ലോകത്തിലെ എല്ലാ ജനങ്ങളുടേയും ജീവിതം തന്നെ മാറ്റിമറിച്ച കോവിഡ് വൈറസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും വലിയ പ്രതിരോധ മാർഗം വാക്സിൻ സ്വീകരിക്കുക എന്നതാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം.
അതുമാത്രമല്ല സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുക, പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, കൃത്യമായുള്ള ശാരീരിക അകലം പാലിക്കുക എന്നിവയെല്ലാം കോവിഡിനെ പ്രതിരോധിക്കാൻ വേണ്ടി ചെയ്യേണ്ട മുൻകരുതലാണ്.
ഇപ്പോൾ ച്യൂയിംഗം ചവയ്ക്കുന്നതിലൂടെ കോവിഡിനെ പ്രതിരോധിക്കാം എന്ന് കണ്ടെത്തിയിരിക്കുകയാണ്. സാധാരണ ച്യൂയിംഗമല്ല മറിച്ച് നിരവധി പരീക്ഷണങ്ങൾ നടത്തി സസ്യാധിഷ്ഠിത പ്രോട്ടീനുകളിൽ നിന്നും വികസിപ്പിച്ചെടുത്ത ച്യൂയിംഗതിനാണ് കോവിഡിനെ പ്രതിരോധിക്കാനുള്ള ശേഷി ഉണ്ടെന്ന് അവകാശപ്പെടുന്നത്.
കോവിഡ് ബാധിതനായ വ്യക്തിയിൽ നിന്നും മറ്റൊരാളിലേക്ക് വൈറസ് പടരുന്നതിന് വായിലുള്ള ഉമിനീർ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. കോവിഡ് ബാധിതനായ ഒരാൾ സംസാരിക്കുമ്പോഴോ, ചുമയ്ക്കുമ്പോഴോ ആണ് കൂടുതലായും കോവിഡ് വൈറസ് മറ്റുള്ളവരിലേക്ക് എത്തുന്നത്.
അതുകൊണ്ടുതന്നെ വായിലെ ഉമിനീരിൽ ഉള്ള വൈറസിനെ നിയന്ത്രിക്കാൻ സാധിക്കുകയാണെങ്കിൽ കോവിഡ് വ്യാപനം ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കുമെന്നാണ് പെൻസിൽവേനിയ സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
ചുയിംഗം വികസിപ്പിച്ചെടുക്കുന്നതിനായി സസ്യങ്ങളിൽ എസിഇ2 എന്ന പ്രോട്ടീൻ വളർത്തിയെടുക്കുകയും ഇത് വേറൊരു സംയുക്തവുമായി യോജിപ്പിക്കുകയുമാണ് ചെയ്തത്. തുടർന്ന് ഇത് കോവിഡ് പോസിറ്റിവ് ആയ രോഗികളിൽ നിന്നും ശേഖരിച്ച ഉമിനീരിൽ പരീക്ഷിച്ച് നോക്കിയപ്പോൾ വലിയ മാറ്റമാണ് രേഖപ്പെടുത്തിയത്.
ഇപ്പോൾ ചൂയിഗം മനുഷ്യരിൽ പരീക്ഷിക്കാനുള്ള അനുമതിക്ക് വേണ്ടി സർക്കാരിനെ സമീപിച്ചിരിക്കുകയാണ് ഗവേഷകർ. പരീക്ഷണം വിജയിക്കുകയാണെങ്കിൽ കോവിഡ് വ്യാപനം വലിയതോതിൽ നിയന്ത്രിക്കാൻ സാധിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. എന്തുതന്നെയായാലും ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയാൻ സാധിക്കുന്നതായിരിക്കും.
ചുയിംഗം കഴിച്ചുകൊണ്ട് കോവിഡിനെ തടയാം!! മനുഷ്യരുടെ പരീക്ഷിക്കാൻ അനുമതി തേടി ഗവേഷണ സംഘം