നിരവധി സീരിയലുകളിലൂടെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തിയാണ് കിഷോർ പീതാംബരൻ. കൂടുതലായും വില്ലൻ കഥാപാത്രങ്ങളെയായിരുന്നു മിനിസ്ക്രീൻ സീരിയലുകളിൽ കിഷോർ അവതരിപ്പിച്ചിരുന്നത്. ഭൂരിഭാഗം കഥാപാത്രങ്ങളും വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ഏകദേശം മുന്നൂറോളം വരുന്ന സീരിയലുകളിലായി വലുതും, ചെറുതുമായ നിരവധി വേഷങ്ങൾ കിഷോർ ചെയ്തിട്ടുണ്ട്. സീരിയലുകളിൽ സജീവമായിരുന്ന കിഷോർ ചുരുക്കം ചില സിനിമകളിൽ മാത്രമാണ് അഭിനയിച്ചിട്ടുള്ളത്. സുരേഷ് ഗോപി നായകനായ കാഞ്ചീപുരത്തെ കല്യാണം എന്ന സിനിമയിൽ കിഷോർ അവതരിപ്പിച്ച വില്ലൻ കഥാപാത്രം കിഷോറിന്റെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധനേടിയ ഒരു വേഷം തന്നെയായിരുന്നു.
തിരുവനന്തപുരം സ്വദേശിയായ കിഷോർ വളരെയധികം കഷ്ടപ്പെട്ട് തന്നെയാണ് അഭിനയ മേഖലയിലേക്ക് എത്തിയത്. ഡിഗ്രി പഠനത്തിന് ശേഷം കിഷോർ പല ജോലികൾ നോക്കിയെങ്കിലും അവയൊന്നും ശരിയായി വന്നില്ല. ആ സമയത്താണ് തന്റെ പാഷനായ അഭിനയവുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്.
തുടർന്ന് നിരവധി പ്രൊഫഷണൽ നാടകങ്ങളിൽ അഭിനയിക്കുകയും ചെയ്തു. നാടകാഭിനയത്തിലൂടെയാണ് കിഷോർ മിനിസ്ക്രീൻ രംഗത്തേക്ക് എത്തിപ്പെട്ടത്. തുടർന്ന് നിരവധി സീരിയലുകളിൽ ചെറുതും, വലുതുമായ വേഷങ്ങൾ ലഭിച്ചെങ്കിലും അങ്ങാടിപ്പാട്ട് എന്ന സീരിയലിലെ വേഷമാണ് കിഷോറിന്റെ അഭിനയ ജീവിതത്തിൽ വലിയ വഴിത്തിരിവായി മാറിയത്.
ഇതിലെ മികച്ച അഭിനയം വഴി നിരവധി സീരിയലുകളിൽ നിന്നുമുള്ള ഓഫറുകളാണ് കിഷോറിനെ തേടിയെത്തിയത്. ഇങ്ങനെ ലഭിച്ച വേഷങ്ങളിലൂടെയെല്ലാം തന്നെ കുടുംബപ്രേക്ഷകരുടെ ശ്രദ്ധയാകർഷിക്കാൻ കിഷോറിന് സാധിക്കുകയും ചെയ്തു. തുടർന്നാണ് സിനിമയിൽ നിന്നും അവസരങ്ങൾ വരാൻ ആരംഭിച്ചത്.
എന്നാൽ സിനിമാ അഭിനയം തുടങ്ങിയതോടെ കിഷോർ ഇനി സീരിയലിൽ അഭിനയിക്കില്ല എന്നുള്ള ഒരു വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. അതുകൊണ്ടുതന്നെ സീരിയലിൽ ഉണ്ടായിരുന്ന അവസരങ്ങളും പതിയെ കുറഞ്ഞു. അവസാനം തൊഴിലില്ലാതെ വീട്ടിലിരിക്കേണ്ട അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്തി.
ഈ സമയത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട കിഷോർ ഡ്രൈവറായി ജോലി ചെയ്യുകയുണ്ടായി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികൾ നേരിട്ട സമയമായിരുന്നു ഇതെന്നാണ് കിഷോർ പറഞ്ഞത്. പിന്നീട് സരയൂ സീരിയലിൽ അവസരം ലഭിക്കുകയും, സീരിയൽ രംഗത്ത് കിഷോർ സജീവമാവുകയും ചെയ്തു. ഇനിയും ഒരുപാട് മികച്ച വേഷങ്ങൾ ചെയ്യണമെന്ന് തന്നെയാണ് കിഷോറിന്റെ ആഗ്രഹം.