അനിയത്തിക്കും മുൻപേ കല്യാണം കഴിച്ചു; വീട്ടുകാരുടെ കുറ്റപ്പെടുത്തൽ താങ്ങാൻ വയ്യാതെ യുവാവ് ആത്മഹത്യ ചെയ്തു.

പ്രണയിച്ച് വിവാഹം കഴിച്ചതുകൊണ്ട് സമൂഹത്തിൽ നിന്നും വളരെയധികം ദുരിതപൂർണ്ണമായ അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള ദമ്പതികളുടെ അനുഭവ കഥകളും മറ്റും നമ്മൾ സോഷ്യൽ മീഡിയകളിലൂടെയും, വാർത്തകളിലൂടെയുമെല്ലാം കണ്ടിട്ടുണ്ടാകും. വിവാഹം എന്നത് ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം ആണെന്ന് പലരും പറയാറുണ്ടെങ്കിലും എന്നാൽ ഇന്നത്തെ കാലത്തും സമൂഹം ഒരാളുടെ വ്യക്തിപരമായ പല കാര്യങ്ങളിലും വലിയ രീതിയിലുള്ള സ്വാധീനം ചെലുത്തുന്നുണ്ട്. ഒട്ടുമിക്കസ്ഥലങ്ങളിലും നിലവിലുള്ള ഒരു ‘നാട്ടുനടപ്പാണ്’ വീട്ടിൽ മക്കളായി ആൺകുട്ടിയും, പെൺകുട്ടിയും ഉണ്ടെങ്കിൽ പെൺകുട്ടിയുടെ കല്യാണത്തിന് ശേഷം മാത്രമേ ആൺകുട്ടി കല്യാണം കഴിക്കാൻ പാടുള്ളൂ എന്നത്. ഇനി ഇത് നേരെ തിരിച്ചാണെങ്കിൽ ഒരു നൂറുകൂട്ടം ചോദ്യങ്ങളുമായി നാട്ടുകാർ ആ വീട്ടുകാരെ സമീപിക്കുമെന്ന കാര്യത്തിൽ യാതൊരു തർക്കവും ഉണ്ടാവുകയില്ല. നമ്മളിൽ പലർക്കെങ്കിലും ഇത്തരത്തിലുള്ള നാട്ടുകാരുടെയോ, ബന്ധുക്കളുടെയോ ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടാവും. ഈയൊരു സാഹചര്യത്തിന്റെ ഏറ്റവും ഭയാനകരമായ ഒരു വശമാണ് ഇപ്പോൾ തമിഴ്നാട്ടിൽ അരങ്ങേയിരിക്കുന്നത്. അനിയത്തിക്കും മുൻപേ കല്യാണം കഴിച്ചു എന്ന കാരണം കൊണ്ട് യുവാവിന് ആത്മഹത്യ ചെയ്യേണ്ട അവസ്ഥയാണ് വന്നത്. യുവാവിനെ മരണത്തിന് പിന്നാലെ ഭാര്യയും ഭർത്താവിന്റെ മരണത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിൽ മധുരയിലെ അവണിയാപുരത്താണ് സംഭവം നടന്നത്. 23 വയസ്സുള്ള  പ്രസാദ് എന്ന യുവാവാണ് വീട്ടുകാരുടെയും, ബന്ധുക്കളുടെയുമെല്ലാം കുറ്റപ്പെടുത്തലും, പരിഹാസവും സഹിക്കാൻ വയ്യാതെ ആത്മഹത്യ ചെയ്തത്. ഒന്നരവർഷം മുമ്പ് മുമ്പാണ് പ്രസാദിന്റെയും, മുത്തുമാരിയുടെയും വിവാഹം കഴിഞ്ഞത്. രണ്ടുപേരുടെയും കുടുംബങ്ങൾ ഈ വിവാഹത്തിന് എതിരായിരുന്നു. അതുകൊണ്ടുതന്നെ വിവാഹത്തിന് ശേഷം ഇരുവരും വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഇവർക്ക് അഞ്ച് മാസം പ്രായമുള്ള ഒരു കുഞ്ഞുമുണ്ട്. കുറച്ചുദിവസം മുമ്പ് സ്വന്തം വീട്ടിലേക്ക് പോകേണ്ടി വന്ന പ്രസാദിന് അവിടെവെച്ച്  വീട്ടുകാരുടെയും, ബന്ധുക്കളുടെയുമെല്ലാം കുറ്റപ്പെടുത്തലുകളും, പരിഹാസവും നേരിടേണ്ടിവന്നു. തുടർന്ന് വിഷമം സഹിക്കാൻ വയ്യാതെ പ്രസാദ് മുറിയിൽ തൂങ്ങി മരിക്കുകയായിരുന്നു. പ്രസാദിന്റെ മരണശേഷം മുത്തുമാരിയും കുഞ്ഞും മുത്തുമാരിയുടെ വീട്ടിലേക്ക് പോയിരുന്നു. പ്രസാദിനെ മരണം ഉൾക്കൊള്ളാൻ കഴിയാതെ കടുത്ത മാനസിക സംഘർഷത്തിലൂടെയായിരുന്നു മുത്തുമാരി കടന്ന്പോയത്. തുടർന്ന് കഴിഞ്ഞ ദിവസം പ്രസാദിന്റെ ഷർട്ട് ധരിച്ച് പോക്കറ്റിൽ പ്രസാദിന്റെ ഫോട്ടോയും വെച്ചുകൊണ്ട് മുത്തുമാരിയും വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നു.