കോവിഡ് മൂന്നാം തരംഗം ഫെബ്രുവരിയിൽ!! പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ട് ലക്ഷം വരെ വർദ്ധനവ്!! ഇന്ത്യയ്ക്ക് താങ്ങാൻ കഴിയില്ലെന്ന് ആരോഗ്യവിദഗ്ധർ.

കോവിഡ് മഹാമാരിയുടെ ശക്തമായ വ്യാപനം നിരവധി ജീവനുകളാണ് തട്ടിയെടുത്തത്.  കോവിഡിന്റെ ഒന്നാംതരംഗവും, രണ്ടാംതരംഗവും പലരാജ്യങ്ങളിലും മരണസംഖ്യ വളരെയധികം ഉയർത്തിയിരുന്നു. കൂടാതെ ആഗോള സമ്പദ് വ്യവസ്ഥയിൽ വൻ ഇടിവാണ് കോവിഡ് വ്യാപനം ഉണ്ടാക്കിയത്.

ഇതുമൂലം നിരവധി ആളുകളുടെ തൊഴിൽ നഷ്ടപ്പെടുകയും ചെയ്തു. ഇപ്പോൾ ഫെബ്രുവരിയോടെ ഇന്ത്യയിലും മൂന്നാം തരംഗം ആരംഭിച്ചേക്കാം എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ദേശീയ കൊവിഡ്-19 സൂപ്പര്‍മോഡല്‍ കമ്മിറ്റിയാണ് ജനങ്ങൾക്ക് മുന്നറിയിപ്പുമായി വന്നിരിക്കുന്നത്.

കോവിഡിന്റെ ഡെല്‍റ്റാ വകഭേദത്തേക്കാൾ വളരെ വേഗത്തിൽ പുതിയ വകഭേദമായ ഒമിക്രോണ്‍ പെട്ടെന്ന് പടർന്നു പിടിക്കുന്ന സാഹചര്യം വരികയാണെങ്കിൽ ദിവസേനയുള്ള കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ആയിരിക്കും ഉണ്ടാവുക എന്നാണ് കമ്മിറ്റി അറിയിച്ചിരിക്കുന്നത്.

എന്നാൽ രണ്ടാം തരംഗത്തിന്റെ അത്ര
ഗുരുതരം ആയിരിക്കില്ല മൂന്നാം തരംഗം. ഇതിന് ഏറെ സഹായിച്ചത് രാജ്യത്തെ ഭൂരിഭാഗം ആളുകളും ഇപ്പോൾ വാക്സിൻ സ്വീകരിച്ചത് വഴി പ്രതിരോധശേഷി വർധിപ്പിച്ചിട്ടുണ്ട് എന്നതാണ്.

പക്ഷേ രോഗ വ്യാപനം മൂലമുള്ള രോഗതീവ്രത കുറവാണെങ്കിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാം തരംഗത്തേക്കാൾ കൂടുതൽ വർധനവ് ആയിരിക്കും മൂന്നാം തരംഗത്തിൽ ഉണ്ടാവുക. മൂന്നാം തരംഗം ആരംഭിക്കുകയാണെങ്കിൽ രാജ്യത്ത് ഒരു ദിവസം കോവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം രണ്ട് ലക്ഷത്തിൽ കൂടുതൽ ഉണ്ടാകും എന്നാണ് ദേശീയ കൊവിഡ്-19 സൂപ്പര്‍മോഡല്‍ കമ്മിറ്റി പാനല്‍ ഹെഡ് എം. വിദ്യാസാഗര്‍ അറിയിച്ചിരിക്കുന്നത്.

ഇന്ത്യയുടെ ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് ഇത് താങ്ങാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ആണെന്നും ഇദ്ദേഹം ആശങ്കപ്പെട്ടു. ന്യൂ ഇയർ വരാനിരിക്കെ പൊതുജനങ്ങൾ എല്ലാവരുംതന്നെ ആഘോഷ പരിപാടികളിലെല്ലാം പൂർണമായും നിയന്ത്രണമേർപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം റിപ്പോർട്ട് ചെയ്യുന്ന കണക്കുകളിൽ വൻ വർധനവാണ് ദിനംപ്രതി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.