ഒക്ടോബർ മാസത്തിലെ കിറ്റുകൾ ലഭിക്കും. പഴയ കിറ്റുകളിൽ നിന്ന് ലഭിച്ച തുണിസഞ്ചി തിരികെ നൽകിയാൽ പണം ലഭിക്കും.

കേരള സംസ്ഥാന സർക്കാർ സെപ്റ്റംബർ മാസം മുതൽ ഡിസംബർ മാസം വരെ 89 ലക്ഷം വരുന്ന റേഷൻ കാർഡുടമകൾക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നടത്തിവരികയാണ്. ഇതോടൊപ്പം കേന്ദ്രസർക്കാർ പ്രധാനമന്ത്രി ഗരീബ് കല്യാണ് അന്ന യോജന പദ്ധതി പ്രകാരം ഗോതമ്പും വിതരണം ചെയ്യുന്നുണ്ട്. റേഷൻ കടകളിലൂടെ ഇത് വിതരണം ചെയ്യുന്ന തീയതികൾ എല്ലാ മാസവും ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിക്കുന്നുണ്ടെങ്കിൽ പലപ്പോഴും കാർഡുടമകൾക്ക് ആ തീയതികളിൽ ഒന്നും കൃത്യമായി കിറ്റ് ലഭിക്കാറില്ല എന്നാണ് സത്യം.

സർക്കാർ നവംബർ പത്തൊമ്പതാം തീയതി മുതൽ നവംബർ മാസത്തിലെ സൗജന്യ കിറ്റ് വിതരണം ആരംഭിച്ചതായി അറിയിച്ചിട്ടുണ്ടെങ്കിലും നല്ലൊരു ശതമാനം ആളുകൾക്ക് ഒക്ടോബർ മാസത്തിലെ കിറ്റുകൾ ലഭിച്ചിട്ടില്ല. പലരും രണ്ടും മൂന്നും വട്ടം റേഷൻ കടയിലെത്തി നിരാശരായി മടങ്ങുകയായിരുന്നു.

റേഷൻ കാർഡുടമകൾക്ക് നവംബർ മാസത്തിലെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഇന്നലെ ആരംഭിക്കുമെന്ന് സർക്കാർ പ്രഖ്യാപനം വന്നുവെങ്കിലും ഒക്ടോബർ മാസത്തിലെ വിതരണം പാതിവഴിയിൽ എത്തിയിട്ടില്ല. ആകെയുള്ള 88 ലക്ഷം കാർഡ് ഉടമകളിൽ പകുതി പേർക്കും ഒക്ടോബർ മാസത്തിലെ കിറ്റ് നൽകിയിട്ടില്ല. 42 ലക്ഷത്തോളം പേർക്കാണ് ഒക്ടോബർ മാസത്തിലെ കിറ്റ് ലഭിച്ചിരിക്കുന്നത്. നീല വെള്ള കാർഡ് ഉടമകളിൽ ഭൂരിഭാഗം പേർക്കും വിതരണം ചെയ്യാനുള്ള കിറ്റ് ഇനിയും കടകളിൽ എത്തിയിട്ടില്ല.

ഭക്ഷ്യക്കിറ്റ് വൈകുന്നതിന്റെ പ്രധാനകാരണം ആവശ്യമായ വെളിച്ചെണ്ണ പാക്കിങ് കേന്ദ്രങ്ങളിൽ എത്തിച്ചേരാത്തത് കൊണ്ടാണെന്നാണ് റിപ്പോർട്ടുകൾ. രണ്ടാമത്തെ കാരണം കിറ്റുകൾ തയ്യാറാക്കേണ്ട സഞ്ചികൾ ആവശ്യത്തിന് ലഭ്യമല്ല എന്നാണ്. തുണിസഞ്ചികൾക്കായുള്ള ടെൻഡർ നടപടികൾ ചില വിവാദങ്ങൾക്ക് ഇടയാക്കിയതിനാൽ തുണിസഞ്ചികൾ എത്തുന്നതിന് കാലതാമസം എടുക്കുകയാണ്. എന്നിരുന്നാലും തദ്ദേശ തിരഞ്ഞെടുപ്പ് തീയതികൾക്ക് മുൻപ് തന്നെ നവംബർ ഡിസംബർ മാസത്തിലെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാനാണ് സംസ്ഥാനസർക്കാർ നടപടികൾ ഉൾക്കൊള്ളുന്നത്.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നാ യോജന പദ്ധതി പ്രകാരം വിതരണം ചെയ്യാനുള്ള ഗോതമ്പ് റേഷൻകടകളിൽ പലതിലും സ്റ്റോക്കില്ല. കേന്ദ്രം അലോട്ട്മെന്റ് നല്കിയെങ്കിലും ഗോതമ്പ് ഇതുവരെ പലയിടത്തും എത്തിയിട്ടില്ല. മഞ്ഞ പിങ്ക് റേഷൻ കാർഡിലെ ഓരോ അംഗത്തിന് നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും നൽകുന്ന പദ്ധതി ഈ മാസം അവസാനിക്കുകയാണ്. ജൂലൈ മുതൽ ഒക്ടോബർ വരെ 7.36 കോടി ക്വിന്റൽ ഗോതമ്പിനാണ് കേന്ദ്രം അലോട്ട്മെന്റ് നൽകിയത്. ഇതനുസരിച്ച് നാല് മാസത്തെ വിതരണത്തിന് ശേഷം 32.26 ലക്ഷം ക്വിന്റൽ ഗോതമ്പ് നീക്കിയിരിപ്പ് ഉണ്ടാകണം.

ഗോതമ്പ് തികഞ്ഞില്ലെങ്കിൽ സ്റ്റോക്കുള്ള പച്ചരിയും പുഴുക്കലരിയും ചേർത്ത് അഞ്ച് കിലോ തികച്ച് നൽകുവാൻ അനുവദിക്കണം എന്ന് അഭ്യർത്ഥിച്ച് ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഇതുവരെ സർക്കാർ തീരുമാനം എടുത്തിട്ടില്ല.

ഭക്ഷ്യക്കിറ്റ് വിതരണത്തിനുള്ള തുണിസഞ്ചി ആവശ്യത്തിന് ലഭിക്കാത്തതുമൂലം കിറ്റ് വിതരണം അവതാളത്തിൽ ആവുന്നത് ഒഴിവാക്കുവാനായി ഉപഭോക്താക്കളിൽ നിന്നും പഴയ ഭക്ഷ്യ കിറ്റ് തുണിസഞ്ചി തിരികെ വാങ്ങുവാനുള്ള തീരുമാനം എടുത്തിരിക്കുകയാണ് സപ്ലൈകോ. മുൻ മാസങ്ങളിൽ സപ്ലൈകോ നൽകിയ ഓണക്കിറ്റ്, അതിജീവന കിറ്റുകൾ, സ്കൂൾ കിറ്റ് തുടങ്ങിയവയിൽ ലഭിച്ച സഞ്ചികൾ ഉപഭോക്താക്കൾക്ക് സപ്ലൈകോ വഴി തിരിച്ച് ഏൽപ്പിക്കാം. ഒരു സഞ്ചിക്ക് പകരം വാങ്ങുന്ന സാധനങ്ങളുടെ ബില്ലിൽ 5 രൂപ ഇളവ് ലഭിക്കുന്നതാണ്.