പാചകവാതകം 30% വിലക്കുറവിൽ ലഭിക്കും. പുതിയ പദ്ധതി. 4 പേർ അടങ്ങുന്ന കുടുംബത്തിന് 300 രൂപ മാത്രം മാസം ചിലവ് 🤩

കേരളത്തിലെ വീട്ടമ്മമാർക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു കാര്യമാണ് ഇവിടെ പറയുന്നത്.വീട്ടിലെ പാചക ആവശ്യത്തിനുള്ള ഗ്യാസിന്റെ ചിലവിൽ ഏകദേശം 30 ശതമാനത്തോളം കുറവ് വരുകയും തടസ്സങ്ങൾ ഒന്നുമില്ലാതെ ലഭിക്കുകയും ചെയ്യുന്ന പുതിയൊരു പദ്ധതിയാണ് കേരളത്തിൽ നിലവിൽ ആരംഭിക്കുവാൻ പോകുന്നത്. ഘട്ടം ഘട്ടമായാണ് ഈ പദ്ധതി നടപ്പാക്കുക.

എറണാകുളം ജില്ലയിലെ ആയിരക്കണക്കിന് വീട്ടുകാർക്ക് ഇപ്പോൾ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചുകഴിഞ്ഞു. സിറ്റി ഗ്യാസ് പദ്ധതിയിലൂടെയാണ് സാധാരണ ലഭിക്കുന്ന സിലിണ്ടർ ഗ്യാസിനേക്കാൾ 30 ശതമാനം കുറഞ്ഞ വിലയിൽ പാചകവാതകം ലഭിക്കുന്നത്. കുടിവെള്ള പൈപ്പ് ലൈൻ കണക്ഷൻ പോലെ പൈപ്പിലൂടെയാണ് ഓരോ വീട്ടിലും സിറ്റി ഗ്യാസ് പദ്ധതിയിലൂടെ പാചകവാതകം എത്തിക്കുക. പൈപ്പിലൂടെ വീട്ടിൽ ഗ്യാസ് എത്തിക്കുന്നതിനാൽ സിലിണ്ടറുകളുടെ ആവശ്യമില്ല. തുടർച്ചയായി 24 മണിക്കൂറും തടസ്സമില്ലാതെ ഗ്യാസ് ലഭിക്കുന്നതാണ്.

സിലിണ്ടർ തീർന്നു പോകുന്നത് പോലെയുള്ള പ്രശ്നങ്ങളിൽ നിന്നും വീട്ടമ്മമാർക്ക് ഒരു മോചനവും ആയി. നാലു പേർ അടങ്ങുന്ന ഒരു കുടുംബത്തിന് ശരാശരി ഒരു മാസം ആവശ്യമായിവരുന്ന പ്രകൃതിവാതകത്തിന്റെ ഉപയോഗം 0.4 യൂണിറ്റ് എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇത് പ്രകാരം കേവലം 300 രൂപയാണ് ഒരു കുടുംബത്തിന് മാസം ചിലവ് വരുന്നത്. വെള്ളത്തിന്റെയും വൈദ്യുതിയുടെയും ബില്ലുകൾ പോലെ ഉപയോഗത്തിന് അനുസരിച്ച് വീടുകളിൽ സ്ഥാപിക്കുന്ന മീറ്റർ റീഡിങ് പ്രകാരമാണ് ഗ്യാസിന്റെ ബില്ലും അടക്കേണ്ടത്.

എറണാകുളം ജില്ലയിലെ എല്ലാ താലൂക്കുകളിലും പദ്ധതി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് കമ്പനിയാണ് കണക്ഷനുകൾ ലഭ്യമാക്കുന്നത്. ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊച്ചി മംഗലാപുരം പ്രകൃതി വാതക പൈപ്പ് ലൈൻ പൂർത്തിയായി പ്രകൃതിവാതകം നൽകുവാൻ തുടങ്ങിയതോടെ കൊച്ചി മുതൽ കാസർകോട് വരെയുള്ള ഭാഗങ്ങളിലെ സിറ്റി ഗ്യാസ് പദ്ധതികളും പ്രവർത്തനസജ്ജം ആകുവാൻ പോവുകയാണ്. ഗെയ്ലിന്റെ പൈപ്പിൽ നിന്നും സിറ്റി ഗ്യാസ് കണക്ഷനുകൾ എടുക്കുവാനായി വിവിധ ജില്ലകളിൽ ടാപ് ഓഫ്‌ സംവിധാനം ഒരുക്കിയിട്ടുണ്ട്. തൃശ്ശൂർ ജില്ലയിൽ കുരുകുളം, പാലക്കാട് ജില്ലയിൽ മലമ്പുഴ, മലപ്പുറം ജില്ലയിൽ നറുകര, കോഴിക്കോട് ജില്ലയിൽ ഉണ്ണികുളം, കണ്ണൂർ ജില്ലയിൽ കൂടാളി, കാസർകോട് ജില്ലയിൽ അമ്പലത്തറ എന്നിവിടങ്ങളിലാണ് സിറ്റി ഗ്യാസിനായുള്ള ടാപ് ഓഫ്‌ ഉള്ളത്.

അതത് പ്രദേശങ്ങളിൽ സിറ്റി ഗ്യാസിന് അനുമതി ലഭിച്ചിട്ടുള്ള വിവിധ കമ്പനികൾ പൈപ്പ് ലൈനിലൂടെ പ്രകൃതിവാതകം വീടുകളിലും, ഹോട്ടൽ പോലെയുള്ള സ്ഥാപനങ്ങളിലും, പെട്രോൾ പമ്പുകളിൽ എത്തിക്കുകയും വിതരണം നടത്തുകയും ചെയ്യും. തെക്കൻ ജില്ലകളിൽ തൽക്കാലം പ്രകൃതി വാതക പൈപ്പ് ലൈനുകൾ ഇല്ലാത്തതിനാൽ പകരം ഓരോ ജില്ലാ അടിസ്ഥാനത്തിൽ വലിയ ഇന്ധന ടാങ്ക് പോലെ സംഭരണശേഷി കൂടിയ എൽഎൻജി പാക്കേജ് സ്റ്റേഷനുകൾ സ്ഥാപിച്ച് കൊച്ചിയിൽനിന്നും ടാങ്കുകളിൽ പ്രകൃതിവാതകം എത്തിച്ച് ആയിരിക്കും വിതരണം നടത്തുക.