തമിഴ്നാട്ടിൽ നാട്ടുകാരുടെ സദാചാര ഗുണ്ടായിസം; പരസ്പരം സംസാരിച്ചതിന് പ്രായപൂർത്തിയാവാത്ത കുട്ടികളെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു!!

എത്രയൊക്കെ പുരോഗമിച്ചു എന്ന് പറഞ്ഞാലും രാജ്യത്ത് പല സ്ഥലങ്ങളിലും ഇപ്പോഴും നിലനിന്നുപോരുന്ന ഒരു പ്രവണതയാണ് നാട്ടുകാരുടെ ‘സദാചാര പോലീസ്’ ചമയൽ. ഇത്തരത്തിലുള്ള നാട്ടുകാരുടെ അനാവശ്യമായ സദാചാര പ്രവർത്തികൾ മൂലം ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള നിരവധി ആളുകളുടെ അനുഭവങ്ങൾ നമ്മൾ വാർത്തകളിലൂടെയും, സോഷ്യൽ മീഡിയകളിലൂടെയും എല്ലാം കണ്ടിട്ടും, കേട്ടിട്ടും ഉണ്ടാകും. ഇത്തരത്തിൽ നാട്ടുകാരുടെ സദാചാര പോലീസ് കളിയുടെ മറ്റൊരു ഞെട്ടിപ്പിക്കുന്ന വാർത്തയാണ് കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതും പ്രായപൂർത്തിയാവാത്ത ആൺകുട്ടിയെയും, പെൺകുട്ടിയെയുമാണ് നാട്ടുകാർ ബലമായി നിർബന്ധിപ്പിച്ച് കല്യാണം കഴിപ്പിച്ചത്. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ഗ്രാമത്തിലാണ് ഈ ശൈശവ വിവാഹം നടത്തിയത്. ഈ കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ ആൺകുട്ടി തന്റെ സുഹൃത്തിനോടൊപ്പം ഈ പെൺകുട്ടിയെ കാണാൻ പെൺകുട്ടിയുടെ വീട്ടിലേക്ക് പോയിട്ടുണ്ടായിരുന്നു. ആൺകുട്ടിക്ക് 17 വയസ്സുള്ള പെൺകുട്ടിക്ക് 16 വയസ്സുമാണ്. ഇരുവരും പ്ലസ് ടുവിന് ഒരേ സ്കൂളിലാണ് പഠിക്കുന്നത്. പെൺകുട്ടിയുടെ വീട്ടിൽ വെച്ച് ഇരുവരും സംസാരിച്ച് നിൽക്കുന്നത് ശ്രദ്ധയിൽ പെട്ട ചില ആളുകൾ കുട്ടികളെ ചോദ്യംചെയ്യുകയും, കൂടുതൽ ആളുകളെ വിളിച്ചുകൂട്ടുകയും ചെയ്തു. തുടർന്ന് ഇരുവരും പ്രണയത്തിൽ ആണെന്നറിഞ്ഞപ്പോൾ ഇരുവരുടെയും വീട്ടുകാരെ വിളിച്ച് വരുത്തുകയായിരുന്നു. തുടർന്ന് നാട്ടുകാർ കുട്ടികളെ പരസ്പരം വിവാഹം കഴിപ്പിക്കാൻ വീട്ടുകാരെ നിർബന്ധിക്കുകയും ചെയ്തു. നാട്ടുകാരുടെ സമ്മർദ്ദം സഹിക്കാൻ കഴിയാതെ വീട്ടുകാർ  ചൊവ്വാഴ്ച ദിവസം തന്നെ ഏകദേശം പുലർച്ചെ മൂന്നുമണിയോടെ അടുത്തുള്ള ക്ഷേത്രത്തിൽ വച്ച് കുട്ടികൾ തമ്മിലുള്ള വിവാഹം നടത്തുകയായിരുന്നു. സംഭവം കൂടുതൽ ആളുകൾ അറിഞ്ഞതോടെ അവിടുത്തെ പഞ്ചായത്ത് യൂണിറ്റ് സെക്രട്ടറി ശൈശവ വിവാഹം നടന്ന കാര്യം സമീപത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സംഭവസ്ഥലത്ത് എത്തുകയും ശൈശവ വിവാഹം നടത്താൻ പ്രേരിപ്പിച്ച ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ നിർബന്ധിത ശൈശവ വിവാഹത്തിന് വിധേയനായ ആണ്‍കുട്ടിയെ തഞ്ചാവൂരിലുള്ള ജുവൈനല്‍ ഹോമിലേയ്ക്കും, പെണ്‍കുട്ടിയെ സമീപത്തുള്ള സര്‍ക്കാര്‍ ഹോമിലേയ്ക്കും അയച്ചു. കേസുമായി ബന്ധപ്പെട്ടുള്ള കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

തമിഴ്നാട്ടിൽ നാട്ടുകാരുടെ സദാചാരപോലീസ് ചമയൽ; പരസ്പരം സംസാരിച്ചതിന് പ്രായപൂർത്തിയാവാത്ത കുട്ടികളെ നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു!!