പ്രശസ്ത തെലുങ്ക് സിനിമ സംവിധായകൻ എസ് എസ് രാജമൗലിക്ക് കോവിഡ് സ്ഥിരീകരിച്ചു

പ്രശസ്ത തെലുങ്ക് സിനിമ സംവിധായകൻ എസ് എസ് രാജമൗലിക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജമൗലി തന്നെയാണ് തൻറെ സമൂഹമാധ്യമ അക്കൗണ്ടായ ഫേസ്ബുക്കിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. നിർഭാഗ്യം എന്നോണം അദ്ദേഹത്തിൻറെ കുടുംബത്തിലെ എല്ലാവർക്കും കോവിഡ് പോസിറ്റീവ് ആണെന്ന് അദ്ദേഹം അറിയിച്ചു. തൻറെയും തൻറെ കുടുംബത്തിലുള്ളവരുടെയും കോവിഡ് ബാധ നെഗറ്റീവ് ആയാൽ തീർച്ചയായും തങ്ങളുടെ രക്തത്തിലുള്ള പ്ലാസ്മ മറ്റുള്ളവർക്കായി നൽകുമെന്നും
അദ്ദേഹം പറഞ്ഞു. (രോഗം ബേധമായവരുടെ രക്തത്തിലെ പ്ലാസ്മ കോവിഡ് രോഗിയുടെ ചികിത്സക്കായി ഉപയോഗിക്കാമെന്ന് കണ്ടെത്തിയിരുന്നു.)

അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ച് കുറിപ്പിൻറെ സാരാംശം ഇങ്ങനെയാണ്, “എനിക്കും എൻറെ കുടുംബത്തിലെ അംഗങ്ങൾക്കും ഈ കുറച്ചു നാളുകൾക്ക് മുൻപ് ഒരു ചെറിയ പനി വന്നിരുന്നു. പനി പിന്നെ പതുക്കെ കുറഞ്ഞെങ്കിലും ഞങ്ങൾ കോവിഡ് ടെസ്റ്റ് ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ ടെസ്റ്റ് ചെയ്തപ്പോഴാണ് കോവിഡ് പോസിറ്റീവ് ആണ് എന്ന വിവരം അറിയാൻ കഴിഞ്ഞത്. ഞങ്ങൾ സമീപിച്ച ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞതനുസരിച്ച് ഞങ്ങൾ ഇപ്പോൾ സ്വയം ക്വാറൻ്റീനിൽ വീട്ടിൽ കഴിയുകയാണ്.

ഇപ്പോൾ ഞങ്ങൾക്ക് രോഗലക്ഷണങ്ങൾ ഒന്നും ഇല്ല. വേറെ വലിയ ബുദ്ധിമുട്ടുകളും ഇല്ല. സദാ ഞങ്ങൾ ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും പാലിക്കുന്നുണ്ട്. ശരീരം പൂർണമായും കൊവിഡ് ബാധയിൽ നിന്ന് മുക്തമായി കഴിഞ്ഞാൽ ഞങ്ങൾ പ്ലാസ്മ ദാനം ചെയ്യാൻ തയ്യാറായി നിൽക്കുകയാണ്.

സ്റ്റുഡൻറ് നമ്പർവൺ എന്ന സിനിമയിലൂടെയാണ് എസ് എസ് രാജമൗലി എന്ന സംവിധായകൻ തെലുങ്ക് സിനിമയിൽ തന്റെ സാന്നിധ്യം അറിയിച്ചത്. 2001ലാണ് ഈ സിനിമ റിലീസ് ചെയ്തത്. പിന്നീട് മഗധീര, ഈഗാ എന്നീ ഫിലിമുകൾ ചെയ്ത അദ്ദേഹം തെലുങ്ക് സിനിമയുടെ സൂപ്പർ സംവിധായകനായി മാറി. തുടർന്ന് ബാഹുബലി 1, ബാഹുബലി 2 എന്നീ സിനിമകളിലൂടെയാണ് അദ്ദേഹം ഇന്ത്യൻ സിനിമയിൽ ശ്രദ്ധ പിടിച്ചു പറ്റിയത്.

തൻ്റെ പുതിയ സിനിമയുടെ വർക്കുകൾ പൂർത്തിയാക്കാൻ തയ്യാറാകുമ്പോൾ ആണ് ഇങ്ങനെ ഒരു വാർത്ത വന്നിരിക്കുന്നത്. ജൂനിയർ NTRറും, രാം ചരണും പ്രധാനവേഷത്തിൽ എത്തുന്ന RRR ആണ് രാജമൗലിയുടെ ഇനി പറത്തിറങ്ങാൻ തയ്യാറാകുന്ന സിനിമ.

അദ്ദേഹത്തിനും അദ്ദേഹത്തിൻറെ കുടുംബത്തിലുള്ളവർക്കും എത്രയും പെട്ടെന്ന് കോവിഡ് ബാധയിൽ നിന്ന് മുക്തി നേടട്ടെ എന്ന് അദ്ദേഹത്തിൻറെ ആരാധകർ സമൂഹ മാധ്യമങ്ങളിൽ ആശംസകൾ നേർന്നു.