ഇതുവരെ രാജ്യത്ത് പെൺകുട്ടികളുടെ വിവാഹ പ്രായം 18 വയസ്സായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ സ്‌ത്രീകളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്നും 21 വയസാക്കി ഉയർത്തിയിരിക്കുകയാണ്. കേന്ദ്ര മന്ത്രിസഭയാണ് ഇപ്പോൾ സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്താനുള്ള ബില്ലിന് അനുമതി നൽകിയിരിക്കുന്നത്.
ഇന്നലെ ഡൽഹിയിൽ നടന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിലാണ് ഈ തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്. നിലവിൽ രാജ്യത്ത് പുരുഷന്‍റെ വിവാഹ പ്രായം എന്നത് 21 വയസ് ആണ്. സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ എല്ലാവർക്കും വിവാഹപ്രായം തുല്യമാക്കാനാണ് കേന്ദ്ര സർക്കാർ ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രി ഉറപ്പായും നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ച ഒരു പ്രധാനപ്പെട്ട തീരുമാനമായിരുന്നു സ്ത്രീകളുടെ വിവാഹ പ്രായം 18 വയസിൽനിന്നും ഉയർത്തുക എന്നത്. ചെറുപ്രായത്തിൽ തന്നെ വിവാഹം കഴിക്കേണ്ടി വന്നത് മൂലം ശരിയായ വിദ്യാഭ്യാസം പോലും ലഭിക്കാതെ മാനസികമായും, ശാരീരികമായും ചൂഷണങ്ങൾ അനുഭവിക്കുന്ന നിരവധി പെൺകുട്ടിൾ രാജ്യത്ത് ഉണ്ടെന്ന് നിരവധി സർവ്വേകൾ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
ഇതെല്ലാം പരിഗണിച്ചുകൊണ്ടാണ് ഇപ്പോൾ ഈയൊരു തീരുമാനം മന്ത്രിസഭ അറിയിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ടുള്ള നിയമനടപടികൾ വളരെ വേഗം തന്നെ പൂർത്തിയാക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.
പുതിയ ബിൽ മന്ത്രിസഭ അംഗീകരിച്ചതോടെ നിലവിലുള്ള ഹിന്ദു മാര്യേജ് ആക്ട്, ശൈശവവിവാഹ നിരോധന നിയമം, സ്പെഷ്യൽ മാര്യേജ് ആക്ട് എന്നിങ്ങനെയുള്ള നിയമങ്ങളിലും മാറ്റങ്ങൾ വരുത്തിയേക്കാം.
രാജ്യത്തെ ഒരുപാട് പെൺകുട്ടികളുടെ ഭാവിക്ക് വളരെയധികം ഉപകാരപ്രദമാകുന്ന ഒരു നിയമം തന്നെയാണ് ഇപ്പോൾ കേന്ദ്രസർക്കാർ നടപ്പിലാക്കിയിരിക്കുന്നത്. എന്നാൽ സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ വിവിധ മതസംഘടനകൾ ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്.