“വിവാഹപ്രായം കൂട്ടിയത് സ്ത്രീ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റം!! പുരുഷന്മാരുടെ വിവാഹ പ്രായം 18 വയസായി കുറയ്ക്കണം” കേന്ദ്രസർക്കാർ നടപടിക്കെതിരെ ഫാത്തിമ തഹ്ലിയ.

കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സിൽ നിന്നും 21 വയസ്സിലേക്ക് ഉയർത്തുന്നതിനുള്ള ബില്ല് അംഗീകരിച്ചത് രാജ്യത്തിന് വളരെയധികം ഉപകാരപ്പെടുന്ന ഒരു  മാറ്റമാണ് എന്നാണ് രാഷ്ട്രീയ കലാ സാംസ്കാരിക മേഖലകളിലെ പല പ്രമുഖരും സോഷ്യൽ മീഡിയയിലൂടെയും മറ്റുമായി അഭിപ്രായപ്പെട്ടത്.

എന്നാൽ കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പാണ് പല മത സംഘടനകളും, ചില പാർട്ടികളും രേഖപ്പെടുത്തിയത്. കേരളത്തിലും ചിലർ സർക്കാരിന്റെ ഈ തീരുമാനത്തെ എതിർത്തുകൊണ്ട് മുന്നോട്ടുവന്നിരുന്നു.

ഇതിൽ സാമൂഹ്യമാധ്യമങ്ങൾ ഏറ്റവും ശ്രദ്ധ ആകർഷിച്ചത് എംഎസ്എഫ് നേതാവായ ഫാക്കിമ തഹ്ലിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ്. കേന്ദ്ര സർക്കാരിന്റെ ഈ നടപടി സ്ത്രീ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും, എന്തുകൊണ്ടാണ് പുരുഷന്റെ വിവാഹപ്രായം 21 നിന്നും 18 വയസ്സാക്കി കുറക്കാത്തത് എന്നുമാണ് ഇവർ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ വിശദാംശങ്ങൾ പരിശോധിക്കാം.

” പെൺകുട്ടികളുടെ മിനിമം വിവാഹപ്രായം 18 ആണെങ്കിലും 18ആം വയസ്സിൽ തന്നെ അവർ വിവാഹിതരവണമെന്ന അഭിപ്രായം എനിക്കില്ല. സ്ത്രീയുടെ വിദ്യാഭ്യാസം, ജോലി, പക്വത, മാനസ്സികമായ തയ്യാറെടുപ്പ് ഇവയെല്ലാം കണക്കിലെടുത്ത് അതത് സ്ത്രീകളാണ് അവർ എപ്പോൾ വിവാഹം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത്. ഓരോ സ്ത്രീക്കും അത് വ്യത്യസ്തപ്പെട്ടിരിക്കും.

ചിലർക്കത് 18 ആവാം, മറ്റു ചിലർക്ക് അത് 28 ആവാം, വേറെ ചിലർക്ക് 38 ആവാം. പ്രായപൂർത്തിയായ ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം അവളാണ് അവളുടെ ജീവിതം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്. ഭരണകൂടമോ സമൂഹമോ അല്ല.

അത് കൊണ്ട് തന്നെ 18നും 20നും ഇടയിലുള്ള പെൺകുട്ടികളുടെ വിവാഹം നിരോധിക്കുന്ന നടപടി സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്. പെൺകുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് ഗുണത്തേക്കാളേറെ സ്ത്രീക്ക് ദോഷമാണ് ചെയ്യുക. ഇത് പറയുമ്പോളൊരു മറുചോദ്യം ഉണ്ടാകും.

18 മുതൽ 20 വയസ്സിലുള്ള പുരുഷന്മാരുടെ വിവാഹം നിരോധിച്ചത് അവരുടെ വ്യക്തിസ്വാതന്ത്യത്തിലേക്കുള്ള കടന്നുകയറ്റമല്ലെ എന്ന്. തീർച്ചയായും അതെ. പുരുഷന്മാരുടെ വിവാഹ പ്രായവും 18 ആക്കി കുറയ്ക്കുകയാണ് വേണ്ടത്. ദേശീയ ലോ കമ്മിഷന്റെ കണ്സൽറ്റേഷൻ പേപ്പറിലും പുരുഷന്മാരുടെയും സ്ത്രീകളുടെയും വിവാഹ പ്രായം 18 ആക്കണമെന്ന അഭിപ്രായമുണ്ടായിട്ടുണ്ട്. “

ഇതായിരുന്നു ഇവരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം. കഴിഞ്ഞ ദിവസങ്ങളിൽ ബാലുശ്ശേരി ഹയർ സെക്കൻഡറി സ്കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കിയതിനെതിരെ എംഎസ്എഫ് സംഘടന വൻ പ്രതിഷേധമായിരുന്നു രേഖപ്പെടുത്തിയത്.