മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹാസ്യതാരങ്ങളിൽ ഒരാളാണ് ഹരിശ്രീ അശോകൻ. റാംജിറാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ഹരിശ്രീ അശോകൻ പിന്നീട് തനിക്ക് ലഭിച്ച വേഷങ്ങളെല്ലാം തന്റെ മികച്ച അഭിനയം കൊണ്ട് അവയെല്ലാം എന്നും പ്രേക്ഷകർക്ക് ഓർത്തിരിക്കാൻ കഴിയുന്ന തരത്തിൽ മനോഹമാക്കുകയും ചെയ്തു.
ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ എന്നിവരുടെ കോമ്പിനേഷനുകളിൽ പിറന്ന സിനിമകളെല്ലാം മലയാള സിനിമ പ്രേമികൾക്ക് എക്കാലത്തെയും മികച്ച സിനിമ അനുഭവങ്ങൾ സമ്മാനിച്ച ചിത്രങ്ങളാണ്. ഈ പറക്കും തളികയും, സിഐഡി മൂസയും, പഞ്ചാബിഹൗസുമെല്ലാം മലയാളി പ്രേക്ഷകർ ഇന്നും യാതൊരു മടുപ്പുമില്ലാതെ കണ്ടുകൊണ്ടിരിക്കുന്നതിന്റെ കാരണവും ഇതുതന്നെയാണ്.
അതുകൂടാതെ സോഷ്യൽ മീഡിയകളിലെല്ലാം ട്രോളൻമാരുടെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രം കൂടിയാണ് പഞ്ചാബി ഹൗസിൽ ഹരിശ്രീ അശോകൻ അവതരിപ്പിച്ച രമണൻ എന്ന കഥാപാത്രം. ഒരുപക്ഷേ ഒരു സിനിമയിലെ നായക കഥാപാത്രത്തേക്കാൾ കൂടുതൽ ജനശ്രദ്ധ നേടിയ ചുരുക്കം ചില കഥാപാത്രങ്ങളിൽ ഒന്നുതന്നെയാണ് രമണൻ.
ഇത്തരത്തിലുള്ള നിരവധി വേഷങ്ങൾ നമുക്ക് സമ്മാനിച്ച ഹരിശ്രീ അശോകൻ ഇപ്പോഴും സിനിമയിൽ സജീവമായി തന്നെ തുടരുകയാണ്. ഇപ്പോൾ ഹരിശ്രീ അശോകൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച ഒരു ഫോട്ടോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിലെ മോഹൻലാൽ അഭിനയിച്ച ഇത്തിക്കരപ്പക്കി എന്ന ക്യാരക്ടറിന്റെ ഏറെ വൈറലായ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ ഓർമിപ്പിക്കുന്ന വിധത്തിലുള്ള ഒരു ഫോട്ടോയാണ് ഹരിശ്രീ അശോകൻ ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്.
വർക്കൗട്ട് ചെയ്യുന്നതിനിടയിൽ ജിമ്മിലെ ചുമരിൽ കാല് നീട്ടി വെച്ചുകൊണ്ടുള്ള ഒരു ഫോട്ടോയാണ് ഹരിശ്രീ അശോകൻ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ഇത് ആരാധകർ ഏറ്റെടുക്കുകയും, ഹരിശ്രീ അശോകന്റെ പല പ്രശസ്തമായ ഡയലോഗുകളും കമെന്റുകളിൽ രേഖപ്പെടുത്തുകയും ചെയ്തു.
“നോക്കണ്ടടാ ഉണ്ണി ഇത് ഞാനല്ല.., മുതലാളി ജങ്ക ജഗ ജഗാ.., രമണൻ വീണ്ടും ഗോദയിലേക്ക്.. എന്തു പറ്റി രമണാ..” എന്നിങ്ങനെയുള്ള കമൻറുകൾ ആണ് കൂടുതലായി ആരാധകർ രേഖപ്പെടുത്തിയിരിക്കുന്നത്. ടോവിനോ തോമസ് നായകനാകുന്ന മിന്നൽ മുരളിയിലും ഹരിശ്രീഅശോകൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാളി സിനിമാപ്രേമികൾ. ഡിസംബർ 24ന് നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസ് ചെയ്യുക.