ടിട്ടുണ്ട്.