മലയാള സിനിമയിലേക്ക് മയൂഖം എന്ന ചിത്രത്തിലൂടെ കടന്നു വന്ന നടിയാണ് മംമ്ത മോഹൻദാസ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമകളിലും മംമ്ത അഭിനയിച്ചിട്ടുണ്ട്. അഭിനേത്രി എന്നതിലുപരി ചലച്ചിത്ര നിർമ്മാതാവും, പ്രശസ്ത പിന്നണി ഗായികയും കൂടിയാണ് മംമ്ത. മംമ്തയ്ക്ക് സ്വന്തമായി മംമ്ത പ്രൊഡക്ഷൻസ് എന്ന നിർമ്മാണ കമ്പനിയുണ്ട്. മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി, ജയറാം തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പം മംമ്ത അഭിനയിച്ചിട്ടുണ്ട്.

ആദ്യ ചിത്രമായ മയൂഖം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നീട് വന്ന ചിത്രങ്ങളെല്ലാം വിജയമായിരുന്നു. കഥ തുടരുന്നു, ബാബാ കല്യാണി, ബസ് കണ്ടക്ടർ, ലങ്ക, ബിഗ് ബി, മൈ ബോസ് അൻവർ, ടു കൺട്രീസ്, തുടങ്ങി നിരവധി ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ട്. കർണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലും തന്റെ കഴിവ് മംമ്ത തെളിയിച്ചിട്ടുണ്ട്. രാഖി എന്ന തെലുങ്ക് ചിത്രത്തിലാണ് മംമ്ത ആദ്യമായി പാടിയത്. 2006-ൽ മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിംഫെയർ അവാർഡ് അവർ നേടി. ഇതുകൂടാതെ ടെലിവിഷൻ അവതാരകയും ജഡ്ജിയും ബ്രാൻഡ് അംബാസഡറും കൂടിയാണ് മംമ്ത.

2006ൽ വിശാലിനൊപ്പം അഭിനയിക്കാൻ തമിഴ് സിനിമയിലെത്തി. യമദോഗ എന്ന എസ് എസ് രാജമൗലി ചിത്രത്തിലൂടെയാണ് തെലുങ്ക് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ആ വർഷത്തെ അടിപൊളി ചിത്രങ്ങളിൽ ഒന്നായി ഇത് മാറി. ഈ ചിത്രത്തിലും മംമ്ത രണ്ടിലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. കന്നഡ ചലച്ചിത്ര രംഗത്തേക്ക് ഗൂലി എന്ന ചിത്രത്തിലൂടെയാണ് എത്തുന്നത്. ദിലീപിനും ശ്രീനിവാസനുമൊപ്പം അഭിനയിച്ച പാസഞ്ചർ ഒരു വമ്പൻ ഹിറ്റായിരുന്നു. ആദ്യം ബോക്‌സ് ഓഫീസിൽ ശരാശരി വിജയം നേടിയ ചിത്രം പിന്നീട് അഭൂതപൂർവമായ ഹിറ്റായി മാറി.

ബഹ്‌റൈനിൽ വ്യവസായിയായ പ്രജിത്ത് പത്മനാഭൻ എന്നയാളെ 2011 ഡിസംബറിൽ കല്യാണം കഴിച്ചു. ഒരു വർഷത്തിനുശേഷം വിവാഹമോചനം നേടി. തങ്ങളുടെ വൈവാഹിക ജീവിതത്തിൽ സംഭവിച്ചതെന്ന് തുറന്നു പറയുകയാണ് നടി. കല്യാണം കഴിഞ്ഞ് ഒന്നോ, രണ്ടോ മാസമേ ഞങൾ സന്തോഷത്തോടെ ജീവിക്കാൻ സാധിച്ചുള്ളൂ.

പ്രജിത്തും ഞാനും നല്ല കൂട്ടുകാരായിരുന്നു, പക്ഷേ ചെറുപ്പം മുതലുള്ള സുഹൃത്തുക്കളായിരുന്നില്ല. ഞങ്ങൾ രണ്ടുപേരുടെയും വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു. പ്രജിത്തിന്റെ കുടുംബം ദൈവവിശ്വാസികളായിരുന്നില്ല. എന്റെ കുടുംബാംഗങ്ങൾ ഉറച്ച വിശ്വാസികളായിരുന്നു, ഇത് വലിയ കുഴപ്പങ്ങൾ സൃഷ്ടിച്ചു.

അതുകൂടാതെ, കൂട്ടായുള്ള മദ്യപാനത്തിലും അദ്ദേഹത്തിന് താൽപ്പര്യമുണ്ടായിരുന്നു. ആ കാര്യങ്ങളൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. പക്ഷേ, ഭാര്യയെന്ന നിലയിൽ എനിക്ക് ബഹുമാനമോ പരിഗണനയോ ലഭിച്ചില്ല. ഇതിന്റെ ഇടയ്ക്ക് മറ്റു പല അഭിപ്രായവ്യത്യാസങ്ങളും ഞങ്ങൾക്കിടയിൽ വന്നു. അതുകൂടി ആയപ്പോൾ പ്രശ്നങ്ങൾ ഇനിയും വലുതാകാതിരിക്കാൻ ഞങ്ങൾ വിവാഹമോചിതരാകാൻ തീരുമാനിക്കുകയായിരുന്നു.