പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് അക്കൗണ്ട് നേട്ടങ്ങൾ ഇവയെല്ലാം. എന്തുകൊണ്ടും മറ്റു ബാങ്കുകളെക്കാൾ ഉപകാരം.

പലിശ വരുമാനത്തിന് പുറമേ ഇപ്പോൾ പൊതുമേഖല സ്വകാര്യമേഖല ബാങ്കുകൾ ഉപഭോക്താക്കൾക്ക് നൽകുന്ന ഓരോ സേവനങ്ങൾക്കും പണം ഈടാക്കുവാൻ തുടങ്ങിയിരിക്കുകയാണ്. പണം നിക്ഷേപിക്കുന്നതിനും എടുക്കുന്നതിനും എടിഎം ഉപയോഗിക്കുന്നതിനും മാത്രമല്ല നമ്മൾ നിക്ഷേപിക്കുന്ന പണം എണ്ണുന്നതിനും ചില ബാങ്കുകൾ പണം ഈടാക്കുന്നുണ്ട്. 1000 രൂപ മുതൽ 10000 രൂപവരെ പല ബാങ്കുകളും മിനിമം ബാലൻസ് സൂക്ഷിക്കണം എന്ന് ആവശ്യപ്പെടുകയും അല്ലാത്ത പക്ഷം പിഴ ഈടാക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒരു വലിയ തുക ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്ന വ്യക്തികൾക്ക് നൽകേണ്ടിവരുകയാണ്. എന്നാൽ പോസ്റ്റ് ഓഫീസുകളിൽ ആണ് അക്കൗണ്ട് ഉള്ളതെങ്കിൽ വിവിധ സർവീസ് ചാർജുകളുടെ കാര്യത്തിൽ ഉപഭോക്താക്കൾക്ക് വളരെ ലാഭമാണ്.

സാധാരണ ബാങ്കുകളിലെ എസ്ബി എക്കൗണ്ടിന് തുല്യമാണ് പോസ്റ്റ് ഓഫീസുകളിലെ സേവിങ്സ് അക്കൗണ്ട്. രാജ്യത്തിലെ ഒന്നര ലക്ഷത്തിലധികം വരുന്ന പോസ്റ്റ് ഓഫീസുകളിൽ ഏതെങ്കിലുമൊന്നിൽ ചെന്നാൽ സേവിങ്സ് അക്കൗണ്ട് തുടങ്ങുന്നതിനുള്ള അപേക്ഷ ലഭിക്കും. പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച് തിരിച്ചറിയൽ രേഖ സഹിതം അപേക്ഷ പൂരിപ്പിച്ച് നൽകിയാൽ അക്കൗണ്ട് തുടങ്ങാവുന്നതാണ്. 500 രൂപയാണ് അക്കൗണ്ട് തുടങ്ങുവാൻ നിക്ഷേപിക്കേണ്ടത്.

500 രൂപ നൽകി അക്കൗണ്ട് തുടങ്ങിയാൽ ചെക്ക് ബുക്കും, എടിഎം കാർഡും ലഭിക്കുന്നതാണ്. ഒരു വർഷം 10 ചെക്ക്ലീഫ് സൗജന്യമാണ്. തുടർന്ന് വാങ്ങുന്ന ഓരോ ചെക്ക്ലീഫിനും 2 രൂപ വീതം നൽകണം. മൂന്നു വർഷത്തിൽ ഒരിക്കലെങ്കിലും നിങ്ങളുടെ അക്കൗണ്ടിൽ ഒരു ട്രാൻസ്ലേഷൻ എങ്കിലും നടത്തിയിരിക്കണം. 10 വയസ് തികഞ്ഞ് ഏത് വ്യക്തിക്കും പോസ്റ്റ് ഓഫീസിൽ അക്കൗണ്ട് തുടങ്ങാം.

വർഷത്തിൽ 500 രൂപ മിനിമം ബാലൻസ് ഇല്ലെങ്കിൽ സാമ്പത്തിക വർഷത്തിന്റെ അവസാന പ്രവർത്തി ദിനത്തിൽ നിങ്ങളുടെ അക്കൗണ്ടിൽ നിന്ന് 100 രൂപ പിഴ ഈടാക്കും. ഡ്യൂപ്ലിക്കേറ്റ് പാസ്ബുക്കിന് 50 രൂപ നൽകണം. ഒരു പോസ്റ്റ് ഓഫീസിലെ അക്കൗണ്ട് മറ്റൊരു പോസ്റ്റ് ഓഫീസിലേക്ക് മാറ്റണമെങ്കിൽ 100 രൂപ നൽകണം.പലിശയടക്കം 10000 രൂപയുള്ള പോസ്റ്റ് ഓഫീസ് അക്കൗണ്ടുകൾക്ക് ഇൻകംടാക്സ് നിയമപ്രകാരം നികുതിയിളവ് ലഭിക്കും.

ബാങ്കുകളെ പോലെ പോസ്റ്റ് ഓഫീസുകളും എടിഎം കൗണ്ടറുകൾ സ്ഥാപിച്ചു വരികയാണ്. പോസ്റ്റോഫീസ് എടിഎമ്മിലൂടെ എത്രതവണ വേണമെങ്കിലും പണം പിൻവലിക്കാവുന്നതാണ്. പോസ്റ്റ് ഓഫീസുകളിലെ ഫിക്സഡ് ഡെപ്പോസിറ്റിന് മറ്റ് ബാങ്കുകളിൽനിന്ന് ലഭിക്കുന്ന തുകയേക്കാൾ ലാഭം ലഭിക്കുന്നുണ്ട്.