കേരളത്തിൽ പുതിയൊരു സംരംഭം തുടങ്ങുവാനായി ആഗ്രഹിക്കുന്നുവർക്ക് കേരള സർക്കാരിൽ നിന്നും നാലു ലക്ഷം രൂപ വരെ ലഭിക്കുന്ന പുതിയൊരു സർക്കാർ പദ്ധതിയെ പറ്റിയാണ് ഇവിടെ പറയുന്നത്. കോവിഡ് പ്രതിസന്ധി മൂലം ലക്ഷക്കണക്കിന് ആളുകൾക്കാണ് തൊഴിൽ നഷ്ടമായത്. നമ്മുടെ സംസ്ഥാനത്തെ സാഹചര്യം മൂലം വൻകിട വ്യവസായ സ്ഥാപനങ്ങൾ ഫാക്ടറികൾ എന്നിവ സ്ഥാപിച്ച് ആയിരക്കണക്കിന് പേരുകൾക്ക് തൊഴിൽ നൽകുക എന്നത് പ്രായോഗികവുമല്ല.
ഈ സാഹചര്യത്തിലാണ് സർക്കാർ ഏതൊരു വ്യക്തിക്കും ചെറിയ സംരംഭം തുടങ്ങുവാനായി പരമാവധി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുന്നോട്ടുവയ്ക്കുന്നത്. നമ്മുടെ സംസ്ഥാനത്തെ ഭൂരിഭാഗം വ്യക്തികളും ഈ ഒരു സഹായത്തെ പറ്റി അറിഞ്ഞട്ടില്ല. സംസ്ഥാനത്തെ വ്യവസായ വകുപ്പാണ് ഈ ഒരു പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. നാനോ സംരംഭങ്ങൾ എന്നറിയപ്പെടുന്ന ചെറിയ സംരംഭങ്ങൾ, അഥവാ വ്യവസായ യൂണിറ്റുകൾ പുതുതായി ആരംഭിക്കുന്നതിനാണ് ഈ പദ്ധതി പ്രകാരം സർക്കാരിൽ നിന്ന് സഹായം ലഭിക്കുക. പരമാവധി ലഭിക്കുന്ന സർക്കാർ സഹായം നാലുലക്ഷം രൂപ വരെ ആയിരിക്കും. 10 ലക്ഷം രൂപയിൽ താഴെ മാത്രം തുടങ്ങുവാൻ കഴിയുന്ന സംരംഭങ്ങളെയാണ് ഈ പദ്ധതി പ്രകാരം നാനോ സംരംഭങ്ങളായി പരിഗണിക്കുന്നത്.
ഇത്തരം സംരംഭങ്ങൾക്ക് മാത്രമേ സഹായം ലഭിക്കുകയുള്ളൂ. ഈ സംരംഭം ഒരു വ്യക്തി മാത്രം നടത്തുന്ന പ്രൊപ്രൈറ്ററി സ്ഥാപനം ആയിരിക്കണം. വിവിധ സാധനങ്ങൾ നിർമ്മിക്കുന്ന നിർമ്മാണ യൂണിറ്റുകൾ, ഫുഡ് പ്രോസസിങ് സ്ഥാപനങ്ങൾ, വിവിധ തൊഴിൽ വർക്കുകൾ ഏറ്റെടുത്തു നടത്തുന്ന സേവന സ്ഥാപനങ്ങൾ എന്നിവയെല്ലാം ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾക്ക് അർഹമാണ്. അപേക്ഷകരെ പൊതുവിഭാഗം, പ്രത്യേക വിഭാഗം എന്നിങ്ങനെ രണ്ട് പട്ടികയിലാണ് തിരിച്ചിരിക്കുന്നത്. വനിതകൾ, പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗക്കാർ, വിമുക്തഭടന്മാർ, അംഗപരിമിതർ, 40 വയസ്സിനു താഴെയുള്ള യുവാക്കൾ എന്നിവരെയെല്ലാമാണ് പ്രത്യേക വിഭാഗക്കാരായി കണക്കാക്കുക. ഈ വിഭാഗത്തിൽ പെടുന്ന വ്യക്തികൾക്ക് സംരംഭ ചെലവിലെ 40% വരെ മാർജിൻ മണി ഗ്രാൻഡ് ആയി നൽകുന്നതാണ്. നാലു ലക്ഷം രൂപ വരെയാണ് പരമാവധി മാർജിൻ മണി ഗ്രാൻഡ് ലഭിക്കുക.
പൊതു വിഭാഗത്തിൽ പെടുന്ന വ്യക്തികൾക്ക് സംരംഭക ചെലവിന്റെ 30% രൂപ വരെ ഗ്രാൻഡ് ആയി ലഭിക്കുന്നതാണ്. പ്രത്യേക വിഭാഗത്തിൽ സംരംഭകന്റെ വിഹിതം 20 ശതമാനവും, പൊതുവിഭാഗത്തിൽ 30 ശതമാനവും ആയിരിക്കണം. പൊതുവിഭാഗത്തിൽ 40% സംരംഭ ചിലവ് വായ്പ ആയിരിക്കണം. ഈ പദ്ധതിയുട 30% വനിത സംരംഭങ്ങൾക്കായി മാറ്റി വയ്ക്കുന്നതാണ്. വിവിധ ധനകാര്യ സ്ഥാപനങ്ങൾ സഹകരണ ബാങ്കുകൾ കെഎസ്എഫ്ഇ തുടങ്ങിയവയിൽ നിന്നും വായ്പ എടുത്ത് തുടങ്ങുന്ന സംരംഭങ്ങൾക്ക് ഈ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ട്. ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുക്കാതെയാണ് സംരംഭം തുടങ്ങുന്നതെങ്കിലും ഈ ആനുകൂല്യത്തിന് അർഹതയുണ്ട്. നിങ്ങൾ അപേക്ഷിച്ച് ഈ ആനുകൂല്യം ലഭിച്ചാൽ ആറുമാസത്തിനുള്ളിൽ സംരംഭം തുടങ്ങണം. മതിയായ കാരണങ്ങളുണ്ടെങ്കിൽ ആറുമാസം കൂടി സമയം നീട്ടി നൽകുന്നതായിരിക്കും.
ഈ പദ്ധതിക്കായി സംരംഭകർ അപേക്ഷ സമർപ്പിക്കേണ്ടത് താലൂക്ക് വ്യവസായ ഓഫീസുകൾ വഴിയാണ്. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക്, മുനിസിപ്പാലിറ്റി കോർപ്പറേഷൻ തലങ്ങളിൽ പ്രവർത്തിക്കുന്ന വ്യവസായ വികസന ഓഫീസറേ ബന്ധപ്പെടാവുന്നതാണ്. അപേക്ഷ പരിശോധിച്ച് ഗ്രാൻഡിന് ശുപാർശ ചെയ്യുന്നത് താലൂക്ക് വ്യവസായ ഓഫീസറാണ്.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ആണ് ഗ്രാൻഡ് അനുവദിക്കുന്നത്. തിരിച്ചറിയൽ രേഖകൾക്കു പുറമേ ഉദ്യോഗ് ആധാർ, പ്രോജക്ട് റിപ്പോർട്ട്, മെഷീനറി, വൈദ്യുതി ബില്ല്, പെയ്മെന്റ് രേഖകളും, മറ്റ് ഇൻവോയ്‌സുകളും, ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ അനുവദിച്ചതിൽ രേഖകളും ഉൾപ്പെടെയാണ് ഹാജരാക്കേണ്ടത്. പുതുതായി സംരംഭം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് വളരെയധികം സന്തോഷം നൽകുന്ന ഒരു വാർത്തയാണിത്.