ഇന്ന് എന്റെ വിവാഹമായിരുന്നു. കല്യാണത്തിന് മുൻപ് ആളെ ആകെ ഒരു തവണയേ കണ്ടിട്ടുള്ളു. ഉണ്ണിയേട്ടൻ വിദേശത്തയോണ്ട് വീട്ടുകാർ വന്നു കണ്ടാണ് കല്യാണം ഉറപ്പിച്ചത്. ആകെ പത്തു ദിവസത്തെ അവധിയെള്ളൂത്രെ. സ്വന്തമായി ഒരു ആഗ്രഹവും ഇല്ലാതിരുന്ന തനിക്കു അച്ഛനമ്മമാരുടെ എല്ലാ തീരുമാനങ്ങളും സമ്മതം ആയിരുന്നു. സ്വാതി ജനലിനരികെ ഇരുന്നു പുറത്തേക്കു നോക്കി. കല്യാണ വീടിന്റെ എല്ലാ ബഹളങ്ങളും അവിടെയുണ്ടായിരുന്നു. ബന്ധുക്കളായ സ്ത്രീകൾ കൂട്ടം കൂടി ഇരുന്നു സംസാരിക്കുന്നതും അവൾ കണ്ടു.
വീട്ടിൽ അനിയൻ കുട്ടൻ എന്തെടുക്കാവും… ഇതേവരെ അവൻ തന്നെ പിരിഞ്ഞിരുന്നിട്ടില്ല…പരസ്പരം പത്തു വയസ്സിന്റെ വ്യത്യാസം ഉണ്ട്.. കല്യാണം കഴിഞ്ഞു അമ്പലത്തീന്ന്, കാറിൽ കയറുമ്പോൾ അവൻ വിതുമ്പി കരയുന്നുണ്ടായിരുന്നു… അമ്മ ഉണ്ടെങ്കിലും അവനു ഓപ്പോളേ മതി എല്ലാത്തിനും… കുളിക്കാനും ഉണ്ണാനും ഉറങ്ങാനും ഒക്കെ.. ആ ഓർമകളിൽ അവളുടെ ഹൃദയം വിങ്ങി.. കണ്ണുനീർ കാഴ്ചയെ മറച്ചു .. വേർപാടിന്റെ വേദന ഒപ്പം അറിയുകയായിരുന്നു…
കുറെ സ്ത്രീകൾ ഒന്നിച്ചു അവളെ പൊതിഞ്ഞപ്പോൾ ആണ് സ്വാതി ചിന്തകളിൽ നിന്നുണർന്നത്. അവരെല്ലാരും അവരവരെ പരിചയപ്പെടുത്തുന്നുണ്ടായിരുന്നു… സ്വാതിക്ക് ഒരു തരം ശൂന്യത മാത്രം അനുഭവപെട്ടു. അവൾക്കാ പരിഭ്രമത്തിനിടയിൽ എല്ലാരേം ഒരുപോലെ തോന്നി…അവർ അവളുടെ കയ്യിലും കഴുത്തിലും ഉള്ള സ്വർണത്തിന്റെ കണക്കെടുക്കാൻ തുടങ്ങി. ഒട്ടും പരിചയം ഇല്ലാത്ത സ്ഥലവും ആളുകളും .. സ്വാതിക്കെല്ലാം കൂടെ വല്ലാത്ത വിമ്മിഷ്ടം തോന്നി തുടങ്ങി.
“മോളെ….മോള് പോയി കുളിച്ചു ഉടുത്തതൊക്കെ മാറ്റി വരൂ”.. ഇതെല്ലാം കണ്ടുകൊണ്ട് വന്ന ഉണ്ണിയുടെ ‘അമ്മ അവളോട് പറഞ്ഞു. അവൾക്കാ പരിസരത്തുന്നു ഒന്ന് രക്ഷപ്പെട്ടാൽ മതിയായിരുന്നു. കുളി കഴിഞ്ഞു ചെറിയ നീല കരയുള്ള സെറ്റും മുണ്ടും ഉടുത്തു സ്വാതി മുടി ചീകിക്കൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഉണ്ണിയേട്ടന്റെ കൈ പിടിച്ചു ‘അമ്മ അങ്ങോട്ട് വന്നത്. മുട്ടറ്റം നീണ്ടു കിടക്കുന്ന അവളുടെ മുടി പിടിച്ചു മെടഞ്ഞു കെട്ടി കൊണ്ട് അമ്മ ഉണ്ണിയോട് പറഞ്ഞു…
“മോനെ, ഉണ്ണീ..നീ എപ്പോളും മോൾടെ കൂടെണ്ടാവണം..അവൾക്കു ഒരു പരിചയോം ഇല്ലാത്ത വീടും ആളുകളും അല്ലേ, ഇവിടെ.. ആദ്യത്തെ കുറച്ചീസം എങ്കിലും അവൾക്കെല്ലാം ഒന്ന് പരിചയാവണ വരെ നീ അവളുടെ ഒപ്പം നിക്കണം” .
“മോള് പേടിക്കണ്ട ട്ടോ..ഈ അമ്മയും ഒരു ദിവസം ഇത് പോലെ വന്നു കേറീതാ ഇവിടെ. നമ്മൾ പെണ്ണുങ്ങളുടെ ജീവിതം ഇങ്ങനെ ഓക്കെയാ. പെട്ടെന്നൊരൂസം ജനിച്ചു വളർന്ന വീട്ടീന്ന് നമ്മളെ പറഞ്ഞു വിടും.പിന്നെ നമ്മൾ അവിടെ വെറും വിരുന്നുകാരാവും”.
“ഉണ്ണീ.. നിനക്കറിയോടാ… ശെരിക്കുപറഞ്ഞാൽ നമ്മടെ ഈ പഴഞ്ചൻ ചിട്ടകൾ ഒക്കെ മാറ്റേണ്ട കാലം എന്നേ കഴിഞ്ഞു.. ആണ് പെണ്ണിനേയും, പെണ്ണിന്റെ വീട്ടുകാരെയും വീടും ഒക്കെ കണ്ടിഷ്ടപ്പെടുന്നപോലെ പെണ്ണിനും ആണിന്റെ വീട് കണ്ടിഷ്ടപ്പെടാൻ ഉള്ള അവസരോണ്ടാകണം… അല്ലേ, അവരാ വീട്ടിലല്ലേ ജീവിക്കേണ്ടത്”…മുല്ലപ്പൂ എടുത്തു സ്വാതിയുടെ പിന്നിയ മുടിയിൽ വച്ചു കൊണ്ട് അമ്മ തുടർന്നു…
“കുറച്ചു ദിവസത്തിനുള്ളിൽ ഏങ്ങനേം പൊരുത്തപ്പെടാനും എന്തും നേരിടാനും നമ്മൾക്ക് പറ്റും . ഇവര് ആണുങ്ങൾക്ക് അത് വല്ലോം പറഞ്ഞ മനസ്സിലാവോ”…
മോളാണ് ഇനി ഈ വീടിന്റെ വിളക്ക് !!!!
“ഡാ… വിരുന്നു പോവാൻ മൂന്നു ദിവസം ആവാ നൊന്നും നിക്കണ്ട,നാളെ തന്നെ അവളെ അമ്മേനേം അച്ഛനേം അവൾടെ അനിയന്കുട്ടനേം കൊണ്ടോയി കാണിക്ക് .കേട്ടോടാ ഉണ്ണീ … “ഏറ്റെന്റെ അമ്മേ, ഇപ്പൊ നിങ്ങളമ്മേം മോളും ഒറ്റക്കെട്ട്, നമ്മൾ പുറത്തും..കൊള്ളാട്ടാ… “ഈണത്തിലുള്ള ഉണ്ണിയുടെ മറുപടി കേട്ടപ്പോൾ സ്വാതിയുടെ മുഖത്തൊരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു.
രചന – രമ്യ മണി