സാമ്പത്തിക ബാധ്യത മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഒരു പക്ഷേ നമ്മുടെ ജീവിതം തന്നെ തകർത്തേക്കാം. ഇത്തരത്തിലുള്ള നിരവധി വാർത്തകൾ നമ്മൾ പത്രങ്ങളിലൂടെയും, സോഷ്യൽമീഡിയയുമെല്ലാം കാണാറുണ്ട്. എടുത്ത പണം കൃത്യസമയത്ത് തിരിച്ചടക്കാത്തത് മൂലം ബാങ്കുകളും, മറ്റു സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം കടബാധ്യതയുള്ള വ്യക്തിയെ ശക്തമായ നിയമനടപടികൾക്ക് വിധേയമാക്കിയിട്ടുള്ള നിരവധി സംഭവങ്ങൾ നമ്മുടെ നാട്ടിൽ തന്നെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടിവരുന്നത് വളരെയധികം ഭീകരമായ ഒരു അവസ്ഥ തന്നെയാണ്. താൻ ചെയ്യാത്ത കുറ്റത്തിന് ജയിൽശിക്ഷ അനുഭവിച്ച് ഇപ്പോൾ ദുബായിലെ തെരുവിൽ കഴിയുന്ന അനിത എന്ന യുവതിയുടെ ജീവിതകഥയാണ് സോഷ്യൽമീഡിയയിലും, വാർത്തകളിലുമെല്ലാം ശ്രദ്ധേയമായിരിക്കുന്നത്. ഭർത്താവിന്റെ ചതിയിൽപ്പെട്ട് ദുബായിൽ സാമ്പത്തിക തട്ടിപ്പിന്റെ പേരിൽ 36 മാസമാണ് അനിത ജയിൽ ശിക്ഷ അനുഭവിച്ചത്. 20 വർഷമായി ഇവർ ദുബായിൽ സ്ഥിരതാമസമായിരുന്നു. ദുബായിൽ ഇവർക്ക് സ്വന്തമായി ഇലക്ട്രോ മെക്കാനിക്കൽ ബിസിനസ് ആയിരുന്നു ഉണ്ടായിരുന്നത്. ഈ കമ്പനിയിൽ 2000 ജീവനക്കാരും ഉണ്ടായിരുന്നു. കമ്പനി ആവശ്യങ്ങൾക്ക് വേണ്ടി ഭർത്താവായ ബാലു ദുബായിലെ പല ബാങ്കുകളിൽ നിന്നും എടുത്ത വായ്പ തിരിച്ചടയ്ക്കാൻ സാധിക്കാത്തത് കൊണ്ടാണ് അനിതക്ക് ജയിൽ ശിക്ഷ അനുഭവിക്കേണ്ടതായി വന്നത്. ബാലു എടുത്ത ലോണുകൾക്കെല്ലാം ജാമ്യം നിന്നത് അനിതയായിരുന്നു. ഈ ലോണുകൾ തിരിച്ചെടുക്കാൻ കഴിയില്ല എന്ന് ഉറപ്പായതോടെ ബാലു മകനുമായി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ ബാങ്ക് ഇടപാടുകൾക്ക് ജാമ്യം നിന്ന അനിതക്ക് നാട്ടിൽ പോകാൻ കഴിഞ്ഞതുമില്ല. അങ്ങനെ വായ്പകൾ തിരിച്ചടക്കാനാകാതെ തുടർന്ന് കേസിൽ പെട്ട് അനിത ജയിലിൽ ആവുകയായിരുന്നു. ഒടുവിൽ മൂന്ന് വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ അനിതയ്ക്ക് താമസിക്കാനുള്ള വീട് വരെ നഷ്ടമായിരുന്നു. തുടർന്ന് അനിതയുടെ മകൻ പഠിച്ചിരുന്ന സ്കൂളിൽ ചെറിയൊരു ജോലി ലഭിച്ചു. സ്കൂളും, പരിസരവും വൃത്തിയാക്കി അതിൽ നിന്നും ലഭിക്കുന്ന വരുമാനത്തിലൂടെയാണ് അനിത ഇപ്പോൾ ജീവിച്ചു പോകുന്നത്. ശിക്ഷ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങി പോകാൻ അനിത വിസമ്മതിക്കുകയായിരുന്നു. തന്റെ പേരിലുള്ള കടങ്ങളെല്ലാം വീട്ടിയതിനുശേഷം മാത്രമാണ് താൻ നാട്ടിലേക്ക് ഉള്ളൂ എന്ന തീരുമാനമത്തിലാണ് അനിത. ഇതിനുവേണ്ടിയുള്ള ശ്രമത്തിലാണ് അനിതയിപ്പോൾ. സ്വന്തമായി കിടക്കാൻ ഒരിടം പോലും ഇല്ലാതെ ദുബായിലെ തെരുവോരങ്ങളിലാണ് അനിത കഴിഞ്ഞുകൂടുന്നത്. ഒരു ഫോൺ ബൂത്തിന്റെ അരികിൽ ആണ് താമസിക്കുന്നത്. ജോലിചെയ്യുന്ന സ്കൂളിലാണ് അനിത കിടന്നുറങ്ങുന്നത്. അനിതയുടെ ഈ അവസ്ഥ അറിഞ്ഞ് ബന്ധുക്കൾ സഹായത്തിന് എത്തിയെങ്കിലും അനിത അവയെല്ലാം നിഷേധിക്കുകയാണ് ചെയ്തത്. 22 ലക്ഷത്തോളം ദിർഹമായിരുന്നു ബാങ്കിൽ അടയ്ക്കാൻ ഉണ്ടായിരുന്നത്. അതു കൂടാതെ മറ്റു കമ്പനിയുമായി അഞ്ച് ലക്ഷം ദർഹത്തിന്റെ കടവും ഉണ്ടായിരുന്നു. ഇതൊന്നും വീട്ടാതെ ഇനി താൻ തിരിച്ചു വരില്ലെന്നാണ് അനിത പറഞ്ഞിരിക്കുന്നത്.
