കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ഇന്ത്യയിൽ സ്ഥിരീകരിച്ചതോടെ പൊതുജനങ്ങളെല്ലാം തന്നെ വളരെ ആശങ്കയിലാണ്. കോവിഡ് വ്യാപനം വരുത്തിവെച്ച സാമ്പത്തിക പ്രതിസന്ധി മൂലം ജനജീവിതം വളരെയധികം ദുഷ്കരമായിരിക്കുന്ന ഈ ഒരു സാഹചര്യത്തിൽ പുതിയ വകഭേദം ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ ജനങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും.
ഇത്തരത്തിലൊരു സാഹചര്യം നിലനിൽക്കുമ്പോൾ തന്നെ ഇന്ത്യ മൂന്നാം തരംഗം നേരിടാൻ മുൻകരുതലുകൾ സ്വീകരിക്കണം എന്നാണ് ഇപ്പോൾ ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
എന്നാൽ കോവിഡിന്റെ മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ മൂലം ഉണ്ടായേക്കാവുന്ന മരണ സാധ്യത വളരെ കുറവാണെന്നാണ് ആരോഗ്യ വിദഗ്ധൻ ഡോ.വികാസ് ഭാട്ടിയ പ്രസ്താവിച്ചിരിക്കുന്നത്. മുപ്പതോളം രാജ്യങ്ങളിലായി വളരെ കുറച്ച് ആളുകൾക്ക് മാത്രമാണ് ഇപ്പോള്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്.
അതുകൊണ്ട് തന്നെ ഈ ഒരു സാഹചര്യത്തിൽ ഒമിക്രോൺ വകഭേദത്തെ കുറിച്ച് കൂടുതൽ ഒന്നും പറയാനാവുകയില്ലെന്നും, ഒമിക്രോണിനെ കുറിച്ചുള്ള കൂടുതല്‍ പഠനങ്ങൾ നടത്തേണ്ടതായിട്ടുണ്ട് എന്നുമാണ് ഡോ.വികാസ് ഭാട്ടിയ പറഞ്ഞത്.
നിലവിലെ റിപ്പോർട്ടുകൾ പരിശോധിക്കുകയാണെങ്കിൽ ഒമിക്രോൺ ബാധിച്ച് മരണം സംഭവിക്കാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓൾ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആണ് ഡോ.വികാസ് ഭാട്ടിയ.
മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ഒമിക്രോൺ ബാധിതനായാൽ രോഗലക്ഷണങ്ങൾ കാണിക്കുന്നതിനുള്ള സമയം കൂടുതലാണ്. എന്നാൽ വളരെ പെട്ടെന്ന് തന്നെ കൂടുതൽ ആളുകളിലേക്ക് ഇത് പകരുന്നതാണ്.
പക്ഷെ ഒമിക്രോൺ ബാധിച്ചുള്ള മരണ സാധ്യത വളരെ കുറവായിരിക്കും. ഈ സാഹചര്യത്തിൽ ഇനിയും രണ്ട് ഡോസ് വാക്സിൻ ലഭിക്കാത്ത ജനങ്ങൾക്ക് എത്രയും പെട്ടെന്ന് തന്നെ വാക്സിനേഷൻ ലഭ്യത ഉറപ്പുവരുത്താനുള്ള നടപടികൾ ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും നടപ്പിലാക്കി വരുന്നുണ്ട്.