കെഎസ്ഇബി നടപ്പാക്കിയ ഫിലമെന്റ് രഹിത കേരളം എന്ന പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എല്ലാ ജനങ്ങൾക്കും എൽഇഡി ബൾബുകൾ എത്തിക്കുമെന്ന് കേരള സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുകയാണ്. കാര്യക്ഷമമായ ഊർജ്ജ ഉപയോഗത്തിലൂടെ ഊർജ്ജ ലഭ്യത ഉറപ്പുവരുത്തുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പ്രധാനപ്പെട്ട പദ്ധതിയായ ഊർജ്ജ കേരള മിഷന്റെ മുന്നോടിയായാണ് കെഎസ്ഇബിയുടെ ഫിലമെന്റ് രഹിത കേരളം പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്തെ എല്ലാ വീടുകളിലെയും സിഎഫ്എല് ഫിലമെന്റ് ബൾബുകളുടെ പകരം എൽഇഡി ബൾബുകൾ ആണ് നൽകുന്നത്. ഊർജ്ജക്ഷമവും പരിസ്ഥിതി സൗഹാർദവുമായ എൽഇഡി ബൾബുകൾ നൽകുന്ന പദ്ധതിയാണ് ഫിലമെന്റ് രഹിത കേരളം എന്ന പദ്ധതി.
ഫിലമെന്റ് രഹിത കേരളം എന്ന പദ്ധതിയിൽ രജിസ്റ്റർ ചെയ്ത 13 ലക്ഷം വരുന്ന കുടുംബങ്ങൾക്കാണ് ആദ്യവാരം ഇത്തരം ബൾബുകൾ വിതരണം ചെയ്യുക. നിലവിൽ ഒരുകോടി ബൾബുകൾ വിതരണത്തിന് തയ്യാറായിരിക്കുകയാണ്.
ആദ്യഘട്ടത്തിൽ 21 ലക്ഷം എൽഇഡി ബൾബുകൾ കെഎസ്ഇബി മുഖേന സംസ്ഥാനത്ത് വിതരണം ചെയ്തിരുന്നു. അതുകൊണ്ടുതന്നെ നിലവിൽ ബൾബുകൾ ലഭിക്കുവാൻ വേണ്ടി രജിസ്റ്റർ ചെയ്തിരിക്കുന്ന 13 ലക്ഷം കുടുംബങ്ങൾക്കാണ് ഇനി എൽഇഡി ബൾബുകൾ ലഭിക്കുവാൻ പോകുന്നത്.
ഇനിയും ജനങ്ങൾക്ക് ഈ പദ്ധതിയിലേക്ക് അംഗമാകാൻ സാധിക്കും. കെഎസ്ഇബി പ്രത്യേക നോട്ടീസ് നൽകുന്ന സമയത്ത് ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കടകളിൽ നിന്നു വാങ്ങുന്ന ബൾബിനേക്കാൾ വിലകുറഞ്ഞ രീതിയിലാകും കെഎസ്ഇബി വഴി എൽഇഡി ബൾബുകൾ വിതരണം ചെയ്യുക.