ഇന്ത്യയിൽ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപനം റിപ്പോർട്ട്
ചെയ്തതോടെ പൊതുജനങ്ങൾ എല്ലാവരും തന്നെ വളരെയധികം ആശങ്കയിലാണ്. കേരളത്തിലും ദിനംപ്രതിയുള്ള കോവിഡ് കണക്കുകൾ ഉയരുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്.
ഈ പ്രതിസന്ധിഘട്ടത്തിൽ കേരളമടക്കമുള്ള 10 സംസ്ഥാനങ്ങൾക്ക് കർശനമായിട്ടുള്ള ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് പോസിറ്റീവ് നിരക്ക് വർദ്ധിച്ച് വരുന്ന എല്ലാ ജില്ലകളിലും ശക്തമായിട്ടുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി നിർദേശം നൽകിയിട്ടുണ്ട്.
കോവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളിൽ വിവാഹം, ഉത്സവങ്ങൾ എന്നിവ പോലെയുള്ള ആഘോഷ പരിപാടികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും, രാത്രികാലങ്ങളിൽ കർഫ്യൂ അടക്കമുള്ള നിയന്ത്രണങ്ങൾ നടപ്പിലാക്കണം എന്നുമാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
രാജ്യത്തെ ഒമിക്രോൺ വ്യാപനം കുറയ്ക്കാൻ വേണ്ടിയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. കേരളത്തിൽ കൊല്ലം, എറണാകുളം, തൃശൂർ, പത്തനംതിട്ട, കണ്ണൂർ, ഇടുക്കി, വയനാട്, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളായി ഉയർന്ന ടിപിആർ റേറ്റ് ആണ് രേഖപ്പെടുത്തിയത്.
കേരളം കൂടാതെ രാജ്യത്തെ മറ്റ് പല സംസ്ഥാനങ്ങളിലും ടി പി ആർ റേറ്റ് 10 ശതമാനത്തിനും മുകളിൽ ആണെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ ചൂണ്ടിക്കാട്ടി. രാജ്യത്ത് പ്രധാനമായും 27 ജില്ലകളിലാണ് ഇത്തരത്തിലുള്ള ആശങ്കാജനകമായ സാഹചര്യം നിലനിൽക്കുന്നത്.
ഈ ജില്ലകളിലെ ജനങ്ങളെല്ലാവരും തന്നെ കർശനമായിട്ടുള്ള ജാഗ്രതാ നിർദ്ദേശങ്ങളും, മുൻകരുതലുകളും പാലിക്കണമെന്നും, ഈ പ്രദേശങ്ങളിലെ കോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി ശക്തമായിട്ടുള്ള നിയന്ത്രണമേർപ്പെടുത്തണമെന്നും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. പൊതുജനങ്ങൾ എല്ലാവരും തന്നെ കോവിഡ് വ്യാപനം തടയുന്നതിന് വേണ്ടി ശക്തമായിട്ടുള്ള മുൻകരുതലുകളും, സുരക്ഷ മാർഗങ്ങളുമെല്ലാം സ്വീകരിക്കേണ്ടതാണ്.
.