പെണ്ണ് കാണാൻ വന്ന ചെറുക്കനും കൂട്ടുകാരനും നിരാശരായി മടങ്ങിപ്പോയി. അപ്പഴേ താൻ പറഞ്ഞതാണ്, തനിക്ക് കല്യാണം വേണ്ടാ വേണ്ടാന്ന്…. ഒടുവിൽ കടുംകൈ തന്നെ ചെയ്തു, ചെറുക്കനോനോട് തുറന്നു പറഞ്ഞു തനിക്കിഷ്ടമില്ലാന്ന്…
വിവാഹത്തെക്കുറിച്ച് ഓർക്കുമ്പോൾ തന്നെ മനസ് എരിയുകയാണ്. 23 വയസല്ലേ ആയുള്ളൂ. എന്തിനാ ഇത്ര നേരത്തെ … എങ്ങനെയെങ്കിലും തന്നെ ഒരുത്തൻ്റെ തലയിൽ കെട്ടിവച്ച് ഭാരം ഒഴിക്കാനുള്ള തത്രപ്പാടിലാണ് വീട്ടുകാർ .. താൻ എന്ത് തെറ്റ് ചെയ്തിട്ടാണ് ഇങ്ങനെ …? മറ്റ് പെൺകുട്ടികളെപ്പോലെ ഊരുചുറ്റാനോ, പുരുഷൻമാരോട് സംസാരിക്കാനോ താൻ പോകാറുണ്ടോ? ഫെയ്സ് ബുക്കോ ചാറ്റിംഗോ ഉണ്ടോ? മൂത്ത ചേട്ടനോടും ഇളയ അനിയനോടു മല്ലാതെ ആരോടെങ്കിലും സംസാരിക്കാറുണ്ടോ? ചില ദിവസങ്ങളിൽ താൻ കാണാറുള്ള പുരുഷൻമാർ ഇവർ മാത്രമാണ്.
എപ്പോഴും മുറിയിലിരുന്ന് സ്വപ്നം കാണും. പുറത്തേക്കൊന്നും പോകാറില്ല. ചിലപ്പോൾ നട്ടുനനച്ച് വളർത്തിയ ചെടികളോട് കാര്യം പറഞ്ഞിരിക്കും. ആർക്കുമൊരു ശല്യവുമില്ല. മൂത്ത ചേട്ടൻ വന്നെന്നു തോന്നുന്നു. കട്ടിലിൽ കയറി കമിഴ്ന്ന് കിടന്നു. ഇപ്പോൾ മുറിയിൽ കയറി വന്ന് ശകാരം തുടങ്ങും. അടിക്കുകയൊന്നുമില്ല. നല്ല സ്നേഹമാണ്. ഓ! സ്നേഹമൊന്നുമില്ല. ഉണ്ടെങ്കിൽ ബാധ്യതയൊഴിപ്പിച്ചു വിടാ ഇങ്ങനെ ബദ്ധപ്പെടുമോ? അനിയത്തിയെ സ്നേഹിച്ച് സ്നേഹിച്ച് ജീവിത കാലം മുഴുവൻ കൂടെ നിർത്തില്ലേ?
ഇവൾക്ക് എന്തിൻ്റെ കേടാണ് ..? ആരെയെങ്കിലും ഇഷ്ടമാണെങ്കിൽ അതു പറഞ്ഞുകൂടേ? ഞാൻ നടത്തിക്കൊടുക്കുമല്ലോ. മൂത്ത ചേട്ടൻ ഉച്ചത്തിൽ ശകാരിക്കുകയാണ്.
ചേട്ടൻ മുറിയിലേക്ക് വന്നു. ഹൃദ്യേ.. എന്താണ് നിൻ്റെ പ്രശ്നം? എനിക്ക് ഇപ്പം കല്യാണം വേണ്ട… പറഞ്ഞു തീരുംമുമ്പേ കരഞ്ഞുപോയി. ഇപ്പം വേണ്ടാന്നോ? വയസ് 23 ആയി. എന്നു മിങ്ങനെ മുറിക്കകത്ത് അടച്ചിരിക്കാനാണോ ഭാവം…? മറുപടി പറയണമെന്നുണ്ടായിരുന്നു. കല്യാണം വേണ്ടാത്തതിൻ്റെ ന്യായീകരണങ്ങൾ. പക്ഷേ സങ്കടം വന്നാൽ കരയാനേ പറ്റൂ. ഒന്നും പറയാൻ കഴിയില്ല.
ചേട്ടൻ ചവിട്ടിക്കുലുക്കി നടന്നു പോയി. എന്തൊരു പെണ്ണാ… ആരോടും മിണ്ടേംപറയേമില്ല ,നാലാള് കൂടുന്നിടത്ത് വരില്ല ….ചേട്ടത്തി പിറുപിറുക്കുന്നത് കേട്ടു . ആൾക്കൂട്ടം! ഹൊ! എന്തൊരു പേടിയാണവരെ നേരിടാൻ .. ഒറ്റക്ക് എപ്പോഴും ഒറ്റക്ക്… എന്തൊരു ആശ്വാസമാണപ്പോൾ ..
ഡിഗ്രി വരെ പഠിക്കാൻ പോയി. ഒറ്റ കൂട്ടുകാരികളില്ല. തുറന്ന് സ്നേഹിക്കാൻ ഇന്നുവരെയും ഒരാളെയും കിട്ടിയിട്ടില്ല. താനതിന് ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം .മനസിൽ നിറച്ചും സ്നേഹമുണ്ട്. പക്ഷേ അത് പുറത്തേക്ക് ഒഴുകുന്നില്ല. എന്തോ ഒന്ന് അതിനെ തടഞ്ഞു നിർത്തുന്നു. മനുഷ്യരോട് മാത്രമേ അതുള്ളൂ. ചെടികളെയും പക്ഷികളയും പുച്ചകളെയും തനിക്കെന്തിഷ്ടമാണ്.അവയോട് എന്തെല്ലാം കാര്യങ്ങൾ താൻ പറയാറുണ്ട്. പക്ഷേ മനുഷ്യരോട് മിണ്ടാൻ സാധിക്കുന്നില്ല.
ഉചവരെ മുറിയിൽ കിടന്നു.പിന്നെ വീടിന് പിറകിലുള്ള പറങ്കിമാവിൻ്റെ ചുവട്ടിൽ പോയിരുന്നു. അപ്പോൾ അപ്പുറത്തെ വീട്ടിലെ രാധികയുടെ ചേട്ടൻ ബുള്ളറ്റിൽ വന്നിറങ്ങുന്നത് കണ്ടു. ആ ബുള്ളറ്റിൻ്റെ ഒച്ച കേൾക്കുമ്പോൾ എന്തുകൊണ്ടോ എന്തോ നെഞ്ച് പടപടാ ന്നി ടിക്കും. രക്തം തലമണ്ടയിലേക്ക് ഇരച്ചുകയറുകയും ചെയ്യും.രാധികയുടെ ചേട്ടൻ്റെ മുമ്പിൽ ചെന്നുപെട്ടാലും അങ്ങനെ തന്നെ.
രാധികയുടെ ചേട്ടൻ പ്ലാസ്റ്റിക് കവറിൽ കൊണ്ടുവന്ന സാധനം രാധികയുടെ കൈയിൽ കൊടുക്കുന്നത് കണ്ടു. പെട്ടെന്ന് എന്തോ ഒരു വിഷമം മനസിലേക്ക് കടന്നു വന്നു. മനസിൽ കാരണങ്ങൾ വ്യക്തമല്ലാത്ത ഒരു സങ്കടക്കാറ്റ് വീശുന്നു. താൻ ഒന്നിനും കൊള്ളാത്തവളാണെന്ന് ..തന്നയാരും ഇഷ്ടപ്പെടി ല്ലാന്ന്…
നീയിവിടെ എന്തു ചെയ്യുന്നു പെണ്ണേ… നോക്കിയപ്പോൾ രാധികയാണ്.കൈയിൽ ഒരു മാസികയുമുണ്ട്. ഓചുമ്മാ.. വെറുതെ ചിരിച്ചു. ചുമ്മാ വെറുതെ ഏയ് ഇതൊക്കെയല്ലേ നിനക്കറിയാവുന്ന വാക്കുകൾ. മിണ്ടാപ്പൂച്ചേ നിനക്കെന്നോടെങ്കിലും ഒന്ന് സംസാരിച്ചു കൂടേ… എന്ത് സംസാരിക്കാനാണ്…. എപ്പോൾ നോക്കിയാലും ഇങ്ങനെ ഒറ്റക്ക് മിണ്ടാതിരിക്കുന്നത് കാണാം… നിന്നെ കെട്ടുന്നവൻ്റെ കഷ്ടകാലം …രാധിക ചിരിച്ചു. രാധിക ചിരിക്കുന്നത് നോക്കി നിന്നു. തനിക്കെന്തു കൊണ്ട് ഇങ്ങനെ ചിരിക്കാനും സംസാരിക്കാനും കഴിയുന്നില്ല…
നിൻ്റെ ഈ ആലോചനയും ഒറ്റക്കിരുപ്പും കാണുമ്പോൾ പേടിയാകുന്നു, നീ ആത്മഹത്യ ചെയ്തു കളയുമോ എന്ന്. അവൾ കളിയായി പറഞ്ഞു. ആത്മഹത്യ! അത് വളരെ പരിചിതമായ വാക്കാണ്. ഉറക്കമില്ലാത്ത രാത്രികളിൽ അടുത്തുവന്നിട്ടുണ്ട്, പ്രലോഭിപ്പിച്ചിട്ടുണ്ട്, അവൻ… ആത്മഹത്യ .. എടീ നിൻ്റെ കവിത മാസികയിൽ വന്നിട്ടുണ്ട് … രാധിക കൈയിലിരുന്ന മാസിക നീട്ടി.
വലിയ സന്തോഷമൊന്നും തോന്നിയില്ല. ഇപ്പോഴിങ്ങനെയാണ്, മനസ് മരവിച്ചതു പോലെ … നിൻ്റെ ചേട്ടനാണോ മാസിക വാങ്ങിക്കൊണ്ടു വന്നത്? മടിച്ചു മടിച്ചു ചോദിച്ചു. അതെ … അവൾ പറഞ്ഞു. നിൻ്റെ ചേട്ടൻ കവിത വായിച്ചോ …? അറിയാതെ ചോദിച്ചു പോയി. ചേട്ടനാ ആദ്യം കണ്ടത്… എന്തു പറഞ്ഞു …? രാധികയുടെ മുഖത്ത് ഒരു ചെറു ചിരി വിടർന്നു. കൊള്ളാമെന്ന് പറഞ്ഞു…. മനസിൽ ഒരു കുളിർമഴ പെയ്തു.രാധികയുടെ ചേട്ടൻ തൻ്റെ കവിത വായിച്ചു.കൊള്ളാമെന്ന് പറഞ്ഞു. ഇന്നുറക്കം വരില്ല….
കവിത വന്നവിവരം വീട്ടിൽ പറഞ്ഞില്ല. പറഞ്ഞാൽ ചേട്ടത്തി യുടെ വക അഭിനന്ദനവും ആളെക്കൂട്ടലും ഒക്കെയുണ്ടാകും. വലിയ അസ്വസ്ഥതയാകും. രാത്രി പുസ്തകം വായിച്ചിരിക്കുമ്പോൾ ബുള്ളറ്റിൻ്റെ ഒച്ച കേട്ടു .ലൈറ്റണച്ച് രാധികയുടെ വീട്ടിലേക്ക് നോക്കി നിന്നു. വളരെ സംഗീതാത്മകമായി തോന്നുന്നു ആ കുടുകുടു ശബ്ദം.
കുറേ ദിവസം കഴിഞ്ഞ് മൂത്ത ചേട്ടൻ വീണ്ടുമൊരു വിവാഹ പാർട്ടിയുമായി വന്നു. ഒരു സ്കൂൾ അധ്യാപകൻ, എഴുത്തുകാരൻ. എഴുത്തുകാരൻ ആയതു കൊണ്ട് തനിക്ക് സമ്മതമാകുമെന്നാണ് ചേട്ടൻ്റെ കണക്ക് കൂട്ടൽ.സാഹിത്യകാരനായാലും കവിയായാലും തനിക്ക് വിവാഹം വേണ്ട. അതിൻ്റെ കാരണമെന്തെന്ന് കേട്ടാൽ അറിയാൻ വയ്യ… ആകെയൊരു അവ്യക്തത .. എന്ത് സംഭവിച്ചാലും ഈ വിവാഹം നടത്തുമെന്ന വാശിയിലാണ് ചേട്ടൻ.
ചേട്ടത്തിയുടെ അടുത്ത് ചെന്ന് അവസാന ആശ്രയത്തിനെയെന്നവണം ദൃഢമായി കെട്ടിപ്പിടിച്ച് ചുമലിൽ തല ചായ്ച് പൊട്ടിക്കരഞ്ഞു. ചേട്ടത്തീ എനിക്ക് കല്യാണംവേണ്ട…. മോളുടെ മനസിൽ ആരെങ്കിലും ഉണ്ടോ?എങ്കിൽ പറയ്.. ഞാൻ നിൻ്റെ ചേട്ടനോട് പറഞ്ഞ് നടത്തിത്തരാം .. ചേച്ചി തുടർന്നു: നിനക്ക് വയസ് ഇരുപത്തിമൂന്നാ …അതോർത്ത് ഞങ്ങൾക്കാ ആധി. നിൻ്റെ പ്രായമുള്ള കുട്ടികളുടെയെല്ലാം വിവാഹം കഴിഞ്ഞു … മനസിലാരെങ്കിലും … ആരെയെങ്കിലും സ്വപ്നം കാണാൻ തനിക്ക് യോഗ്യതയില്ലെന്ന് മനസിലൊരു ബോധമുണ്ട്. താൻ ഒന്നിനും കൊള്ളാത്തവളാണ്… ആരോടും സംസാരിക്കാത്തവൾ, സമൂഹത്തെ ഭയക്കുന്നവൾ.
എൻ്റെ മനസിലാരുമില്ല. എനിക്കിങ്ങനെ ജീവിച്ചാൽ മതി… നിനക്ക് വട്ടാണ്.. ചേട്ടത്തിക്ക് ദേഷ്യം വന്നു. ചേട്ടൻകല്യാണം ഉറപ്പിച്ചു, തൻ്റെ എതിർപ്പ് വകവക്കാതെ… ഒരുപാട് കരഞ്ഞതു. പിന്നെ ഒരവ്യ ക്തമായ ഭീതി മനസിൽ ചേക്കേറി. നെഞ്ചിൽ ഒരു പുകച്ചിൽ. നെഞ്ചിടിപ്പ് കൂടി .ശ്വാസം മുട്ടുന്നതു പോലെ. ഒരാശ്വാസത്തിനു വേണ്ടി രാധികയുടെ വീട്ടിലേക്ക് പോയി. അവളുടെ ചേട്ടൻ അവിടെ ഇണ്ടായിരുന്നില്ല.
കല്യാണമൊക്കെ ഉറപ്പിച്ചു അല്ലേ? രാധിക ചോദിച്ചു. എനിക്കിഷ്ടമല്ല ഈ കല്യാണം… അതെന്താ ?- എനിക്ക് പേടിയാ… പേടിയൊക്കെ ആദ്യരാത്രിയിൽ തീരും .. രാധിക ചിരിച്ചു. ഞാൻ ചത്തു കളയും…. ചത്തു കളയുമെന്നോ? നിനക്കാരെയെങ്കിലും ഇഷ്ടമാണോ? അ … അത് … എന്താവിക്കുന്നത്? തുറന്ന് പറയ് ഹൃദ്യേ… അത്… പറയാൻ പേടിയാ… നിനക്ക് എല്ലാത്തിനും പേടിയാണല്ലോ. ആട്ടെ… നിനക്കൊരാളെ ഇഷ്ടമാണ്. ആ ആളെയും നിനക്ക് പേടിയാണോ…?
അതെ … അദ്ദേഹമിതറിഞ്ഞാൽ എന്നെ വഴക്ക് പറയും. അതെനിക്ക് സഹിക്കാൻ പറ്റില്ല. അമ്പടികളളീ.. ആരാ ടീ ആ അദ്ദേഹം… പറയടീ …രാധിക നിർബന്ധിച്ചു. അതിനുത്തരം പറയാതെ വീട്ടിലേക്ക് ഒരോട്ടം വച്ചു കൊടുത്തു. പക്ഷേ മനസിൽ വലിയൊരു ഭാരമൊഴിഞ്ഞ സുഖമുണ്ടായിരുന്നു. താൻ പറഞ്ഞ കാര്യം രാധിക ചേട്ടത്തിയോട് പറഞ്ഞു. ആരോടാണ് തനിക്കിഷ്ടമെന്നറിയാൻ ചേട്ടത്തി പിറകെ കുറേ നടന്നു.ചേട്ടനും നിർബന്ധിച്ചു. വിവാഹം നടത്തിത്തരാമെന്ന് പറഞ്ഞു. തനിക്കൊരാളെ ഇഷ്ടമാണ്… പക്ഷേ തന്നെയാ രാ ണ് ഇഷ്ടപ്പെടുക …. ആ ബോധ്യമുള്ളതുകൊണ്ട് ആരോടും ഒന്നും പറഞ്ഞില്ല…
നിനക്കെന്തോ മാനസിക രോഗമാണ് … ചേട്ടൻ ഒടുവിൽ വയലൻ്റൊയി. തനിക്ക് മാനസിക രോഗമുണ്ടോ…? സ്വയം ചോദിച്ചു. ആ ചോദ്യം പതിയെ പതിയെ മനസിനെ എരിച്ചു തുടങ്ങി. എന്തിനാണിങ്ങനെ ഒരു ജീവിതം… മാനസികരോഗിയായി ഇങ്ങനെ… ഈ ജീവിതം ഇവിടെ അവസാനിപ്പിക്കാം…. സാരിയാണുപയോഗിച്ചത് … ഫാനിൽ …
പക്ഷേ ആരൊക്കെയോ വന്ന് രക്ഷിച്ചു. എല്ലായിടത്തുമെന്ന പോലെ ഇവിടെയും താൻ പരാജയപ്പെട്ടിരിക്കുന്നു. ഹോസ്പിറ്റലിൽ വന്നവരൊക്കെ ഉപദേശിച്ചു, വഴക്കു പറഞ്ഞു. ആൾക്കാരെ ഫെയ്സ് ചെയ്യാനാകാതെ കണ്ണsച്ച് കിടന്നു. ചേട്ടത്തി ഒരു പാട് കരഞ്ഞു. ചേട്ടൻ ഒന്നും പറഞ്ഞില്ല. പക്ഷേ ചേട്ടന് ദേഷ്യവും സങ്കടവുമൊക്കെയുണ്ട്… വീട്ടിലെത്തിയപ്പോൾ രാധിക കാണാൻ വന്നു. എന്ത് പണിയാടീ കാണിച്ചത് … അവൾ ദേഷ്യപ്പെട്ടു.
ഞാനെന്തിനാണിങ്ങനെ ജീവിക്കുന്നത്? പിന്നെ അറിയാതെ ചോദിച്ചു പോയി: നിൻ്റെ ചേട്ടനിതറിഞ്ഞോ?
ഓ! എൻ്റെ ചേട്ടൻ അങ്ങ് അമേരിക്കയിലല്ലേ… അറിയാതിരിക്കാൻ…, പിന്നെ വേറൊരു കാര്യം കേട്ടോ… രാധിക തുടർന്നു: നിൻ്റെ കവിതകൾ ശ്രദ്ധിച്ചു വായിച്ചപ്പോൾ നിൻ്റെ മനസിലുള്ള അജ്ഞാത കാമുകനെ പിടി കിട്ടി… എനിക്കല്ല കേട്ടോ, എൻ്റെ ചേട്ടന് … ഒരു ചിരിയോടെ രാധിക പോയി.
രാധിക പറഞ്ഞതു കേട്ട് നെഞ്ചിടിപ്പ് കൂടി . വൈകിട്ട് ഒരു ബുള്ളറ്റ് വീടിനു മുന്നിൽ വന്ന് നിൽക്കുന്ന ഒച്ച കേട്ടു . മുറിയിലേക്ക് പെട്ടെന്ന് രാധികയുടെ ചേട്ടൻ കടന്നു വന്നു. നെഞ്ച് ഭയങ്കരമായി ഇടിച്ചു.ശ്വാസം മുട്ടി.തലയിലേക്ക് രക്തം ഇരച്ചുകയറി. വിയർക്കുകയാണോ.. ശരീരം മുഴുവൻ മരവിക്കുകയാണോ…
അദ്ദേഹം തൊട്ടു മുന്നിൽ ഒരു കസേരയിൽ ഇരുന്നു.ആദ്യമായാണ് ഇത്രേം അടുത്ത്. വല്ലതും ചോദിച്ചാൽ മറുപടി പറയാൻ കഴിയുമോയെന്ന് ഭയന്നു.തൊണ്ട വരണ്ടിരിക്കുന്നു… എന്താ കഴുത്തുവേദന മാറിയോ?… മുഴക്കമുള്ള ശബ്ദം. മറുപടി പറഞ്ഞില്ല. മുഖത്തേക്ക് നോക്കിയപ്പോൾ മിഴികൾ പതറി.
കല്യാണത്തിന് സമ്മതമില്ലെങ്കിൽ തൂങ്ങി ചാവുകയാണോ വേണ്ടത്?…. വീണ്ടും പറയുകയാണ്. മറുപടി പറയാൻ കഴിയുന്നില്ല. നാക്ക് മരവിച്ചു പോയത് പോലെ. മിഴികൾ താഴ്ത്തിനെഞ്ചിടിപ്പ് എണ്ണിക്കിടന്നു. ഹൃദ്യക്ക് ഒരാളെ ഇഷ്ടമാണെന്ന് രാധിക പറയുന്നു … അതാരാ? പെട്ടെന്ന് കണ്ണുകളുയർത്തി ഗാംഭീര്യം നിറഞ്ഞ ആ മുഖത്തേക്ക് നോക്കിപ്പോയി…
ഞാനാണോ…? തികച്ചും അപ്രതീക്ഷിതമായ ഒരു ചോദ്യം. ഒരു കൂറ്റൻ തിര വന്ന് മനസിലെ കരിങ്കൽ ഭിത്തി യെ അടിച്ചു തകർത്തതു പോലെ … അറിയാതെ കണ്ണ് നിറഞ്ഞു പോയി. കണ്ണീരിൻ മറക്കുള്ളിലൂടെ ആ മുഖത്തേക്ക് നോക്കി. എന്നിട്ട് ആ ചോദ്യത്തിന് മറുപടിയെന്നോണം തല കുലുക്കി…!
രചന : ശിവൻ മണ്ണയം