“തോറ്റു കൊടുക്കാൻ ഞാൻ തയ്യാറല്ല.. പൂർവാധികം ശക്തിയോടെ തന്നെ ഞാൻ വീണ്ടും തിരിച്ചുവരും”; സ്തനാർബുദത്തിനെതിരെ പടപൊരുതുന്ന ഹംസയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ.

തെലുങ്കിൽ രുദ്രമാദേവി, ജയ് ലവ കുശ എന്നീ ചിത്രങ്ങളുടെ ഒരുപാട് ജനശ്രദ്ധ നേടിയ നടിയാണ് ഹംസ നന്ദിനി. വലുതും ചെറുതുമായ വേഷങ്ങളിൽ ചുരുക്കം ചില സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത് എങ്കിലും വലിയ രീതിയിലുള്ള ആരാധക പിന്തുണ ഹംസ നന്ദിനിക്ക് ഉണ്ടായിരുന്നു.

ഇപ്പോൾ നടി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്ന ഫോട്ടോയാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. തലമൊട്ടയടിച്ചു കൊണ്ടുള്ള ഒരു ഫോട്ടോ പങ്കുവെച്ച് തനിക്ക് സ്തനാർബുദം ആണെന്നും, ഇപ്പോൾ ചികിത്സയിലൂടെ കടന്നുപോയി കൊണ്ടിരിക്കുകയാണെന്നും, വൈകാതെ തന്നെ പൂർവാധികം ശക്തിയോടെ താൻ തിരിച്ചുവരും എന്നുമാണ് ഫോട്ടോയ്ക്ക് നൽകിയിട്ടുള്ള നീണ്ട ക്യാപ്ഷനിൽ ഹംസ നന്ദിനി തന്റെ ഫോളോവേഴ്സ്നോട് പറഞ്ഞിരിക്കുന്നത്.

“ജീവിതം എനിക്ക് നേരെ എന്ത് എറിഞ്ഞാലും, അതെത്ര അന്യായമായി തോന്നിയാലും, അതിന് ഇരയാവാൻ ഞാൻ വിസമ്മതിക്കുന്നു. ഭയം, അശുഭാപ്തിവിശ്വാസം, നിഷേധാത്മകത എന്നിവയാൽ ഭരിക്കപ്പെടാൻ ഞാൻ വിസമ്മതിക്കുന്നു. തോറ്റു കൊടുക്കാൻ ഞാൻ തയ്യാറല്ല. ധൈര്യത്തോടെയും സ്നേഹത്തോടെയും ഞാൻ മുന്നോട്ട് കുതിക്കും..

4 മാസം മുമ്പ്, എന്റെ നെഞ്ചിൽ ഒരു ചെറിയ മുഴ അനുഭവപ്പെട്ടു.  ആ നിമിഷം തന്നെ ഞാനറിഞ്ഞു, ഇനിയൊരിക്കലും എന്റെ ജീവിതം പഴയതുപോലെ ആകാൻ പോകുന്നില്ലെന്ന്..  18 വർഷം മുമ്പ് ഒരു ഭയാനകമായ രോഗത്താൽ എനിക്ക് എന്റെ അമ്മയെ നഷ്ടപ്പെട്ടു. അതിനുശേഷം ഞാൻ അതിന്റെ ഇരുണ്ട നിഴലിൽ ജീവിച്ചു…ഞാൻ ഭയന്നു പോയി..ഏതാനും മണിക്കൂറുകൾക്കുള്ളിൽ, ഞാൻ ഒരു മാമോഗ്രാഫി ക്ലിനിക്കിലെത്തി, മുഴ പരിശോധിച്ചു. 

എനിക്ക് ഒരു ബയോപ്‌സി ആവശ്യമാണെന്ന് നിർദ്ദേശിച്ച ഒരു സർജിക്കൽ ഓങ്കോളജിസ്റ്റുമായി ഉടൻ ബന്ധപ്പെടാൻ എന്നോട് ആവശ്യപ്പെട്ടു.  ബയോപ്‌സി എന്റെ എല്ലാ ഭയങ്ങളും സ്ഥിരീകരിച്ചു, എനിക്ക് ഗ്രേഡ് III ഇൻവേസീവ് കാർസിനോമ (സ്തനാർബുദം) ഉണ്ടെന്ന് കണ്ടെത്തി..നിരവധി സ്കാനുകൾക്കും പരിശോധനകൾക്കും ശേഷം, എന്നെ ബാധിച്ച ട്യൂമർ നീക്കം ചെയ്യുന്നതിനായി ഞാൻ ഓപ്പറേഷൻ തിയേറ്ററിലേക്ക് ധൈര്യപൂർവ്വം നടന്നു. 

ഈ സമയത്താണ് രോഗം പടർന്നിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞത്..എന്നാൽ പാരമ്പര്യ സ്തനാർബുദം പോസിറ്റീവ് ആണെന്ന് പരിശോധിയിൽ വ്യക്തമായതിനാൽ ഇനിയുള്ള എന്റെ ജീവിതത്തിലുടനീളം മറ്റൊരു സ്തനാർബുദത്തിനുള്ള സാധ്യത 70 ശതമാനവും, അണ്ഡാശയ അർബുദത്തിനുള്ള സാധ്യത 45 ശതമാനവും ആണെന്ന് ഉറപ്പുനൽകുന്ന ഒരു ജനിതകമാറ്റം എനിക്കുണ്ടെന്ന് പരിശോധനാഫലങ്ങളിൽ വ്യക്തമായി.

വിജയം ഉറപ്പിക്കുന്നതിന് മുൻപ് അപകടസാധ്യത ലഘൂകരിക്കുന്നതിനായി വിധേയമാകേണ്ട ചില പ്രതിരോധ ശസ്ത്രക്രിയകളിലൂടെയാണ് ഇപ്പോൾ ഞാൻ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇതിനോടകം തന്നെ ഞാൻ 9 കീമോതെറാപ്പി സൈക്കിളുകൾക്ക് വിധേയയായി, ഇനി 7 എണ്ണം കൂടി ബാക്കിയുണ്ട്. ഈ രോഗത്തെ ഞാൻ ഒരിക്കിലും എന്റെ ജീവിതത്തെ നിർവചിക്കാൻ അനുവദിക്കില്ല, ഒരു പുഞ്ചിരിയോടെതന്നെ വിജയിക്കുന്നതിന് വേണ്ടി ഞാൻ അതിനെതിരെ പോരാടും.

പൂർവാധികം ശക്തിയോടെ തന്നെ ഞാൻ സ്‌ക്രീനിൽ തിരിച്ചെത്തും. മറ്റുള്ളവരെ പഠിപ്പിക്കാനും, പ്രചോദിപ്പിക്കാനും സഹായിക്കുന്നതിന് ഞാൻ എന്റെ കഥ പറയും.ഒപ്പം, ഞാൻ ബോധപൂർവ്വം ജീവിതവും, അത് വാഗ്ദാനം ചെയ്യുന്നതെല്ലാം ആഘോഷിക്കുകയും ചെയ്യും”

ഈ വാക്കുകൾ ആയിരുന്നു നടി തന്റെ ഫോട്ടോയ്ക്കൊപ്പം ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. നടിയുടെ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നിരവധി ആളുകളാണ് താരത്തിന് പ്രചോദനങ്ങൾ നൽകികൊണ്ടും, ഹംസയുടെ ആത്മവിശ്വാസത്തെ പ്രശംസിച്ചുകൊണ്ടും ഫോട്ടോയ്ക്ക് താഴെ കമൻറുകൾ രേഖപ്പെടുത്തിയത്. ക്യാൻസറിനെ വിജയകരമായി തോൽപ്പിച്ചുകൊണ്ട് പൂർവാധികം ശക്തിയോടെ ഹംസയുടെ തിരിച്ചുവരവിന് വേണ്ടി കാത്തിരിക്കുകയാണ് സിനിമാലോകം.