സൂപ്പർ ഗ്ലൂ , ഫെവി ക്യുക്ക് എന്നിങ്ങനെയുള്ള ബലം കൂടിയ പശകൾ നമ്മൾ ഓരോരുത്തരും ഉപയോഗിക്കുന്നതാണ്. ഇത്തരം ബലം കൂടിയ പശകൾ ഉപയോഗിക്കുമ്പോൾ അബദ്ധത്തിൽ ശരീരത്തിലെ തൊലി തമ്മിലോ ഡ്രസ്സും ശരീരവും തമ്മിലോ ഒട്ടിക്കഴിഞ്ഞാൽ എന്ത് സംഭവിക്കും എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?. നമ്മൾ ബലമായി വേർപ്പെടുത്താൻ ശ്രമിച്ചാൽ തൊലി പൊട്ടി മുറിവ് ഉണ്ടാകുവാനുള്ള സാധ്യതകൾ കൂടുതലാണ്. ഇത്തരം പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ എങ്ങനെ എളുപ്പത്തിൽ വേർപ്പെടുത്തി എടുക്കാം എന്നതാണ് ഇവിടെ പറയുന്നത്.
ഇത്തരം ബലം കൂടിയ പശകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ചെറിയ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ തന്നെ ഭൂരിഭാഗം അബദ്ധങ്ങളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുന്നതാണ്. അതിലൊന്നാണ് സൂപ്പർ ഗ്ലുവിന്റെ ബോട്ടിലിൽ ഓട്ട തുളക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം. സൂപ്പർ ഗ്ലുവിന്റെ അടപ്പിൽ തന്നെ ഒരു മുനയുള്ള ഭാഗം ഉണ്ടാകും, അതുമല്ലെങ്കിൽ അതിനൊപ്പം ലഭിക്കുന്ന സൂചി ഉപയോഗിച്ച് കൊണ്ട് മാത്രം ഓട്ട തുളക്കുക. ഓട്ട ഇടുന്ന സമയത്ത് സൂപ്പർ ഗ്ലുവിന്റെ മുൻ വശം നമ്മുടെ നേരെ കാണിക്കാതെ നേരെ എതിർദിശയിലേക്ക് പിടിക്കുക. ഇങ്ങനെ എതിർദിശയിലേക്ക് പിടിച്ച് ഓട്ട തുളക്കുന്നത് കൊണ്ട് നമ്മുടെ നേരെ പശ തെറിക്കാൻ ഉള്ള സാധ്യത വളരെ കുറവാണ്.
ഫ്ലെക്സ് ക്യുക്ക് പോലുള്ള വലിയ ബോട്ടിലിൽ വരുന്ന ബലം കൂടിയ പശകൾ കൈകാര്യം ചെയ്യുമ്പോഴും ഒരു മുൻകരുതൽ നല്ലതാണ്. ഇത്തരം ബോട്ടിലുകൾ ഒരു കാരണവശാലും അമർത്തി പിടിച്ച്കൊണ്ട് അടപ്പ് പൊട്ടിക്കാൻ ശ്രമികരുത്.
ഇത്തരം പശകൾ ശരീരത്തിൽ ആയാൽ എന്ത് ചെയ്യണമെന്നാണ് ഇനി പറയുന്നത്. കണ്ണ് വായ തുടങ്ങിയ വളരെ മൃദുലമായ ഭാഗങ്ങളിൽ പശ ആയാൽ ആദ്യം ചെയ്യേണ്ടത് പച്ചവെള്ളം കൊണ്ട് നന്നായി കഴുകുക, ശേഷം എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടേണ്ടതാണ്. മറ്റു ശരീര ഭാഗങ്ങളിൽ പശ ആവുകയാണെങ്കിൽ ഇവിടെ പറയുന്ന മാർഗ്ഗങ്ങൾ ഉപയോഗിക്കാവുന്നതാണ്.
ഉദാഹരണത്തിന് നിങ്ങളുടെ രണ്ടു വിരലുകൾ ആണ് സൂപ്പർ ഗ്ലു ഉപയോഗിച്ചുകൊണ്ട് ഒട്ടിയത് എങ്കിൽ ആദ്യം നിങ്ങളുടെ ഒട്ടിയ വിരലുകൾ ഒരു പാത്രം വെള്ളത്തിൽ രണ്ടു മിനിറ്റു നേരം മുക്കിവയ്ക്കുക. രണ്ട് മിനിറ്റിനുശേഷം നഖത്തിന് നിറം കൊടുക്കാൻ ഉപയോഗിക്കുന്ന നെയിൽ പോളിഷ് കളയാൻ ഉപയോഗിക്കുന്ന നെയിൽ പോളിഷ് റിമൂവൽ മിശ്രിതം എടുക്കുക.
ഈ നെയിൽ പോളിഷ് റിമൂവൽ മിശ്രിതം ഇയർ ബഡ്സ് ഉപയോഗിച്ചുകൊണ്ട് സൂപ്പർ ഗ്ലൂ ആയ ഭാഗത്ത് നന്നായി തേച്ചു പിടിപ്പിക്കുക. ഇങ്ങനെ നെയിൽ പോളിഷ് റിമൂവൽ തേക്കുന്ന സമയത്ത് സൂപ്പർ ഗ്ലൂ പതിയെ വേർതിരിഞ്ഞ് വരുന്നത് കാണാൻ കഴിയും. ഇതിന് അനുസരിച്ച് വീണ്ടും വീണ്ടും നെയിൽ പോളിഷ് റിമൂവർ മിശ്രിതം പുരട്ടാൻ ശ്രമിക്കുക. ക്ഷമയോടുകൂടി ചെയ്യുവാനും ശ്രദ്ധിക്കുക. കുട്ടികളുടെ വിരലിലാണ് സൂപ്പർ ഗ്ലൂ ആയത് എങ്കിൽ വളരെ പതിയെ മാത്രമേ വേർതിരിച്ചെടുക്കാൻ ശ്രമിക്കുക. ഒട്ടിയ ഭാഗങ്ങൾ വേർപെട്ട് കിട്ടിയതിനുശേഷം ശരീരത്തിൽ അവശേഷിക്കുന്ന സൂപ്പർ ഗ്ലൂ നെയിൽ പോളിഷ് റിമൂവൽ മിശ്രിതം ഉപയോഗിച്ചുകൊണ്ട് തന്നെ കളയാവുന്നതാണ്.