പുതുവർഷത്തിൽ തീയേറ്ററുകളിലെത്തിയ ആദ്യ മലയാള ചലച്ചിത്രങ്ങളിൽ ഒന്നാണ് വിഷ്ണു മോഹൻ കഥയെഴുതി സംവിധാനം ചെയ്ത മേപ്പടിയാൻ. ഉണ്ണിമുകുന്ദൻ പ്രധാന കഥാപാത്രമായി എത്തുന്ന സിനിമയാണ് മേപ്പടിയാൻ. ഉണ്ണിമുകുന്ദൻ ഫിലിംസിന്റെ ബാനറിൽ താരം തന്നെയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. തികച്ചും ഒരു സമ്പൂർണ്ണ ഉണ്ണിമുകുന്ദൻ ചിത്രമായി മേപ്പടിയാൻ ജൈത്രയാത്ര ആരംഭിച്ചിരിക്കുകയാണ്.
സൈജു കുറുപ്പ്, അഞ്ചു കുര്യൻ, അജു വർഗീസ്, കുണ്ടറ ജോണി എങ്ങിനെ പരിചിതമായ മറ്റു താരനിരയും ചലച്ചിത്രത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. ജയകൃഷ്ണൻ എന്ന പേരിൽ സാധാരണക്കാരനായി നാട്ടിൻപുറത്ത് വർക്ക്‌ഷോപ്പ് തുടങ്ങി ജീവിക്കുന്ന കഥാപാത്രമായാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിൽ എത്തുന്നത്. കഥാപാത്രം ഒരു സ്ഥല കച്ചവടത്തിൽ ഇടപെട്ട് തുടർന്നുണ്ടാകുന്ന വെല്ലുവിളികളാണ് ചിത്രത്തിൽ പ്രതിപാദിച്ചിരിക്കുന്നത്.
ഉണ്ണിയുടെ ആദ്യത്തെ ചിത്രമായ ബോംബെ മാർച്ച് 12 എന്ന സിനിമയിലെ പ്രകടനം ഏറെ പ്രശംസ അർഹിക്കുന്നതാണ്. പിന്നീടുള്ള സിനിമകളിൽ പല നല്ല വേഷങ്ങൾ കിട്ടിയെങ്കിലും, ഉണ്ണി മുകുന്ദന്റെ കഴിവിനനുസരിച്ചുള്ള കഥാപാത്രങ്ങൾ വിരലിൽ എണ്ണാവുന്നതേ ഉണ്ടായിരുന്നുള്ളു. അതുകൊണ്ടുതന്നെ മേപ്പടിയാൻ എന്ന സിനിമ ഉണ്ണിമുകുന്ദന്റെ കരിയറിൽ ‘വൺ ഓഫ് ദി ബെസ്ററ്’ എന്ന് പറയേണ്ടിവരും. ആ രീതിയിലുള്ള അഭിനയ മികവാണ് ചിത്രത്തിൽ ഉടനീളം ഉണ്ണി മുകുന്ദൻ കാഴ്ച വയ്ക്കുന്നത്.
ഉടനീളം നിഷ്കളങ്കനായ നന്മയുള്ള കഥാപത്രമായാണ് ജയകൃഷ്ണൻ എന്ന ഉണ്ണി മുകുന്ദൻ കഥാപാത്രത്തെ നമുക്ക് ചിത്രത്തിൽ കാണാനാകുക. ഇന്നത്തെ കാലത്ത് നഷ്ടം സംഭവിക്കുന്ന മാനുഷിക ധാർമിക ബന്ധങ്ങൾ നെഞ്ചോടു ചേർത്തു പിടിച്ചു സാഹചര്യങ്ങളെ നേരിടുന്ന ഉണ്ണിമുകുന്ദന്റെ കഥാപാത്രത്തെ മനം നിറച്ച കയ്യടികളോടെയാണ് കുടുംബ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
മറ്റു കഥാപാത്രങ്ങളും അവർക്ക് നൽകിയ വേഷം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. ഇമോഷണൽ രംഗങ്ങൾ ഒട്ടും മോശം ആകാത്ത രീതിയിൽ അവതരിപ്പിച്ച് പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരിക്കുകയാണ് താരം. കഥയുടെ ഒഴുക്കിനെ കൃത്യമായി തന്നെ ഇണങ്ങുന്ന രീതിയിലുള്ളതാണ് ചിത്രത്തിന്റെ ക്യാമറ. പാശ്ചാത്തല സംഗീതവും സിനിമയുടെ നട്ടെല്ലായി ചിത്രത്തിലുടനീളമുണ്ട്. അവതരണത്തിൽ ഓരോ നിമിഷവും ആകാംഷ നിറഞ്ഞ മുഹൂർത്തങ്ങൾ കോർത്തിണക്കിയ നല്ലൊരു ത്രില്ലർ സിനിമയാണ് മേപ്പടിയാൻ. പുതുവത്സരത്തിൽ ഇറങ്ങിയ ആദ്യ സിനിമകളിലൊന്നായ മേപ്പടിയാൻ എല്ലാ തരം പ്രേക്ഷകരുടേയും മനം നിറയ്ക്കും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.