തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് ഒരു അതിവേഗ ട്രെയിൻ യാത്ര. സിൽവർ ലൈൻ യാത്ര. കഴിഞ്ഞ മന്ത്രിസഭ അംഗീകരിച്ച സിൽവർ ലൈൻ റെയിൽ പദ്ധതി യാഥാർഥ്യമാകാൻ അഞ്ചുവർഷം എടുക്കും. തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടേക്ക് സാധാരണഗതിയിൽ എക്സ്പ്രസ് ട്രെയിനിലാണ് സഞ്ചരിക്കുന്നതെങ്കിൽ പതിമൂന്നര മണിക്കൂറാണ് എടുക്കുക. എന്നാൽ കെഎസ്ആർടിസി ബസ്സിൽ പന്ത്രണ്ടര മണിക്കൂറാണ് എടുക്കുക. അതേ സമയം സിൽവർ ലൈൻ പദ്ധതി യാഥാർഥ്യമാകുന്നതോടെ കൂടി നാല് മണിക്കൂർ കൊണ്ട് ഈ യാത്ര അവസാനിക്കും.
ഒരു കിലോമീറ്ററിന് രണ്ടേമുക്കാൽ രൂപ എന്ന നിരക്കിൽ 1457 രൂപയാണ് ടിക്കറ്റ് ചാർജ്. ഒരേസമയം 645 പേർക്ക് ഈ തീവണ്ടിയിൽ യാത്ര ചെയ്യാൻ സാധിക്കും. 200 കിലോമീറ്റർ വേഗതയാണ് നിലവിൽ പരമാവധി നിശ്ചയിച്ചിരിക്കുന്നത്. 15 ബോഗികളാണ് ഇതിൽ ഉള്ളത്. അതിൽ ഒരു ബോഗിയിൽ 75 പേർക്ക് സഞ്ചരിക്കാം.
തീവണ്ടിയുടെ പൂർണ്ണ പ്രവർത്തനം സൗരോർജം ഉപയോഗിച്ച് ആയിരിക്കും. 63941 കോടി രൂപയാണ് ഈ പദ്ധതിക്ക് വേണ്ടി ചിലവാക്കുന്നത്. ചിലവ് നോക്കുമ്പോൾ മൊത്തം 35,000 കോടി രൂപ കമ്പോളത്തിൽ നിന്ന് വായ്പ എടുക്കേണ്ടിവരും. ഭൂമിക്ക് മാത്രം 8656 കോടി രൂപ ചിലവാകും. സർക്കാരിന്റെ ഓഹരിയായി 3256 കോടി രൂപയുണ്ടാകും. റെയിൽവേ ഓഹരി 2150 കോടി രൂപയും, ജനങ്ങളുടെ ഓഹരി 4152 കോടി രൂപയും.
മൊത്തം 11 ജില്ലകളിൽ കൂടെയാണ് സിൽവർലൈൻ തീവണ്ടി സഞ്ചരിക്കുക. തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് 55 കിലോമീറ്ററാണ് ദൂരം. പക്ഷേ 24 മിനിറ്റ് കൊണ്ട് യാത്ര പൂർത്തിയാക്കാൻ കഴിയും. ചെങ്ങന്നൂരിലേക്ക് 109 കിലോമീറ്റർ ഉണ്ട്. എന്നാൽ തിരുവനന്തപുരത്ത് നിന്ന് ചെങ്ങന്നൂരിലേക്ക് ആകെ എടുക്കുന്ന സമയം 48 മിനിറ്റാണ്. അതേസമയം 149 കിലോമീറ്റർ നീളുന്ന കോട്ടയത്തേക്ക് ഒരു മണിക്കൂർ മൂന്നുമിനിറ്റ് കൊണ്ട് എത്തുന്നതാണ്. എറണാകുളത്തേക്ക് ഒരു മണിക്കൂർ 25 മിനിറ്റ് കൊണ്ട് എത്തും. തൃശ്ശൂരിലേക്ക് 259 കിലോമീറ്റർ ദൂരം ഉണ്ടെങ്കിലും ഒരു മണിക്കൂർ 54 മിനിറ്റിൽ എത്തിച്ചേരുവാൻ സാധിക്കും.
സിൽവർ ലൈൻ വെള്ളിയാണ്, വെളിച്ചമാണ് ശുഭപ്രതീക്ഷയാണ്. കേരളം മാറുന്നതിന്റെ സൂചന കൂടിയാണ്. അഞ്ച് വർഷത്തിനുശേഷം പഴയ കേരളം ആകില്ല പുതിയ കേരളം.