പ്രണയബന്ധം വേർപെടുത്തിയതിന് ശേഷമുള്ള പീഡന പരാതി ബലാത്സംഗമായി കാണാനാവില്ലെന്ന് ഹൈക്കോടതി.

വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച കേസിൽ അഭിഭാഷകൻ അഡ്വ നവനീത് എം നാഥിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. പ്രണയബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടാകുമ്പോൾ ഉന്നയിക്കുന്ന ആരോപണങ്ങൾ വാഗ്ദാന ലംഘനമാണെന്നും ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും വാദത്തിനിടെ കോടതി പറഞ്ഞു.

മുൻ സഹപ്രവർത്തകയും കൊല്ലം സ്വദേശിയുമായ അഭിഭാഷകയുടെ പരാതിയിൽ ജൂൺ 21നാണ് നവനീതിനെ അറസ്റ്റ് ചെയ്തത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയും ഗർഭിണിയായപ്പോൾ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തു എന്നാണ് പരാതി. പ്രശ്‌നങ്ങളെ തുടർന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് നവനീത് ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ നടത്തിയ നിരീക്ഷണങ്ങൾ ഇങ്ങനെയാണ്. വിവാഹം കഴിക്കാതെ സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ജീവിക്കുന്ന കാലമാണിത്. ഇന്നത്തെ തലമുറയുടെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. എന്നാൽ ഒരാൾ ബന്ധം തുടരാൻ ആഗ്രഹിക്കുകയും മറ്റൊരാൾ അത് അവസാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ കേസ് വരുന്നു.

ഇതിനെ തുടർന്നുള്ള ശാരീരിക ബന്ധങ്ങൾ ബലാത്സംഗമായി കാണാൻ കഴിയില്ല. ഇത്തരം പരാതികളെ വാഗ്ദാന ലംഘനമായി മാത്രമേ കാണാവൂ. ഇത് ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ഇതേത്തുടർന്നാണ് നവനീതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.