വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം. ജനുവരിയിൽ ക്ലാസുകൾ തുറക്കുമോ? പരീക്ഷകൾ എന്ന്?

നമ്മുടെ സംസ്ഥാനത്ത് കോവിഡ് പ്രതിസന്ധി മൂലം നിലവിൽ അധ്യായന വർഷം ഓൺലൈൻ ക്ലാസുകളായാണ് നടക്കുന്നത്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വളരെയധികം ആശങ്കയാണ് പഠനവുമായി ബന്ധപ്പെട്ട് നിലവിലുള്ളത്. അധ്യയനവർഷം അവസാനിക്കാൻ പോവുകയാണ്. ഇനിയും കുറച്ചു മാസങ്ങൾ കൂടി മാത്രമേയുള്ളൂ. പരീക്ഷകൾ അടുക്കുവാൻ പോകുന്നു. പത്താം ക്ലാസ്സ്, പന്ത്രണ്ടാം ക്ലാസ് പാഠഭാഗങ്ങൾ ജനുവരിക്കകം തന്നെ എടുത്ത് തീർക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇതിനായി ഡിജിറ്റൽ ക്ലാസുകളുടെ എണ്ണം കൂട്ടാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

കൈറ്റ് വിക്ടേഴ്സ് ചാനലിൽ ഡിസംബർ മുതൽ കൂടുതൽ സമയം ഇതിനായി മാറ്റി വെക്കുന്നതായിരിക്കും. അതേസമയം വാർഷിക പരീക്ഷ എന്ന് നടത്തും എന്നതിനെപ്പറ്റി വിദ്യാഭ്യാസ വകുപ്പിൽ നിന്ന് തീരുമാനം ലഭിച്ചടില്ല. സാധാരണഗതിയിൽ ഡിസംബർ മാസത്തോടുകൂടി പാഠഭാഗങ്ങൾ പഠിപ്പിച്ച് തീർത്തതിനുശേഷം കുട്ടികൾക്ക് റിവിഷൻ നൽകുകയാണ് പതിവ്. എന്നാൽ നിലവിലെ കോവിഡ് പ്രതിസന്ധി മൂലം ഇത് പ്രായോഗികമാവില്ല.

പത്ത് പന്ത്രണ്ട് ക്ലാസ്സുകൾക്ക് പ്രതിദിനം ഒന്നര മണിക്കൂർ നീണ്ടുനിൽക്കുന്ന മൂന്ന് ക്ലാസുകളാണ് നൽകിവരുന്നത്. ഇത് ഇരട്ടിയെങ്കിലും ആക്കിയാലേ ജനുവരിയിൽ മുഴുവൻ പാഠഭാഗങ്ങൾ പഠിപ്പിച്ച് തീർക്കുവാൻ സാധിക്കുകയുള്ളൂ. ഇതിൽ പിറകിലായ ക്ലാസ്സുകൾക്ക് ഊന്നൽ നൽകിയായിരിക്കും ക്ലാസുകൾ പുനർക്രമീകരിക്കുക.

സംസ്ഥാനത്ത് നിലവിൽ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞ് തുടങ്ങിയതിനാൽ 10, 12 ക്ലാസ്സുകൾക്കെങ്കിലും ജനുവരി മുതൽ സ്കൂളുകളിൽ ക്ലാസുകൾ നടത്തുവാൻ ആകും എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. എന്നാൽ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം കോവിഡിന്റെ വ്യാപനം വർദ്ധിച്ചാൽ ജനുവരിയിൽ ക്ലാസുകൾ തുറക്കാനുള്ള കണക്കുകൂട്ടലുകൾ തെറ്റുന്നതാണ്.

വരുന്ന ഏപ്രിൽ മാസത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുവാൻ ഇടയുള്ള സാഹചര്യമുണ്ട്. ഏപ്രിൽ മാസം തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നതിനാൽ തന്നെ മാർച്ച് മെയ്‌ മാസത്തിൽ മാത്രമേ പരീക്ഷ നടത്തുവാനാവു. മറ്റൊരു പ്രധാന പ്രശ്നം പ്രാക്റ്റിക്കൽ പരീക്ഷകൾ എങ്ങനെ നടത്തുമെന്നാണ്. ഈയൊരു പ്രശ്നവും വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലുണ്ട്. ഇതുവരെ പരീക്ഷകളൊന്നും നടത്താത്തതിനാൽ വാർഷിക പരീക്ഷകൾക്ക് മുൻപുതന്നെ മോഡൽ പരീക്ഷകൾ നടത്തണമെന്നും പരിഗണനയിലുണ്ട്.

വരുന്ന മാസങ്ങളിലെ സ്ഥിതിഗതികൾ കണക്കിലെടുത്തതിനുശേഷം മാത്രമേ പുതിയ തീരുമാനങ്ങൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുകയുള്ളൂ.