പത്രപരസ്യം കണ്ട് ജോലിക്ക് പോവാൻ ഒരുങ്ങുന്നവരാണോ നിങ്ങൾ?? എങ്കിൽ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക!!

ഇന്നത്തെ സമൂഹത്തിൽ ഒരുപാട് ആളുകൾ നേരിടുന്ന വലിയൊരു പ്രശ്നം തന്നെയാണ് തൊഴിലില്ലായ്മ എന്നത്. വിദ്യാഭ്യാസ യോഗ്യത അനുസരിച്ചുള്ള ജോലി ലഭിക്കാതെ ഇപ്പോഴും ജോലി അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഒരുപാടാളുകൾ നമുക്കിടയിൽ തന്നെയുണ്ട്.

സാമ്പത്തിക പ്രതിസന്ധി മൂലം തൊഴിലവസരങ്ങൾ കുറയുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ എന്തെങ്കിലും ഒരു ജോലി ലഭിക്കുക എന്നത് തന്നെ വലിയൊരു കാര്യമാണ്. അതുകൊണ്ടുതന്നെ ആഗ്രഹിക്കുന്ന ജോലി അല്ലെങ്കിൽ കൂടിയും പത്രങ്ങളിലും മറ്റും പരസ്യങ്ങൾ കണ്ട് ആ ജോലിക്ക് വേണ്ടി ശ്രമിക്കുന്ന ഒരുപാട് ആളുകളുണ്ട്.

എന്നാൽ ഇത്തരത്തിൽ പരസ്യങ്ങളിൽ കാണുന്ന ജോലിക്ക് പോയി പറ്റിക്കപെട്ട നിരവധി സംഭവങ്ങളും, ദുരനുഭവങ്ങൾ നേരിട്ട ഒരുപാടാളുകളുടെ അനുഭവകഥകളും മറ്റും നമ്മൾ സോഷ്യൽ മീഡിയയിലൂടെയും, വാർത്തകളിലൂടെയുമെല്ലാം കേൾക്കുകയും, വായിച്ചിട്ടും ഉണ്ടാകും.

ഇങ്ങനെയുള്ള ജോലി തട്ടിപ്പുകളിൽ അകപ്പെടുന്ന ആളുകൾക്ക് നേരിടേണ്ടിവരുന്ന ദുരനുഭവങ്ങളെ കുറിച്ചുള്ള ചെറിയൊരു വിശകലനമാണ് ഇവിടെ പങ്കുവയ്ക്കുന്നത്. കഴിവതും എല്ലാവരും ഇത് മുഴുവനായി വായിക്കാനും, ഇത്തരത്തിലുള്ള തട്ടിപ്പുകൾക്ക് ഇരയാവാതിരിക്കാനും ശ്രമിക്കുക.

ജോലിക്ക് ആളെ ആവശ്യമുണ്ട് എന്ന പത്ര പരസ്യം കണ്ട് 18 നും 25 വയസിനും ഇടയ്ക്കുള്ള യുവതി-യുവാക്കളാണ് കൂടുതലായും ഇത്തരത്തിലുള്ള ജോലി തട്ടിപ്പുകൾക്ക് ഇരയാകുന്നത്. ഇത്തരത്തിൽ ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യത്തിൽ നൽകിയിരിക്കുന്ന നമ്പറിലേക്ക് വിളിക്കുകയാണെങ്കിൽ നിങ്ങൾക്ക് അവർ ഒരിക്കലും കമ്പനിയുടെ കൂടുതൽ വിവരങ്ങളോ, ജോലികാര്യങ്ങളോ  വ്യക്തമാക്കി തരികയുണ്ടാവില്ല.

ഭൂരിഭാഗം ആളുകളും ഇവർ വാഗ്ദാനം ചെയ്യുന്ന ആകർഷകമായ ശമ്പളം നോട്ടമിട്ടുകൊണ്ട് തന്നെയായിരിക്കും കമ്പനിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങളൊന്നും അന്വേഷിക്കാതെ തന്നെ ഈ ജോലിക്ക് വേണ്ടി അപേക്ഷിക്കുന്നത്. ഇത്തരത്തിലുള്ള വ്യാജ വാഗ്ദാനങ്ങളിൽ വിശ്വസിക്കുന്ന നിങ്ങളോട് കമ്പനി നൽകുന്ന ട്രെയിനിങ്ങിൽ പങ്കെടുക്കാനും അവർ ആവശ്യപ്പെടുന്നതായിരിക്കും.

നിങ്ങൾ ഈ ട്രൈനിങ്ങിൽ പങ്കെടുക്കുകയാണെങ്കിൽ ജോലിയിൽ പ്രൊമോഷൻ ലഭിക്കുമെന്നും, ശമ്പളം വർധിക്കുമെന്നുമെല്ലാം ഇവർ നിങ്ങളോട് പറയുന്നതായിരിക്കും. ഇത് വിശ്വസിച്ച് ട്രെയിനിങ്ങിൽ പങ്കെടുക്കാൻ തയ്യാറാക്കുന്ന ആളുകൾ എത്തുന്നത് ഏതെങ്കിലും ഡയറക്ട് മാർക്കറ്റിംഗ് സ്ഥാപനത്തിന്റെ കീഴിലായിരിക്കും.

ഇവിടെ ഏകദേശം 3 വർഷമെങ്കിലും ബിസിനസ് ക്ലാസ് ട്രെയിനിങ് ആണെന്ന് പറഞ്ഞ് നിങ്ങളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കും. ഈ കാലയളവിൽ ഇവർ വാഗ്ദാനം ചെയ്ത സാലറിക്ക് പകരം നിങ്ങൾ മാർക്കറ്റിംഗ് ചെയ്യുന്നതിന് അനുസരിച്ചുള്ള കമ്മീഷൻ ആയിരിക്കും നിങ്ങൾക്ക് ലഭിക്കുക.

ഇത്തരത്തിലുള്ള തട്ടിപ്പുകൾ ചെന്നുപെടുന്നവർ വളരെ വൈകിയായിരിക്കും തങ്ങൾ തട്ടിപ്പിനിരയായി എന്ന സത്യം മനസ്സിലാക്കുകയുള്ളൂ. അതുകൊണ്ട് തന്നെ പത്രങ്ങളിലും മറ്റും കാണുന്ന ജോലി ഒഴുവുകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് തന്നെ കമ്പനിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് മനസിലാക്കി ജോലിയുടെ സത്യാവസ്ഥ അറിയാൻ ശ്രമിക്കേണ്ടതാണ്.