എല്ലാ നാട്ടിലും കാണുന്ന ഒരു സ്ഥിരം കാഴ്ചയാണ് അയൽക്കാർ തമ്മിലുള്ള ചെറിയ ചെറിയ വാക്ക്തർക്കങ്ങൾ. എന്നാൽ ഇത്തരത്തിൽ വാക്ക്തർക്കങ്ങൾ പല സാഹചര്യങ്ങളിൽ പരസ്പരമുള്ള കൈയേറ്റങ്ങളിലേക്കും മറ്റും എത്താറുണ്ട്. ഇത് രണ്ടുകൂട്ടരുടെയും പലപ്പോഴും ദോഷകരമായി ബാധിക്കാറുണ്ട്.
ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഒരുപക്ഷേ നമ്മൾ പലരും നമ്മുടെ നാട്ടിലോ, അല്ലെങ്കിൽ സോഷ്യൽ മീഡിയയിലൂടെയും, വാർത്തകളുടെയുമെല്ലാം കണ്ടിട്ടുണ്ടാവും. ഇത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആയിരിക്കുന്നത്.
വളർത്തുനായക്ക് അയൽക്കാരിയുടെ പേരിട്ടു എന്ന കാരണത്താൽ യുവതിയെ അയൽക്കാർ എല്ലാവരും ചേർന്ന് തീകൊളുത്തി അപകടപ്പെടുത്താൻ ശ്രമിച്ചിരിക്കുകയാണ്. ഗുജറാത്തിലെ ഭാവ്നഗറിലാണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ ചികിത്സക്ക് വിധേയമാക്കിയിരിക്കുകയാണ്.
നീതാബെന്‍ സര്‍വ്വയ്യ എന്ന യുവതിയാണ് അയല്‍വാസികളുടെ ഈ ക്രൂരതയ്ക്ക് ഇരയായത്. തന്റെ വീട്ടിലെ വളര്‍ത്തുനായയ്ക്ക് സോനു എന്നാണ് നീതാബെന്‍ പേരിട്ടത്. ഇവരുടെ അയല്‍വാസിയായ യുവതിയുടെ പേരും സോനു എന്നായിരുന്നു. പട്ടിക്ക് ഈ പേര് ഇട്ടതിനെ തുടർന്ന് ഇരുവരും തമ്മിൽ നേരത്തെ തന്നെ പല പ്രശ്നങ്ങളും ഉണ്ടായിരുന്നു.
തുടർന്ന് നീതാബെന്നിന്റെ ഭര്‍ത്താവ് അവരുടെ രണ്ട് മക്കളെയും കൂട്ടി എന്തോ ആവശ്യത്തിന് പുറത്തുപോയ സമയം നോക്കിയാണ് അയല്‍വാസിയായ യുവതിയുടെ ഭർത്താവായ സുരഭായ് ബര്‍വാദും, വേറെ അഞ്ച് അയൽവാസികളും നീതാബെന്നിന്റെ വീട്ടിലെത്തി ആക്രമണം നടത്തിയത്. വീട്ടിലേക്ക് അതിക്രമിച്ചുകയറിയ ഇയാൾ തന്റെ ഭാര്യയുടെ പേര് പട്ടിക്ക് ഇട്ടതിനെചൊല്ലി നീതാബെന്നിനോട് കയർത്തു സംസാരിച്ചു.
എന്നാൽ ഇയാളുമായി സംസാരിക്കാൻ താൽപര്യം പ്രകടിപ്പിക്കാതെ നീതാബെന്‍ അടുക്കളയിലേക്ക് കേറിപോയി. ഇതിൽ പ്രകോപിതനായ ഇയാളും, ഒപ്പമുണ്ടായിരുന്ന ആളുകളും നീതാബെനിന്റെ പിന്നാലെ പോയി ബലപ്രയോഗം നടത്തി യുവതിയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു.
യുവതിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ വീട്ടിലേക്ക് ഓടിയെത്തുകയും, അവിടെയുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റും ഉപയോഗിച്ച് തീ കെടുത്തിയ ശേഷം യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ആറുപേർക്കെതിരെ അതിക്രമിച്ച് കടക്കല്‍, കൊലപാതകശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസെടുത്തു.