ജനുവരി മുതൽ റേഷൻ കാർഡ് ഇനി പുതിയ രൂപത്തിൽ!! ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക.

സർക്കാരിന്റെ ആനുകൂല്യങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു രേഖയാണ് റേഷൻകാർഡ് എന്ന് നമുക്ക് ഏവർക്കും അറിയാവുന്നതാണ്. റേഷൻ കാർഡുമായി ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട അറിയിപ്പാണ് ഇവിടെ ചർച്ച ചെയ്യുന്നത്. 2022 ജനുവരി മാസം മുതൽ നിലവിലെ പുസ്തകരൂപത്തിലുള്ള റേഷൻ കാർഡിൽ നിന്നും ഇ-റേഷന്‍ കാര്‍ഡ് സംവിധാനത്തിലേക്ക് മാറുന്നതായിരിക്കും.

ഈ സംവിധാനത്തിലൂടെ പൊതുജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാകുമെന്നാണ് സംസ്ഥാന പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചിരിക്കുന്നത്. പൊതുവിതരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് കൂടുതൽ മികച്ച പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇതിന്റെ ഭാഗമായി നിങ്ങളുടെ കൈവശമുള്ള പുസ്തക രൂപത്തിലുള്ള റേഷൻ കാർഡിൽ നിന്നും ഇ-റേഷൻ കാർഡിലേക്ക് മാറ്റാനുള്ള അവസരം ഇപ്പോൾ ലഭ്യമാണ്. ഈ സ്മാർട്ട് റേഷൻ കാർഡ് നിങ്ങളുടെ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാനും സാധിക്കുന്നതായിരിക്കും.

ഇ-റേഷൻ കാർഡിലേക്ക് മാറുന്നതിന് മുമ്പ് തന്നെ നിങ്ങളുടെ നിലവിലുള്ള റേഷൻ കാർഡിൽ എന്തെങ്കിലും തരത്തിലുള്ള തെറ്റുകളോ, തിരുത്തലുകളോ ഉണ്ടെങ്കിൽ അത് ശരിയാക്കാനുള്ള സൗകര്യവും ഇപ്പോൾ ലഭ്യമായിട്ടുണ്ട്. ഡിസംബർ 15 വരെയാണ് റേഷൻ കാർഡിലെ തെറ്റുകൾ തിരുത്തുന്നതിനുള്ള അവസാന തീയതി.

സർക്കാരിന്റെ തെളിമ പദ്ധതി വഴി ആയിരിക്കും ഇത് സാധ്യമാവുക. റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താൻ ഉള്ളവർ എത്രയും പെട്ടെന്ന് തന്നെ ഇതിനായുള്ള സൗകര്യം ഉപയോഗിക്കേണ്ടതാണ്. കൂടാതെ ജനങ്ങള്‍ക്ക് അവരുടെ സമീപത്തെ റേഷന്‍ കടയുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും പരാതികളോ, മറ്റും സമർപ്പിക്കാനുള്ള സൗകര്യവും ഇപ്പോൾ ലഭ്യമാണ്.

  റേഷന്‍ വിതരണവുമായി ബന്ധപ്പെട്ടുള്ള നിങ്ങളുടെ പരാതികൾ ഒരു പേപ്പറിൽ പകർത്തി റേഷൻ കടയുടെ മുന്നിൽ സ്ഥാപിച്ചിട്ടുള്ള ബോക്സുകളിൽ നിക്ഷേപിക്കാവുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന പരാതികളെല്ലാം പരിശോധിച്ചശേഷം ഇതിനായുള്ള പരിഹാരം ഉറപ്പ് വരുത്തുന്നതായിരിക്കും.