“അങ്ങനെയായിരുന്നു എനിക്ക് അല്ലുവിന് ശബ്ദം കൊടുക്കാൻ കഴിഞ്ഞത്..” സോഷ്യൽ മീഡിയയിൽ വൈറലായി ജിസ് ജോയിയുടെ വാക്കുകൾ.

ഇപ്പോൾ മലയാളത്തിലെ ഏറ്റവും പ്രശസ്തരായ സംവിധായകരിൽ ഒരാളാണ് ജിസ് ജോയ്. ചുരുക്കം ചില ചിത്രങ്ങളേ സംവിധാനം ചെയ്തിട്ടുള്ളു എങ്കിലും ഇവയെല്ലാം തന്നെ വലിയ രീതിയിലുള്ള പ്രേക്ഷക പിന്തുണ നേടിയ ചിത്രങ്ങളാണ്. സൺഡേ ഹോളിഡേയും, വിജയ് സൂപ്പറും പൗർണമിയും എല്ലാം ഇപ്പോഴും ആരാധകരുടെ പ്രിയ ചിത്രങ്ങളാണ്.

എന്നാൽ സംവിധായകൻ ആവുന്നതിനു മുമ്പ് തന്നെ ജിസ് ജോയ് മലയാളികൾക്ക് പ്രിയങ്കരനാണ്. തെലുങ്ക് സൂപ്പർതാരം അല്ലു അർജുന്റെ മലയാള ശബ്ദമായാണ് ഒരു കാലത്ത് ജിസ് ജോയ് അറിയപ്പെട്ടിരുന്നത്.

ഇപ്പോൾ തനിക്ക് എങ്ങനെയാണ് അല്ലു അർജുന് ശബ്ദം നൽകാൻ അവസരം ലഭിച്ചത് എന്നതിനെപ്പറ്റി ജിസ് ജോയ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാക്കുന്നത്. “എനിക്ക് അല്ലുഅർജുന് ശബ്ദം നൽകാൻ കഴിഞ്ഞതിന്റെ ക്രെഡിറ്റ് മുഴുവൻ ഖാദർ ഹസ്സൻ ആണ്..

കാരണം അദ്ദേഹമാണ് അല്ലു അർജുൻ സിനിമകൾ മലയാളികൾക്ക് മുൻപിലേക്ക് പരിചയപ്പെടുത്തുന്നത്.. കായംകുളം കൊച്ചുണ്ണി എന്ന സീരിയലിൽ ഞാൻ മണിക്കുട്ടന് വേണ്ടി 1000 എപ്പിസോഡോളം ഞാൻ ശബ്ദം നൽകിയിരുന്നു..

ഇത് കേട്ടാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. അല്ലു അർജുന് എന്റെ ശബ്ദം ചേരും എന്ന് കണ്ടുപിടിച്ചത് ഇങ്ങനെയായിരുന്നു” ഇതായിരുന്നു ജിസ് ജോയ് പറഞ്ഞത്. ഇപ്പോൾ റിലീസ് ആയ പുഷ്പയുടെ മലയാളം വേർഷനിൽ അല്ലു അർജുന് ശബ്ദം നൽകിയിരിക്കുന്നത് ജിസ് ജോയ് തന്നെയാണ്.

ആദ്യദിവസം തന്നെ മികച്ച അഭിപ്രായങ്ങൾ ലഭിച്ച ചിത്രം ഇതുവരെയുള്ള കളക്ഷൻ റെക്കോർഡുകളും തകർത്തുകൊണ്ട് അല്ലു അർജുൻ കരിയറിലെ തന്നെ ഏറ്റവും പണംവാരി ചിത്രത്തിലേക്കുള്ള കുതിപ്പ് തുടരുകയാണ്.

പുഷ്പയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രമോഷനിൽ പങ്കെടുക്കാൻ ജിസ് ജോയെ വിളിച്ചെങ്കിലും താൻ സംവിധാനം ചെയ്ത സിനിമയുടെ വർക്കുകൾ നടക്കുന്നത് കൊണ്ട് പങ്കെടുക്കാൻ കഴിഞ്ഞില്ല. ചിത്രത്തിന്റെ മലയാളം വേർഷൻ കണ്ട് തന്നെ അല്ലുവിന്റെ മാനേജർ വിളിച്ചിരുന്നുവെന്നും, നന്നായിട്ടുണ്ടെന്ന് പറഞ്ഞുവെന്നും ജിസ്‌ജോയ് പറഞ്ഞു.