കോവിഡ് മൂലം പ്രഖ്യാപിച്ച ലോക്കഡൗണിൽ തിയറ്ററുകൾ അടച്ചിട്ടത് ഏറ്റവും കൂടുതൽ ബാധിച്ചത് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം സിനിമയുടെ റിലീസിനെയാണ്. പലതവണ ഇത്തരത്തിൽ റിലീസ് മാറ്റിവെച്ച ചിത്രം കഴിഞ്ഞ മാസമായിരുന്നു തിയേറ്ററുകളിലെത്തിയത്. വലിയ പ്രതീക്ഷകളോടെ റിലീസ് ചെയ്ത ചിത്രത്തിന് പക്ഷേ പ്രേക്ഷകരിൽ നിന്നും സമ്മിശ്ര അഭിപ്രായമായിരുന്നു ലഭിച്ചത്.
ഇപ്പോൾ ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ആയിട്ടുണ്ട്. ചിത്രം റിലീസ് ആയപ്പോൾ തന്നെ സിനിമയിൽ ചില ഭാഗങ്ങൾക്കും, ചിത്രത്തിൽ ഉപയോഗിച്ച ഭാഷാശൈലിയെപറ്റിയും വലിയ രീതിയിലുള്ള ട്രോളുകളും, വിമർശനങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇപ്പോൾ OTT റിലീസായ ചിത്രത്തിലെ മലയാളത്തിൽ ഇല്ലാത്തതും, എന്നാൽ മറ്റു ഭാഷകളിൽ ഉള്ളതുമായ ഒരു രംഗമാണ് പുതിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്. മുസ്ലിം ജീവിത വ്യവസ്ഥകളെ സിനിമയിൽ മോശമായി ചിത്രീകരിച്ചു എന്നാണ് ഇപ്പോൾ വിമർശകർ ആരോപിക്കുന്നത്.
സിനിമയിൽ സാമൂതിരിയുടെ കൊട്ടാരത്തിലേക്ക് കുഞ്ഞാലി മരക്കാറും, പട്ടുമരക്കാറും വരുന്ന രംഗമാണ് ഇപ്പോൾ വിമർശനങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്നത്. ഈ സീനിൽ മാമുക്കോയയുടെ കഥാപാത്രമായ താനൂർ അബൂബക്കർ ഹാജിയെ ‘പതിനൊന്ന് ഭാര്യമാർ ഉള്ളയാൾ’ എന്നുപറഞ്ഞ് പട്ടുമരക്കാര്‍ കളിയാക്കുന്ന സന്ദർഭമുണ്ട്.
അവസാനം ശരിക്കും എത്ര ഭാര്യമാർ ഉണ്ട് എന്ന് നോക്കാൻ വേണ്ടി ഹാജി വീട്ടിലേക്ക് പോകുനിടത്താണ് ഈ സീൻ അവസാനിക്കുന്നത്. ഈ രംഗം ചിത്രത്തിന്റെ മലയാളം പതിപ്പിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ ഹിന്ദിയിലും, തമിഴിലുമുള്ള ചിത്രത്തിന്റെ പതിപ്പുകളിൽ ഈ രംഗം ഉൾപ്പെടുത്തിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ സംവിധായകൻ പ്രിയദർശനും, സിനിമയ്ക്കെതിരെ എതിരെ രൂക്ഷ വിമർശനങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകൾ രേഖപ്പെടുത്തുന്നത്. ഇതിനുമുമ്പും തന്റെ സിനിമയിലെ ജാതി പറച്ചിലിന്റെ അതിപ്രസരം മൂലം നിരവധി വിവാദങ്ങൾക്ക് വിധേയനായിട്ടുള്ള സംവിധായകനാണ് പ്രിയദർശൻ.