കോവിഡിനെ തുടർന്ന് മിക്ക ആളുകളുടെയും സാമ്പത്തികം കുത്തനെ കുറഞ്ഞ ഒരു അവസ്ഥയിലാണ് ലോകം മുഴുവനായും ഇപ്പോൾ നിലകൊള്ളുന്നത്. ഇത്തരത്തിലുള്ള ഒരു സാഹചര്യത്തിലാണ് ഇന്ധനവില, പാചകവാതകവില എന്നിവയുടെ അടിക്കടിയുള്ള കയറ്റം. പെട്രോളിന്റെയും ഡീസലിന്റെയും വില ദിനംപ്രതിയാണ് ഇപ്പോൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നത്.
ഇന്ധനവില ഈ സാഹചര്യം മാറുമ്പോഴേക്കും കുറയുമെന്ന് ചിന്തിക്കുന്നുണ്ടെങ്കിൽ അത് വെറും തോന്നലാണ്. കൂടിയ ഇന്ധനവില ഇനി കുറയാൻ പോകുന്നില്ല, മാത്രമല്ല ദിനം തോറും കൂടി വരുന്ന ഇന്ധനവില എവിടെ ചെന്ന് നിൽക്കും എന്നതിൽ ഒരു ഉറപ്പുമില്ല. കോവിഡിന്റെ പശ്ചാതലത്തിൽ പല സ്വകാര്യ സ്ഥാപനങ്ങളും ശമ്പളം വെട്ടിക്കുറയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. എന്നാലും ജോലി നഷ്ടപ്പെടാതിരിക്കാൻ മിക്ക ആളുകളും ലഭിക്കുന്ന ശമ്പളത്തിന് ജോലി ചെയ്യുന്നു.
ഓരോ വ്യക്തിയും സാമ്പത്തികമായി തളരുന്ന ഈ സാഹചര്യത്തിൽ തന്നെയാണ് ഇത്തരത്തിലുള്ള ഒരു ക്രൂരത. പെട്രോൾ ഡീസൽ തുടങ്ങിയ ഇന്ധനങ്ങളുടെ വില വർദ്ധനവ് സ്വന്തമായി വാഹനം ഉള്ളവരെ മാത്രമല്ല വീട്ടിൽ വാഹനം ഇല്ലാത്തവരെയും സാരമായി ബാധിക്കുന്നുണ്ട്.
കേരള സംസ്ഥാനത്ത് ഒരു വാഹനം എങ്കിലും ഇല്ലാത്ത വീടുകൾ ഇന്ന് വളരെ വിരളമാണ്. ഇത്തരത്തിൽ ഇന്ധന വില കൂടുമ്പോൾ അത് പലതരത്തിലാണ് സാധാരണക്കാരെ ബാധിക്കുന്നത്. ചരക്ക് ഗതാഗതത്തിന്റെ നിരക്ക് കൂടുന്നതിനാൽ തന്നെ എല്ലാ സാധനങ്ങൾക്കും വില കൂടുന്നതാണ്. അരി, വെളിച്ചെണ്ണ, പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ എന്നിവയ്ക്ക് പുറമേ മരുന്നുകൾക്ക് കൂടി വില വർദ്ധിക്കുന്നതിനാൽ തന്നെ സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ അത് താറുമാറാക്കുന്നുണ്ട്.
നിർമ്മാണസാമഗ്രികളുടെയും വില വർധിക്കുന്നുണ്ട്. ഈ കഴിഞ്ഞ കാലത്ത് വലിയ തോതിലാണ് സിമന്റിനും കമ്പിക്കും എല്ലാം വില വർധിപ്പിച്ചത്. ബസ് ജീവനക്കാർ, കൂലിപ്പണിക്കാർ, ലോട്ടറി വിൽപനക്കാർ, തയ്യൽ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹോട്ടൽ ജീവനക്കാർ, ഓട്ടോ – ടാക്സി ഡ്രൈവർമാർ തുടങ്ങി എല്ലാവരുടെയും ജീവിതം കൊവിഡ് കാലത്ത് വളരെ പ്രയാസത്തോടെയാണ് കടന്നു പോകുന്നത്. ജോലിയില്ലാത്ത ഈ സമയത്ത് ഇത്തരത്തിലുള്ള വിലവർദ്ധനവ് സാധാരണക്കാരെ ഒരുപാട് അലട്ടുന്നുണ്ട്.
ലോക്ക്ഡൗണിൽ പൂട്ടിക്കിടന്നിരുന്ന ഹോട്ടലുകൾ പിന്നീട് നിയന്ത്രണങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ ഉത്തരവ് ലഭിച്ചെങ്കിലും ഉപഭോക്താക്കളുടെ എണ്ണം വളരെ കുറവാണ്. സ്വകാര്യ ബസ് ജീവനക്കാരുടെ ജീവിതവും വളരെ ദുരിതപൂർണ്ണമാണ്. ഈയൊരു അവസ്ഥയിൽ ബസ്സ് പഴയതുപോലെ ഓട്ടം തുടങ്ങിയാൽ വൻ നഷ്ടമാകുമെന്നാണ് ബസ് ഉടമകൾ പറയുന്നത്. അതിനാൽ തന്നെ ബസ് നിരക്കും ഓട്ടോ ടാക്സി നിരക്കും വർധിപ്പിക്കണമെന്ന് ഇവർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ നിരക്ക് വർധിപ്പിക്കുകയാണെങ്കിൽ പൊതുജനം ഏറെ വലയുകയും, വിപണിയിൽ വീണ്ടും വിലക്കയറ്റം ഉണ്ടാവുകയും ചെയ്യും. ഇന്ധന വിലവർദ്ധനവ് ദിനംപ്രതി ആണ് നടക്കുന്നത് എങ്കിൽ പാചകവാതകത്തിന്റെ വിലവർദ്ധനവ് മൂന്നുമാസത്തിനു ശേഷമാണ് നടക്കുന്നത്. പെട്രോളിന് 100 രൂപ കവിഞ്ഞു , പാചകവാതകത്തിന് 846.50 പൈസയും ആണ് ഇപ്പോൾ നൽകിവരുന്നത്.
കോവിഡിന്റെ പശ്ചാത്തലത്തിലുണ്ടായ യാത്ര നിയന്ത്രണം കാരണം അന്താരാഷ്ട്ര രംഗത്ത് പെട്രോൾ ഡീസൽ വില കുറയുകയും അതിനാൽ ക്രൂഡ് ഓയിലിന്റെ വില കുറയുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യയിൽ ഇന്ധന വില കുറഞ്ഞില്ല എന്ന് മാത്രമല്ല ഇന്ധന വില കുറയുന്നതിനനുസരിച്ച് നികുതി കൂടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ പെട്രോൾ – ഡീസൽ വിലയുടെ 69% നികുതിയായാണ് ഈടാക്കുന്നത്. എന്നാൽ ഇത്തരത്തിൽ നികുതി കുറയ്ക്കാനായി കേന്ദ്ര – സംസ്ഥാന സർക്കാറുകൾ തയ്യാറാകുന്നുമില്ല. ദിനംതോറും പ്രതിഷേധങ്ങൾ നടത്തി വരുന്നുണ്ടെങ്കിലും സർക്കാരുകളുടെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുമുള്ള അനുകൂലമായ നടപടികൾ ഉണ്ടാകുന്നില്ല എന്നത് വളരെ വിഷമകരമായ ഒരു വസ്തുതയാണ്.