മലയാളി സിനിമാപ്രേമികൾ എല്ലാവരും ഒരുപോലെ ആകാംക്ഷയോടെ കാത്തിരുന്ന ഒരു ചിത്രമായിരുന്നു മരക്കാർ അറബിക്കടലിന്റെ സിംഹം. കോവിഡ് മൂലം പലതവണ റിലീസ് മാറ്റിവെച്ച ചിത്രം കഴിഞ്ഞ മാസമായിരുന്നു തിയേറ്ററുകളിൽ റിലീസ് ചെയ്യ്തത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങൾ നേരത്തെതന്നെ നിലനിന്നിരുന്നു.
എന്നാൽ റിലീസായി ആദ്യ ദിനം മുതൽ തന്നെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ആയിരുന്നു സിനിമയ്ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്. ഇങ്ങനെയുള്ള ഡിഗ്രേഡിങിനെതിരെ സംവിധായകനായ പ്രിയദർശനും, നായകനായ മോഹൻലാലും കഴിഞ്ഞദിവസങ്ങളിൽ തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നു.
ഇതും സോഷ്യൽമീഡിയയിൽ ഒരുപാട് ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഇപ്പോൾ സംവിധായകനും, നടനുമായ പ്രതാപ് പോത്തൻ ചിത്രത്തെപ്പറ്റി തന്നെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ഒരു പോസ്റ്റും, അതിന് താഴെയുള്ള കമൻറുകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
” ഇന്നലെ ആമസോൺ പ്രൈമിൽ മരിക്കാർ കണ്ടു…എനിക്ക് സിനിമ ഇഷ്ടപ്പെട്ടു , എന്റെ അഭിപ്രായത്തിൽ പ്രിയന്റെ ഏറ്റവും മികച്ച സൃഷ്ടിയാണ് ഇത്. എന്റെ ആത്മാവിൽ കുടികൊള്ളുന്ന ഒരു പ്രിയൻ സിനിമ ഞാൻ അവസാനമായി കണ്ടത് തേൻമാവിൻ കൊമ്പത്താണ്…കൊള്ളാം.. മലയാള സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഇതിഹാസ സ്കെയിലിൽ ആണ് മരയ്ക്കാർ ഒരുക്കിയിരിക്കുന്നത്….
അങ്ങനെ പറഞ്ഞാൽ ഇത്തരത്തിൽ ഒരു ആദ്യ സംഭവമാണ് .. മികച്ച മേക്കിങ്ങോടെ ഒരു എന്റർടൈൻമെന്റ് ആയാണ് പ്രിയൻ ഈ കഥ പറഞ്ഞിരിക്കുന്നത്.എനിക്ക് ശ്രദ്ധക്കുറവ് കൊണ്ട് ബുദ്ധിമുട്ടുന്നു…എന്നാൽ മൂന്നുമണിക്കൂറുള്ള സിനിമ കണ്ടു തുടങ്ങിയപ്പോൾ ഞാൻ പ്രിയന്റെ സൃഷ്ടിയുടെ ലോകത്തേക്ക് എത്തി. സിനിമയുടെ എല്ലാ കാര്യങ്ങളും ഫസ്റ്റ് ക്ലാസ് ആണ്. ഛായാഗ്രഹണം, മികച്ച പ്രൊഡക്ഷൻ ഡിസൈൻ, സംഗീതം, ശബ്ദം കൂടാതെ എല്ലാവരുടെയും അഭിനയം.. എല്ലാവരും ഒന്നിനൊന്ന് മികച്ചതായിരുന്നു.
മോഹൻലാൽഎന്ന മിടുക്കനായ ഒരു നടനെക്കുറിച്ച് നിങ്ങൾക്ക് മറ്റെന്താണ് പറയാൻ കഴിയുക.. വരും ദശകങ്ങളിൽ അദ്ദേഹം അറിയപ്പെടുന്നത് കുഞ്ഞാലിയുടെ മുഖമായിട്ടായിരിക്കും..
സിനിമയുടെ തുടക്കത്തിൽ പ്രണവ് മോഹൻലാലും, കല്യാണി പ്രിയദർശനും ചേർന്ന് മനോഹരമായ ഒരു ഗാനം ചിത്രീകരിച്ചിരിക്കുന്നു….പ്രണവ് അവന്റെ അച്ഛനെപ്പോലെ കാണപ്പെടുന്നു, പ്രത്യേകിച്ച് അവന്റെ കണ്ണുകളുടെയും, മൂക്കിന്റെയും ക്ലോസപ്പ് സീനുകളിൽ …എന്റെ നെടുമുടി വേണു (എന്റെ ചെല്ലപ്പൻ ആശാരി) സാമൂതിരിയായി അഭിനയിക്കുന്നു….
പ്രിയൻ ഒരു ചൈനീസ് പയ്യനെയും, കീർത്തി സുരേഷിനെയും ഒരുമിച്ച് ചിത്രീകരിച്ച ഒരു ഗാനം എന്റെ മുഖത്ത് ചെറിയൊരു പുഞ്ചിരി വരുത്തി ….എന്റെ വാക്കുകൾ അടയാളപ്പെടുത്തുക ഈ പെൺകുട്ടി വരും കാലത്ത് വലിയ നേട്ടങ്ങൾ കൈവരിക്കും” ഇതായിരുന്നു പ്രതാപ് പോത്തൻ തൻറെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച് പോസ്റ്റ്.
പോസ്റ്റിനു താഴെ നിരവധി ആളുകളാണ് അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ കമൻറ് മരക്കാർ ബ്രേവ് ഹാർട്ട് എന്ന ഹോളിവുഡ് ചിത്രത്തിന്റെ കോപ്പിയാണ് എന്നതായിരുന്നു. ഇതിന് പ്രതാപ് പോത്തൻ നൽകിയ മറുപടിയും ഇപ്പോൾ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്.
“ഞാൻ എല്ലാതരത്തിലുമുള്ള യുദ്ധ സിനിമകളും കാണുന്ന ആളാണ്. എനിക്കിപ്പോൾ ഒരു യുദ്ധരംഗം ചിത്രീകരിക്കണം എന്നുണ്ടെങ്കിൽ, ഇതുവരെ ഇറങ്ങിയിട്ടുള്ള എല്ലാ യുദ്ധ സിനിമകളിൽനിന്നും ഞാൻ പ്രചോദനം ഉൾക്കൊള്ളും.. കാരണം ഞാൻ ഇതുവരെ ഒരു യുദ്ധം നേരിട്ട് കണ്ടിട്ടില്ല..” ഇതായിരുന്നു പ്രതാപ് പോത്തൻ നൽകിയ മറുപടി. എന്തുതന്നെയായാലും ചിത്രത്തെ കുറിച്ചുള്ള ചർച്ചകളെല്ലാം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ചു വരികയാണ്.