എല്ലാ ലോകരാജ്യങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായുള്ള ഭരണരീതിയും, ജന ജീവിതവുമാണ് ഉത്തര കൊറിയയിൽ ഉള്ളതെന്ന കാര്യം നമ്മളിൽ ഒരുവിധം എല്ലാവർക്കും അറിയാവുന്നതാണ്. മറ്റു രാജ്യങ്ങളിൽ ജീവിക്കുന്ന ജനങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ജീവിത ശൈലിയിലാണ് ഉത്തരകൊറിയയിലെ ജനങ്ങൾ ജീവിച്ചുപോകുന്നത്.
പൊതുജനങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള യാതൊരു തരത്തിലുള്ള വിനോദപരിപാടികളും, സിനിമകളും കാണുന്നത് ഉത്തര കൊറിയയിൽ കർശനമായി നിരോധിച്ചതും, പിടിക്കപ്പെട്ടാൽ വധ ശിക്ഷ വരെ ലഭിക്കുന്നതുമായ വലിയ ഒരു കുറ്റവുമാണ്.
ഈയടുത്തായി നെറ്റ്ഫ്ലിക്സിന്റെ ദക്ഷിണ കൊറിയൻ സീരീസായ സ്ക്വിഡ് ഗെയിമിന്റെ വ്യാജ പതിപ്പുകൾ അനധികൃതമായി ഉത്തര കൊറിയയിലേക്ക് കടത്തിയതിനെ തുടർന്ന് യുവാവിനെ വധശിക്ഷക്ക് വിധിച്ച സംഭവം ലോകവ്യാപകമായി വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു.
ഇപ്പോൾ ദക്ഷിണ കൊറിയൻ സിനിമ കണ്ടു എന്ന കാരണത്താൽ ഉത്തരകൊറിയന്‍ അധികൃതര്‍ വിദ്യാർത്ഥിക്ക് 14 വർഷം കഠിന തടവ് വിധിച്ചിരിക്കുകയാണ്. കിം ഹ്യോങ് ജിന്‍ എന്ന ദക്ഷിണ കൊറിയന്‍ സംവിധായകന്റെ ‘ദ അങ്കിള്‍’ എന്ന സിനിമ കണ്ടതിനാണ് 14 വയസ്സുള്ള കൗമാരക്കാരന് തടവ് ശിക്ഷക്ക് വിധിച്ചത്.
സിനിമയുടെ വെറും 5 മിനിറ്റ് മാത്രം ദൈർഘ്യം വരുന്ന ഭാഗങ്ങളാണ് കുട്ടി കണ്ടത്. കഠിന തടവിന് പുറമേ കൃഷിസ്ഥലങ്ങൾ, ഖനികള്‍ എന്നിങ്ങനെയുള്ള സ്ഥലങ്ങളിലെ ജോലികൾ നിർബന്ധമായി ചെയ്യിക്കുന്ന ശിക്ഷ നടപടിയും കുട്ടിക്ക് അധികൃതർ വിധിച്ചിട്ടുണ്ട്.
ഉത്തര കൊറിയയിലെ നിയമ സംവിധാനങ്ങൾ അനുസരിച്ച് കുട്ടിയുടെ ശിക്ഷക്ക് പുറമെ കുട്ടിയുടെ രക്ഷിതാക്കൾക്കും ഇതുമായി ബന്ധപ്പെട്ട് ശിക്ഷാ നടപടകൾ ഉണ്ടാകുമോ എന്ന കാര്യം വരും ദിവസങ്ങളിൽ വ്യക്തമാകുന്നതായിരിക്കും. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പുറം രാജ്യങ്ങളില്‍ നിന്നുമുള്ള സിനിമകളും, പുസ്തകങ്ങളും, പാട്ടുകളുമെല്ലാം ഉത്തര കൊറിയയിൽ ഇറക്കുമതി ചെയ്ത് പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ് എന്ന നിയമം പാസാക്കുന്നത്.