ഒരിക്കലും അനക്കാൻ പറ്റില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയ കൈ കൊണ്ട് സ്കിപ്പിംഗ് റോപ്പ് ചാടി മെയ്മോൾ!! നിശ്ചയദാർഢ്യം കൊണ്ട് ജീവിതം തിരിച്ചുപിടിച്ച മെയ്മോളുടെ കഥ.

ജീവിതത്തിൽ യാതൊരു പ്രശ്നവും ഇല്ലാത്ത മനുഷ്യർ ആരുംതന്നെ കാണില്ല. ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അതിൽ തളർന്ന് പോകാതെ ആ പ്രശ്നങ്ങളെയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോയിട്ടുള്ള ഒരുപാടാളുകളുടെ ജീവിത കഥകളും, അനുഭവങ്ങളുമെല്ലാം നമ്മൾ കേട്ടിട്ടുണ്ടാകും. ഇത്തരത്തിലുള്ള അനുഭവ കഥകളെല്ലാം ഒരുപാട് പേർക്ക് മുന്നോട്ടുള്ള ജീവിത യാത്രയിൽ പ്രചോദനമാകുന്ന ഒന്നുതന്നെയാണ്.

തന്റെ ജീവിതം തന്നെ മാറ്റി മറിച്ച അപ്രതീക്ഷിതമായ അപകടത്തിൽ തളരാതെ ജീവിതം പൂർവാധികം ശക്തിയോടെ മുന്നോട്ടുകൊണ്ടുപോകുന്ന മെയ്‌മോൾ ഡേവിസിന്റെ കഥയും എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒന്നുതന്നെയാണ്. മെയ്മോളുടെ ഒറ്റകാലിൽ നിന്നുകൊണ്ടുള്ള സ്കിപ്പിംഗ് റോപ്പ് വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വൈറലായി പ്രചരിച്ചിരുന്നു.

കൂടാതെ മഴവിൽ മനോരമ ഉടൻ പണം പ്രോഗ്രാമിലെ ഒരുഎപ്പിസോഡിലും പങ്കെടുത്തിരുന്നു. 2016 ൽ ആണ് മെയ്മോളുടെ ജീവിതം തന്നെ മാറ്റിമറിച്ച സംഭവങ്ങൾക്കെല്ലാം തുടക്കം കുറിച്ചത്. കഴുത്തിന് പിന്നിൽ ചെറിയൊരു മുഴയും, കൂടാതെ പനിയും, ക്ഷീണവും ആയിരുന്നു ആദ്യമായി അനുഭവപ്പെട്ടത്.

ഉടൻതന്നെ മെയ്മോളെയും കൊണ്ട് അമ്മ മോളി കളമശ്ശേരി ആശുപത്രിയിൽ എത്തി. അവിടെ ഒരാഴ്ച പരിശോധന നടത്തിയിട്ടും രോഗം എന്താണെന്ന് കണ്ടുപിടിക്കാൻ സാധിച്ചില്ല. തുടർന്ന് ആലുവയിലുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടെവെച്ചാണ് മെയ്‌മോൾക്ക് ശരീരത്തിന്റെ പ്രതിരോധ ശേഷിയെ ബാധിക്കുന്ന ഓട്ടോഇമ്യൂൺ അസുഖമായ കികൂച്ചി എന്ന എന്ന രോഗാവസ്ഥയാണ് എന്ന് മനസ്സിലാക്കിയത്.

ഇതിന് മാറ്റുന്നതിനായി മെയ്‌മോൾ ഓപ്പറേഷനും വിധേയയായി. എന്നാൽ ഓപ്പറേഷന് ശേഷമായിരുന്നു കാര്യങ്ങൾ കൂടുതൽ വഷളായത്. ഓപ്പറേഷൻ കഴിഞ്ഞതിനുശേഷം മെയ്മോളുടെ വലതുകൈയിലായി ചെറുതായി വിങ്ങൽ പോലെ അനുഭവപ്പെടാൻ തുടങ്ങി. ഈ കാര്യം ഡോക്ടറോട് പറഞ്ഞപ്പോൾ അത് ഓപ്പറേഷൻ ചെയ്തതുകൊണ്ടാണെന്നും, കുറച്ച് ദിവസത്തിനുള്ളിൽ മാറിക്കോളും എന്നുമാണ് മറുപടി ലഭിച്ചത്.

എന്നാൽ ദിവസങ്ങൾ കൂടുന്തോറും വേദന അസഹനീയമായി വർദ്ധിക്കുകയാണ് ചെയ്തത്. വീണ്ടും പരിശോധന നടത്തിയപ്പോഴാണ് ഞെരമ്പിന് പരിക്ക് പറ്റിയിട്ടുണ്ടെന്നും, ജീവിതകാലം മുഴുവൻ ഇനി കൈ അനക്കാൻ സാധിക്കില്ല എന്നുമാണ് ഡോക്ടർ പറഞ്ഞത്. ഈ വിവരം അറിഞ്ഞ മെയ്‌മോളും, അമ്മയും  ഞെട്ടിപോയി. തുടർന്ന് വേറെ പല ആശുപത്രികളിലും നടത്തിയ ചികിത്സയിലും, സ്കാനിങിലൂടെയുമാണ് ഓപ്പറേഷൻ ചെയ്തപ്പോൾ വന്ന പിഴവ് മൂലമാണ് ഈ അവസ്ഥ ഉണ്ടായത് എന്ന് കണ്ടെത്തിയത്.

ഓപ്പറേഷൻ നടത്തിയ ആശുപത്രി അധികൃതർ ഇക്കാര്യം അവരോട് മറച്ചുവെച്ചത്കൊണ്ടാണ് മെയ്മോളുടെ അവസ്ഥ ഇത്രയും ഗുരുതരമായത്. ഇക്കാര്യം സർജറി ചെയ്ത ആശുപത്രിയിൽ അറിയിച്ചെങ്കിലും അമ്മ ഒപ്പിട്ട് തന്നത് കൊണ്ടാണ് ഓപ്പറേഷൻ നടത്തിയതെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ കൈയൊഴിഞ്ഞു. തുടർന്ന് ആശുപത്രിക്കെതിരെ ഉപഭോക്തൃ കോടതിയിൽ പരാതി സമർപ്പിച്ചിരുന്നു.

ഇടക്കിടക്ക് കൈയ്ക്ക് അനുഭവപ്പെടുന്ന അസഹനീയമായ വേദനയും, ഇഷ്ടമുള്ള കാര്യങ്ങളൊന്നും ചെയ്യാൻ പറ്റാത്തതും മെയ്‌മോൾക്ക് വലിയ നിരാശയാണ് ഉണ്ടാക്കിയത്. ആത്മഹത്യ ചെയ്യാൻ വരെ മെയ്‌മോളെ ഈ അവസ്ഥ പ്രേരിപ്പിച്ചു. ആ സമയത്താണ് ഒരു സുഹൃത്ത് മെയ്മോൾക്ക് സ്കിപ്പിംഗ് റോപ്പ് സമ്മാനമായി നൽകുന്നത്. പിന്നീട് കൈവിട്ടു പോയ ജീവിതത്തെ തിരികെ പടിക്കാനുള്ള ശ്രമമായി സ്കിപ്പിംഗ് റോപ്പ് പഠിക്കാൻ തീരുമാനിക്കുകയായിരുന്നു.

ആദ്യമൊക്കെ ഭയങ്കര പ്രയാസം ആയിരുന്നെങ്കിലും കഠിനമായ പ്രയത്നത്തിലൂടെ സ്കിപ്പിംഗ് റോപ്പ് പഠിച്ചെടുക്കുകയായിരുന്നു. ഇപ്പോൾ ഇന്ത്യ ബുക് ഓഫ് റെക്കോർഡ്സിലുള്ള സ്കിപ്പിങ് റെക്കോർഡ് മറികടക്കണമെന്നും, എംടിവിയിലെ അഡ്വഞ്ചറസ് ഷോ റോഡീസിൽ പങ്കെടുക്കണമെന്നുമെല്ലാമാണ് മെയ്മോളുടെ ആഗ്രഹം. ഒരിക്കലും തോറ്റുകൊടുക്കാൻ ആഗ്രഹിക്കാത്ത മേയമോളുടെ ഈ ജീവിതം എല്ലാവർക്കും മുന്നോട്ടു പോകാൻ ഊർജ്ജം നൽകുന്ന ഒരു അനുഭവകഥ തന്നെയാണ്.