“ക്യാൻസർ ബാധിതയായപ്പോഴായിരുന്നു ഞാൻ അമ്മയുടെ വില തിരിച്ചറിഞ്ഞത്”; അമ്മയെ കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമ്മകൾ പങ്കുവച്ച് മമ്ത മോഹൻദാസ്.

മലയാളി സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായിക നടിമാരിൽ ഒരാളാണ് മമ്ത മോഹൻദാസ്. ഹരിഹരൻ മയൂഖം എന്ന സിനിമയിലൂടെ ആദ്യമായി അഭിനയരംഗത്തേക്ക് അരങ്ങേറിയ മമ്ത തുടർന്ന് നിരവധി മികച്ച വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു.

മലയാളം കൂടാതെ തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലും നിരവധി ചിത്രങ്ങളിൽ നായികയായും, സഹതാരമായുമെല്ലാം മമ്ത അഭിനയിച്ചിട്ടുണ്ട്. മികച്ച കരിയർ ലഭിച്ചെങ്കിലും തന്റെ വ്യക്തിജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയ ഒരാളാണ് മമ്ത.

തന്റെ ജീവന് തന്നെ ഭീഷണിയായ ക്യാൻസറിനെ ധൈര്യപൂർവ്വം നേരിട്ട് അതിനെ അതിജീവിച്ച മമ്തയുടെ ജീവിതകഥ ഒരുപാട് പേർക്ക് മുന്നോട്ടുള്ള ജീവിതയാത്രയിൽ ആത്മവിശ്വാസം നൽകുന്ന ഒന്നുതന്നെയാണ്. ഇപ്പോൾ തന്റെ ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം തന്റെ ഒപ്പം നിന്ന് തനിക്ക് ധൈര്യം പകർന്ന അമ്മയെക്കുറിച്ചുള്ള മമ്തയുടെ ഹൃദയസ്പർശിയായ വാക്കുകൾ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരിക്കുന്നത്.

ഒരു റിയാലിറ്റി ഷോ പരിപാടിക്കിടയിൽ മത്സരാർത്ഥിയായ കുട്ടിയോട് തന്റെ ജീവിതത്തിലെ ചില അനുഭവങ്ങൾ മമ്ത തുറന്നുപറഞ്ഞത്.  മമ്തയെ പോലെതന്നെ ക്യാൻസറിനെതിരെ ധൈര്യപൂർവ്വം പോരാടിയ അവനി എന്ന മത്സരാർത്ഥിയോടാണ് മമ്ത തന്റെ അനുഭവങ്ങൾ പങ്കുവച്ചത്.

“ഞാൻ ക്യാൻസർ ബാധിതയായത് മുതൽ എന്റെ എല്ലാ പ്രതിസന്ധിഘട്ടത്തിലും താങ്ങായും തണലായും എന്റെ കൂടെ നിന്നത് എന്റെ അമ്മയാണ്. ക്യാൻസർ ബാധിതയായതിന് ശേഷമാണ് ഞാൻ എന്റെയും, അമ്മയുടെയും ബന്ധത്തിന്റെ യഥാർത്ഥ മൂല്യം തിരിച്ചറിഞ്ഞത്. അതുകൊണ്ടുതന്നെ ഞാൻ ഈ അവസരത്തിൽ അവനിയുടെ അമ്മയെ  അഭിനന്ദിക്കുകയാണ്.”

ഇങ്ങനെയായിരുന്നു മമ്ത തന്റെ അമ്മയെ പറ്റിയുള്ള ഓർമ്മകൾ അവനിയുമായി പങ്കുവെച്ചത്. ക്യാൻസർ ബാധിതയായ സമയത്ത് അതിനെ അതിജീവിക്കാൻ അവനിക്ക് ഏറ്റവും കൂടുതൽ പ്രചോദനമായ ഒരു വ്യക്തി മമ്ത ആണെന്ന് ഈ അവസരത്തിൽ അവനി മമ്തയോട് പറഞ്ഞു.