കോവിഡിന്റെ പശ്ചാതലത്തിൽ ഏറെക്കാലമായി അനിശ്ചിതത്വത്തിൽ ആയിരുന്ന വിദ്യാഭ്യാസ മേഖലയും അതിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾക്കും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ മന്ത്രിസഭായോഗത്തിൽ തീരുമാനം ഉണ്ടായിരിക്കുകയാണ്.
കോവിഡ് 19 രോഗവ്യാപനം രൂക്ഷമായതോടെ വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷയെ കരുതി വിദ്യാലയങ്ങൾ അടച്ചിടുകയും വിദ്യാർഥികൾക്ക് ക്ലാസുകൾ ഓൺലൈൻ വഴി ആക്കി സൗകര്യപെടുത്തുകയും ചെയ്തു. പോരായ്മകൾ ഒരുപാട് നേരിട്ടിരുന്നെങ്കിലും അതെല്ലാം മറികടന്ന് എല്ലാ വിദ്യാർത്ഥികൾക്കും ക്ലാസുകൾ ലഭിക്കത്തക്ക രീതിയിൽ ടിവിയിലൂടെയും സാമൂഹ്യമാധ്യമങ്ങളിലൂടെയും വിദ്യാർഥികൾക്ക് മുന്നിൽ എത്തിക്കുന്ന ശ്രമകരമായ അധ്വാനങ്ങൾക്ക് ഫലം കണ്ടിരുന്നു.
ക്ലാസുകൾ ഓൺലൈൻ വഴി നടത്താമെങ്കിലും എസ്എസ്എൽസി പ്ലസ്ടു വിദ്യാർത്ഥികൾക്ക് പൊതു പരീക്ഷ എഴുതേണ്ടതുള്ളതിനാൽ ഇക്കാര്യത്തിൽ പെട്ടെന്ന് തീരുമാനം എടുക്കാൻ സർക്കാരിനോ വിദ്യാഭ്യാസ മന്ത്രാലയത്തിനോ കഴിഞ്ഞിരുന്നില്ല. എന്നാൽ ഡിസംബർ 17 ആം തീയതി മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ മന്ത്രിസഭായോഗത്തിൽ വിദ്യാഭ്യാസ മേഖലയുടെ ഈ അനിശ്ചിതാവസ്ഥയ്ക്ക് വിരാമമാകുകയും കോവിഡ് പ്രോട്ടോകോൾ പാലിച്ച് ജനുവരി മാസം മുതൽ വിദ്യാർഥികൾക്ക് ക്ലാസുകളും പരീക്ഷകളും നടത്താൻ തീരുമാനമാവുകയും ചെയ്തു.
എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികൾക്ക് മാർച്ച് പതിനേഴാം തീയതി മുതൽ മുപ്പത്തിയൊന്നാം തീയതി വരെ ആണ് പരീക്ഷാ തീയതി നിശ്ചയിച്ചിരിക്കുന്നത്. എങ്കിലും വിദ്യാർഥികൾക്ക് പ്രാക്ടിക്കൽ ലാബ് ഉള്ളതിനാൽ ഈ ക്ലാസുകൾക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് ജനുവരി മാസം മുതൽ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ സംഘടിപ്പിക്കുമെന്നും തീരുമാനമുണ്ടായി.
കോവിഡ് പ്രോട്ടോകോൾ പാലിച്ച് വിദ്യാർഥികളെ 50 ശതമാനത്തോളം വരുന്ന രണ്ട് സെക്ഷൻ ആക്കി ക്ലാസുകൾ തിരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസുകൾ ലഭ്യമാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. അതുപോലെ തന്നെ ജനുവരി ആദ്യവാരം മുതൽ തന്നെ വിദ്യാർത്ഥികൾക്കുള്ള റിവിഷൻ ക്ലാസുകളും ഉണ്ടായിരിക്കും.
മാതൃകാ പരീക്ഷകൾ നടത്തുക, പരീക്ഷയിൽ വിദ്യാർഥികൾക്ക് കൂടുതൽ ഓപ്ഷനുകൾ ഉള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തുക, കട്ടിയുള്ള ചോദ്യങ്ങൾ ഒഴിവാക്കുക തുടങ്ങിയ വിദ്യാർത്ഥികളുടെ മാനസികസമ്മർദം ഒഴിവാക്കുന്ന രീതിയിലുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.