നിർധന വിദ്യാർത്ഥികളുടെ പഠന ആവശ്യങ്ങൾക്കായി പ്രതിമാസം ധനസഹായം നൽകുന്ന പദ്ധതിയാണ് സാമൂഹ്യ സുരക്ഷാ മിഷന്റെ സ്നേഹപൂർവ്വം പദ്ധതി. ഈ പദ്ധതിയിലൂടെ സ്കൂൾ കോളേജ് ബിരുദ വിദ്യാർത്ഥികൾക്ക് 12,000 രൂപ വരെ ധനസഹായം ലഭിക്കുന്നതാണ്.
മാതാപിതാക്കളിൽ ഒരാൾ മരിച്ചതോ അല്ലെങ്കിൽ രണ്ടുപേരും മരിച്ചതോ അല്ലെങ്കിൽ നിർധനരോ ആയ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ഈ പദ്ധതിയിൽ ചേർന്ന് ഈ പദ്ധതിയുടെ ആനുകൂല്യം സ്വീകരിക്കാൻ സാധിക്കുക.
നിലവിൽ ഈ പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റുന്ന വിദ്യാർത്ഥികൾ അടുത്തവർഷം ഈ പദ്ധതിയുടെ ആനുകൂല്യം ഉറപ്പുവരുത്താനായി പഠിക്കുന്ന വിദ്യാലയങ്ങളിലെ മേലധികാരിയുടെ സാക്ഷ്യത്തോടുകൂടി വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. നിർധനരായ വിദ്യാർത്ഥികളിൽ ബിപിഎൽ റേഷൻ കാർഡ് ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
റേഷൻ കാർഡ് എപിഎൽ ആണെങ്കിൽ ഗ്രാമ പരിധിയിൽ 20,000 രൂപയും നഗരപരിധിയിൽ 22,325 രൂപയും ആയിരിക്കണം പരമാവധി വാർഷിക വരുമാനം. ഈ വരുമാനമുള്ള എപിഎൽ റേഷൻ കാർഡിൽ ഉൾപ്പെട്ട വിദ്യാർഥികൾക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
ഈ പദ്ധതിയിലൂടെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന തുക യഥാക്രമം ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെ 300 രൂപയും ആറാം ക്ലാസ് മുതൽ പത്താം ക്ലാസ്സ് വരെ 500 രൂപയും 11, 12 ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് 750 രൂപയും കോളേജ് ബിരുദ വിദ്യാർത്ഥികൾക്ക് ആയിരം രൂപയുമാണ് പ്രതിമാസം ലഭിക്കുക. വിദ്യാർഥികൾക്ക് നേരിട്ട് ഈ പദ്ധതിയിൽ ചേരാൻ സാധിക്കുകയില്ല.
പഠിക്കുന്ന സ്ഥാപനത്തിന്റെ സ്ഥാപനമേധാവി വിദ്യാർഥിയുടെ ബന്ധപ്പെട്ട രേഖകൾ പരിശോധിച്ച് സാമൂഹ്യ സുരക്ഷാ മിഷന്റെ വെബ്സൈറ്റിൽ പദ്ധതിക്കായി അപേക്ഷിക്കാവുന്നതാണ്. 2021 വർഷത്തേക്കുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മുൻപ് ഒക്ടോബർ 31 ആയി നിശ്ചയിച്ചിരുന്നു. എന്നാൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ തീയതി ഡിസംബർ 31 വരെ അപേക്ഷിക്കാവുന്ന തരത്തിൽ നീട്ടിയിട്ടുണ്ട്.