ചൈനയുടെ ചാങ് 5 പേടകം ചന്ദ്രനിലിറങ്ങി. ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമായി ചൈന മാറും.

ചൈനയുടെ ചാങ് 5 പേടകം ചന്ദ്രനിലിറങ്ങി. ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 8:28 മുതൽ ചന്ദ്രോപരിതത്തിലേക്കുള്ള ഇറക്കം ആരംഭിച്ചു. 8:55 ന് തന്നെ ലാൻഡിംഗ് നടന്നു എന്നാണ് റിപ്പോർട്ട്. തുടർന്ന് 10:45 ന് പേടകത്തിലെ സംവിധാനമുപയോഗിച്ച് ചന്ദ്രോപരിതലത്തിൽ ഖനനം തുടങ്ങിയെന്നും വേണ്ട സാമ്പിളുകൾ ശേഖരിച്ച് തിരിച്ച് ഓർബിറ്റിലേക്ക് തന്നെ ടേക് ഓഫ്‌ ചെയ്യുമെന്നാണ് വിവരം.

ലാൻഡിംഗിന്റെ നിഴൽ കാണാനാകുന്ന ഇടം, ലാൻഡിങ് സൈറ്റിന്റെ ചിത്രങ്ങളുൾപ്പെടെ ചൈനീസ് ബഹിരാകാശ ഏജൻസി പുറത്തുവിട്ടു.

1970ന് ശേഷം ആദ്യമായിട്ടാണ് ഒരു ബഹിരാകാശ പേടകം ചന്ദ്രനിൽ നിന്ന് പാറകൾ ഭൂമിയിലേക്ക് കൊണ്ടുവരുന്നത്. തിങ്കളാഴ്ച, ബീജിംഗ് സമയം പുലർച്ചെ 4.40 ഓടെയാണ് ബഹിരാകാശ പേടകത്തിലെ ഓർബിറ്ററിൽ നിന്ന് ലാൻഡർ വേർപെട്ടത്. ചൈനീസ് ചാന്ദ്ര ദേവതയുടെ പേരാണ് ദൗത്യത്തിന് നൽകിയിരിക്കുന്നത്.

ചന്ദ്രനിലേക്കുള്ള ചൈനയുടെ റോബോട്ടിക് ദൗത്യമാണിത്. ബഹിരാകാശ പേടകം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്നും ഭൂമിയിലെ നിയന്ത്രണ സംവിധാനങ്ങളുമായി ആശയവിനിമയം സാധാരണമാണെന്നും സി.എൻ‌.എസ്‌.എ വ്യക്തമാക്കി.

ചന്ദ്രനിൽ ഇറങ്ങുന്ന ചൈനീസ് പേടകം ഏകദേശം ഏഴ് അടി ആഴത്തിൽ കുഴിച്ചാണ് പാറക്കല്ലുകളും മണ്ണും ശേഖരിക്കുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന വസ്തുക്കൾ പിന്നീട് ഭൂമിയിലേക്ക് എത്തിക്കുന്നതോടെ ദൗത്യം അവസാനിക്കും.

ദൗത്യം വിജയിച്ചാൽ അമേരിക്കക്കും യു.എസ്.എസ്.ആറിനും ശേഷം ചന്ദ്രനിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുന്ന മൂന്നാമത്തെ രാഷ്ട്രമായി ചൈന മാറും. ഏകദേശം രണ്ട് കിലോഗ്രാം വസ്തുക്കളാണ് ദൗത്യത്തിന്റെ ഭാഗമായി ഭൂമിയിലേക്കെത്തിക്കുക.