ചുരുങ്ങിയ കാലം കൊണ്ടുതന്നെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ഹാസ്യതാരമാണ് ധർമ്മജൻ ബോൾഗാട്ടി. പാപ്പി അപ്പച്ച എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ ധർമ്മജൻ തനിക്ക് ലഭിച്ച നിരവധി വേഷങ്ങളെല്ലാം തന്നെ തന്റെ അഭിനയ ശൈലിയിലൂടെ മികച്ചതാക്കുകയും, ആ വേഷങ്ങളെല്ലാം ധർമജന് ഒരുപാട് ജനശ്രദ്ധ നേടിക്കൊടുക്കുകയും, നിരവധി ആരാധകരെ ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തു.
സിനിമയ്ക്ക് പുറമേ രമേശ് പിഷാരടിയോടൊപ്പം നിരവധി ടെലിവിഷന്‍ പരിപാടികളും ധർമജൻ അവതരിപ്പിച്ചിട്ടുണ്ട്. ഇവക്കെല്ലാം പ്രേക്ഷകരിൽ നിന്നും വലിയ സ്വീകാര്യതയാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. തന്റെ സിനിമ ജീവിതത്തിനിടയിലെ ഒരിക്കലും മറക്കാൻ പറ്റാത്തതും, മരണത്തെ മുന്നിൽ കണ്ടതുമായ ഒരനുഭവത്തെ കുറിച്ചുള്ള ധർമ്മജന്റെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി ശ്രദ്ധ നേടിയിരിക്കുന്നത്.
നേപ്പാളിൽ വെച്ച് തിരിമാലി എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചുണ്ടായ അനുഭവമായിരുന്നു താരം പങ്കുവെച്ചത്. ഷൂട്ടിങ്ങിനിടയിൽ കോവിഡ് ബാധിതനായപ്പോൾ തനിക്കുണ്ടായ ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളെ കുറിച്ചാണ് ധർമ്മജൻ പറഞ്ഞത്.
സിനിമാ ഷൂട്ടിംഗിനായി ലൊക്കേഷനിൽ എത്തിയപ്പോൾ തന്നെ ധർമ്മജൻ തീരെ വയ്യാത്ത അവസ്ഥയിൽ ആയിരുന്നു. ആ ദിവസത്തെ ഷൂട്ടിംഗ് തീർത്ത് തിരിച്ചുപോകുമ്പോൾ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറുടെ കൈയിൽ നിന്നും ഒരു ഗുളിക മേടിച്ച് കഴിക്കുകയും ചെയ്തു. നേപ്പാളിലെ കൊടുംതണുപ്പിലും ധർമ്മജന് ചൂടായിരുന്നു അനുഭവപ്പെട്ടത്.
ഷൂട്ടിംഗ് തുടങ്ങി ഒമ്പത് ദിവസം പൂർത്തിയായപ്പോഴേക്കും ധർമജൻ തീരെ വയ്യാത്ത അവസ്ഥയിലേക്ക് എത്തിയിരുന്നു. ആ അവസ്ഥയിൽ ഇവിടെ കിടന്ന് മരിക്കേണ്ടിവരും എന്നുവരെ ധർമ്മജന് തോന്നി. ഈ അവസ്ഥയിൽ തനിക്ക് ഭാര്യയും മക്കളും കാണണമെന്നും, നാട്ടിലേക്ക് പോകണം എന്നും ധർമ്മജൻ സിനിമയുടെ നിർമ്മാതാവിനോട് ആവശ്യപ്പെട്ടു.
ഉടൻതന്നെ ധർമ്മജന്റെ അവസ്ഥ മനസ്സിലാക്കിയ നിർമാതാവ് നാട്ടിലേക്ക് പോകാനുള്ള ഏർപ്പാടുകളെല്ലാം ചെയ്തുകൊടുക്കുകയും ചെയ്തു. അങ്ങനെ നാട്ടിലേക്ക് പോകാനായി എല്ലാ തയ്യാറെടുപ്പുകളും നടത്തി യാത്ര പറയുന്നതിനായി സംവിധായകനായ രാജീവിനെ കാണാൻ റൂമിലേക്ക് ചെന്ന ധർമ്മജൻ കണ്ടത് റൂമിലിരുന്ന് കരയുന്ന രാജീവിനെയാണ്.
ധർമ്മജൻ നാട്ടിലേക്ക് പോയാൽ ഷൂട്ടിംഗ് മുടങ്ങുന്നതിന്റെ കാര്യം ആലോചിച്ചുകൊണ്ടാണ് രാജീവ് കരഞ്ഞത്. രാജീവിന്റെ വിഷമം കണ്ട ധർമ്മജൻ ഷൂട്ടിങ് പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ വീണ്ടും ഷൂട്ടിംഗ് തുടങ്ങി രണ്ടാം ദിവസം തന്നെ പോലീസ് ഇടപെട്ട് ഷൂട്ടിംഗ് തടയുകയായിരുന്നു. അതിനുശേഷം കാഠ്മണ്ഡുവില്‍ എത്തി കോവിഡ് ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായി ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തിയപ്പോള്‍ ധർമ്മജന് കോവിഡ് പോസിറ്റീവ് സ്ഥിതീകരിക്കുകയാണുണ്ടായത്.
കൂടെയുണ്ടായിരുന്ന ജോണി ആന്റണിക്കും, നിര്‍മ്മാതാവായ ലോറന്‍സും പരിശോധനയിൽ കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. എന്നാൽ അടുത്ത ദിവസം വീണ്ടും പരിശോധനക്ക് വിധേയമായപ്പോൾ മൂന്നുപേരുടെയും പരിശോധനാഫലം നെഗറ്റീവാവുകയും ചെയ്തു. തന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു അനുഭവം ആയിരുന്നു ഇതെന്നാണ് ധർമ്മജൻ പറഞ്ഞത്.