“ചിലർക്കൊക്കെ ഒരുധാരണയുണ്ട്. ഭർത്താവ് മരിച്ച ഭാര്യമാർ വികാരത്താൽ വീർപ്പുമുട്ടി നിൽക്കുകയാണെന്ന്..

ഭർത്താവ് മരിച്ചു ഇരുപത് വർഷങ്ങൾ കഴിഞ്ഞപ്പഴാണ് ഞാൻ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിച്ചത്. രണ്ടാം വിവാഹത്തിൽ സ്ത്രീകൾക്കെന്നും രണ്ടാംനിര മാർക്കറ്റേയുള്ളൂവെങ്കിലും എനിക്ക് പുനർവിവാഹം ആവശ്യമായി വന്നത്…

ഇരുപതാം വയസ്സിൽ വിവാഹിതയായ എനിക്ക് രണ്ടു മക്കളാണ്. ഒരാണും പെണ്ണും.രണ്ടുമക്കളും വിവാഹിതരായി അവരുടെ കുടുംബം നോക്കുന്നു.അമ്മ പലപ്പോഴും അവർക്കൊരു ബാധ്യതയാണെന്ന് മനസ്സിലാക്കുവാൻ ഞാൻ വളരെയേറെ വൈകിപ്പോയിരുന്നു….

പഠിക്കുവാൻ വളരെയേറെ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് നല്ലൊരു ആലോചന വന്നെന്നും പറഞ്ഞു വീട്ടുകാർ വിവാഹം കഴിപ്പിച്ചു അയച്ചത്…

‘നീ പെണ്ണല്ലേ പഠിച്ചു ജോലി കിട്ടിയട്ട് എന്തു ചെയ്യാനാണെന്നായിരുന്നു’ അച്ഛന്റെ ഭാവം.’നിന്റെ പ്രായത്തിൽ ഞാൻ രണ്ടു മക്കളുടെ അമ്മയായി’എന്നാണു വിവാഹത്തിനു എതിരു പറഞ്ഞയെനിക്ക് അമ്മ നൽകിയ മറുപടി…

ഒടുവിൽ പഠിക്കണമെന്ന എന്റെ മോഹങ്ങൾക്ക് തിരശ്ശീല വീണു..താലി കഴുത്തിൽ വീണതോടെ..അതോടെയെന്റെ മോഹങ്ങൾ പൂർണ്ണമായും കൊഴിഞ്ഞു വീണു.

ഭർത്താവിനോട് ഒരുപ്രാവശ്യം ആഗ്രഹം പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു…

“ഭാര്യക്ക് ജോലി കിട്ടിയട്ട് ആ ചെലവിൽ എനിക്ക് ജീവിക്കണ്ട ആവശ്യമില്ല…”

പിന്നീട് ഒരിക്കൽ പോലും പഠിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല.ഒരു സാധാരണ കുടുംബിനിയായി’ രണ്ടുമക്കളുടെ അമ്മയായി ഭർത്താവിന്റെ ചിറകിൻ കീഴിലൊതുങ്ങി…

മദ്യവും പെണ്ണു പിടിയിലൂടെയും കിട്ടുന്ന പണമെല്ലാം ധൂർത്തടിക്കാനേ ഭർത്താവിനു കഴിഞ്ഞിരുന്നുള്ളൂ.ചോദ്യം ചെയ്താൽ ചീത്തവിളിയും തല്ലുമായിരുന്നു പ്രതിഫലം…

കുടിച്ച് കരൾ ദ്രവിച്ച് മരണത്തിനു ഭർത്താവ് കീഴടങ്ങുമ്പോൾ മൂത്തമോൾക്ക് നാലും ഇളയവനു രണ്ടു വയസ്സും മാത്രമായിരുന്നു പ്രായം…

പറക്ക്മുറ്റാത്ത മക്കളുമായി വീട്ടിൽ ചെന്ന് നിൽക്കാൻ കഴിയാത്ത അവസ്ഥ.ആങ്ങള വിവാഹം കഴിച്ചു കുടുംബവുമായി ജീവിക്കുന്നു.ഇനിയും അവർക്കൊരു ബാധ്യതയാകാൻ ഞാനൊരുക്കമല്ലായിരുന്നു…

ഭർത്താവിന്റെ വീട്ടിലും ചെന്ന് നിൽക്കാൻ പറ്റില്ല.ഏട്ടന്റെ ഭാര്യ അമ്മക്ക് തുല്യമാണെങ്കിലും ഭർത്താവിന്റെ മരണശേഷം അനിയനു എന്നോടുളള സമീപനത്തിൽ മാറ്റം വന്നു.ഭർത്താവ് വെച്ച വീട്ടിൽ തന്നെ മക്കളുമായി കഴിഞ്ഞെങ്കിലും അവിടെയും അവൻ കയറി ഇറങ്ങാൻ തുടങ്ങി. പല പ്രാവശ്യം പറഞ്ഞു വിലക്കിയതോടെ എന്നെക്കുറിച്ച് പല അപമാനങ്ങളും അനിയൻ പറഞ്ഞു പരത്തി…

ചിലർക്കൊക്കെ ഒരുധാരണയുണ്ട്.ഭർത്താവ് മരിച്ച ഭാര്യമാർ വികാരത്താൽ വീർപ്പുമുട്ടി നിൽക്കുകയാണെന്ന്.വിധവയുടെ കണ്ണുനീരിനു പലപ്പോഴും ആരും വില കൽപ്പിക്കാറില്ലെന്ന് മാത്രം…

ഒരു ജോലിക്കായി അലഞ്ഞതോടെ പഠിപ്പിന്റെ വില ഞാൻ നന്നായി അറിഞ്ഞു.പലരും ജോലി തരുമെങ്കിലും അവർക്കൊക്കെ ആവശ്യം എന്റെ ശരീരം മാത്രമായിരുന്നു. വീടിനു മുമ്പിൽ തന്നെ ചെറിയൊരു മാടക്കട തുടങ്ങി ജീവിതം പച്ചപിടിപ്പിക്കാൻ ശ്രമിച്ചു. അതിനിടയിൽ തയ്യലും പഠിച്ചു തുണി തുന്നാനും തുടങ്ങി….

കിട്ടിയ വരുമാനം കൊണ്ട് മക്കളെ നന്നായി പഠിപ്പിക്കാൻ കഴിഞ്ഞു. പലരാത്രികളിലും പലരും എന്റെ വീടിന്റെ വാതിലിൽ മുട്ടിയപ്പോൾ തലയണക്കടിയിൽ സൂക്ഷിച്ച വാക്കത്തിയായിരുന്നു തുണച്ചത്.അറിയാവുന്നവരിൽ പലരുമാണു കതകിൽ തട്ടിവിളിച്ചതെന്ന് എന്നെ വളരെയേറെ വേദനപ്പിച്ചു…..

എവിടെങ്കിലും അത്യാവശ്യത്തിനു നല്ലൊരു സാരിയുടുത്ത് ഒരുങ്ങി ഇറങ്ങിയാൽ ചിലർ അശ്ലീല കമന്റുകൾ പാസാക്കും…

“ദാ പോണെടാ പോക്കുകേസ്..നമ്മളെയൊക്കെ അവൾക്ക് അലർജിയാണ്.പുറത്ത് നിന്നുള്ള അവന്മാരെ മാത്രം മതിയവൾക്ക്….

സങ്കടങ്ങളെല്ലാം ദൈവത്തിന്റെ പാദങ്ങളിൽ അർപ്പിച്ചു മക്കളുടെ ജീവിതം ഞാൻ സുരക്ഷിതമാക്കി.നല്ലൊരു ജോലിയും കുടുംബവും ആയതോടെ അമ്മ അവർക്കൊരു ഭാരമായി….

അമ്മയെ വ‌ൃദ്ധസദനത്തിൽ ആക്കാമെന്ന് അവർ തീരുമാനം എടുത്തതോടെ ഞാനും ഒരുതീരുമാനം എടുത്തു…

” അമ്മക്ക് വയസ്സ് നാല്പത്തിയഞ്ച് കഴിഞ്ഞതെയുള്ളൂ..വൃദ്ധയായട്ടില്ല.ഇപ്പോഴും നിങ്ങളുടെ ചെലവിൽ അല്ലാതെ ജോലി ചെയ്തു ജീവിക്കാനുള്ള തന്റേടമുണ്ട്….”

അത്രയും അവരോട് പറഞ്ഞില്ലെങ്കിൽ ഞാനെന്ന അമ്മ പിന്നെയെന്തിനാണ്.മക്കളും ഞാനും ജീവിച്ചത് ചെറിയ വീട്ടിൽ ആയിരുന്നു. ഇപ്പോഴത് അവർക്ക് അലർജിയാണെങ്കിലും എനിക്ക് അതിപ്പോഴും സ്വർഗ്ഗം തന്നെ…

മക്കളില്ലാതെ ജീവിച്ചപ്പോൾ ജീവിതത്തിൽ ഇനിയെങ്കിലും ഒരുതുണവേണമെന്ന് ഞാൻ കരുതി.എന്റെ പുനർവിവാഹം തീരുമാനിച്ചതോടെ മക്കൾ എന്നിൽ നിന്നും പൂർണ്ണമായും അകന്നു…

“അമ്മ രണ്ടാമത് വിവാഹം കഴിക്കുന്നത് അവർക്ക് നാണക്കേടാണ്….”

അമ്പത് വയസ്സ് പ്രായമുള്ള ഒരാളെ ഭർത്താവായി തിരഞ്ഞെടുത്ത എന്റെ തീരുമാനം തെറ്റിയില്ലെന്നെനിക്ക് പിന്നീട് മനസ്സിലായി.അമ്മ മരിച്ച അദ്ദേഹത്തിന്റെ മക്കൾക്ക് അച്ഛനൊരു കൂട്ട് വേണമെന്ന് അവർ ആത്മാർത്ഥമായി ആഗ്രഹിച്ചു.അദ്ദേഹത്തിന്റെ മക്കളാണ് ഞങ്ങളുടെ വിവാഹം നടത്തിയതെന്ന് എന്നെ അത്ഭുതപ്പെടുത്തി….

“എനിക്കുമുണ്ടായിരുന്നു രണ്ടു മക്കൾ.അമ്മയെ അവർ സൗകര്യപൂർവ്വം മറന്നു….

പക്ഷേ രക്തബന്ധമല്ലെങ്കിലും എനിക്ക് പിന്നീട് കിട്ടിയ രണ്ടു മക്കൾ എനിക്ക് ഒരുപാട് സ്നേഹം നൽകി.അമ്മയെന്ന് തന്നെയാണ് വിളിച്ചതും…

നാം സ്നേഹിക്കുന്നവരെക്കാൾ നമ്മളെ സ്നേഹിക്കുന്നവരെയാണ് കൂടുതൽ ചേർത്തു പിടിക്കണ്ടതെന്ന് എന്റെ ജീവിതം എനിക്ക് മനസ്സിലാക്കി തന്നു….”