രുചികരമായ ചീസ് ഓംലെറ്റ് തയ്യാറാക്കാം വളരെ എളുപ്പത്തിൽ!!

ഓംലെറ്റ് ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ഒരുപാട് ആളുകളുടെ ഇഷ്ടപ്പെട്ട വിഭവമായ ഓംലെറ്റ് ഇപ്പോൾ സാധാരണയിൽ നിന്നും മാറി നിരവധി വ്യത്യസ്തമായ രൂപത്തിലും, രുചിയിലുമെല്ലാം പല സ്ഥലങ്ങളിലും നമുക്ക് ലഭിക്കുന്നതായിരിക്കും.

വളരെ രുചികരമായ ചീസ് ഓംലെറ്റ് എങ്ങനെയാണ് തയ്യാറാക്കുക എന്ന് നമുക്ക് പരിശോധിക്കാം. ചീസ് ഓംലെറ്റ് ഉണ്ടാക്കുന്നതിന് വേണ്ടി ആദ്യം തന്നെ രണ്ട് മുട്ട ഒരു ബൗളിലേക്ക് പൊട്ടിച്ചൊഴിക്കുക. അതിനുശേഷം മുട്ടയിലേക്ക് കാൽ ടീസ്പൂൺ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ്, രണ്ട് ടേബിൾസ്പൂൺ പാൽ എന്നിവ കൂടി ചേർത്ത് കൊടുക്കുക.

എരിവ് കൂടുതൽ ലഭിക്കുന്നതിന് വേണ്ടി പച്ചമുളകും അരിഞ്ഞ് ഇട്ട് കൊടുക്കാവുന്നതാണ്. അതിന്ശേഷം എല്ലാം നന്നായി മിക്സ് ചെയ്ത് എടുക്കുക. അടുതായി ഒരു നോൺസ്റ്റിക് പാൻ അടുപ്പത്ത് വെച്ച് ചൂടാക്കിയ ശേഷം ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ബട്ടറോ, ഓയിലോ ചേർത്ത് കൊടുക്കുക.

ബട്ടർ നന്നായി ഉരുകി വരുമ്പോൾ ഇതിലേക്ക് നേരത്തെ മിക്സ് ചെയ്ത് വെച്ച മുട്ട ഒഴിച്ച് കൊടുക്കുക. തീ നന്നായി കുറച്ച് വെച്ചായിരിക്കണം മുട്ട പൊരിച്ച് എടുക്കേണ്ടത്. മുട്ട വെന്ത് വരുമ്പോൾ ഇതിലേക്ക് രണ്ട് ചീസ് സ്ലൈസ് ത്രികോണാകൃതിയിൽ മടക്കിയ ശേഷം മുട്ടയുടെ ഓരോ ഭാഗത്തായി വെച്ച് കൊടുക്കുക.

അതിനുശേഷം പകുതി മുട്ട ചീസിന്റെ മുകളിലേക്ക് മറിച്ചിടുക. ചീസ് ചേർത്തശേഷം ചീസ് നന്നായി ഉരുകി വരുമ്പോൾ മുട്ട മറുവശത്തേക്ക് മറിച്ചിടുക. രണ്ട് സൈഡും നന്നായി പാകമാകുമ്പോൾ ഓംലെറ്റ് തീ ഓഫ്‌ ചെയ്ത് പാനിൽ നിന്നും മാറ്റാവുന്നതാണ്.

ചൂടോടുകൂടെ തന്നെ ഇത്  ഭക്ഷണത്തോടൊപ്പമോ, അല്ലാതെയോ വിളമ്പാവുന്നതാണ്. എല്ലാവരും ഒരിക്കലെങ്കിലും ഈ സ്വാദിഷ്ടമായ ചീസ് ഓംലെറ്റ് പരീക്ഷിച്ച് നോക്കേണ്ടതാണ്.