ചായയിൽ എലിവിഷം കലക്കി അമ്മയെ കൊലപ്പെടുത്തിയ കേസിൽ തൃശ്ശൂരിൽ അറസ്റ്റിലായ മകളുടെ വെളിപ്പെടുത്തൽ, അച്ഛൻ ചന്ദ്രനും വിഷം നൽകിയിരുന്നുവെന്ന് മകൾ ഇന്ദുലേഖ മൊഴിനൽകി. പാറ്റയെ കൊല്ലാനുള്ള കീടനാശിനി ചായയിൽ കലർത്തി. ചായയുടെ രുചി മാറിയതിനെ തുടർന്നാണ് ചന്ദ്രൻ ചായ കുടിക്കാതിരുന്നതെന്നും പോലീസ് പറഞ്ഞു. കീഴൂർ ചൂഴിയാറ്റയിൽ ചന്ദ്രന്റെ ഭാര്യ രുഗ്മിണി (58) കഴിഞ്ഞ ദിവസം മരിച്ചു. രുഗ്മിണിയുടെ മരണവുമായി ബന്ധപ്പെട്ട് മകൾ ഇന്ദുലേഖയെ (39) പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവർ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
പോലീസ് പറയുന്നതിങ്ങനെ: ഭർത്താവറിയാതെ സ്വർണാഭരണങ്ങൾ പണയപ്പെടുത്തി വായ്പയെടുത്ത ഇന്ദുലേഖയ്ക്ക് എട്ടുലക്ഷത്തിലധികം രൂപയുടെ ബാധ്യതയുണ്ട്. ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ 18ന് ഭർത്താവ് അവധിക്ക് നാട്ടിലെത്തിയിരുന്നു. ആഭരണങ്ങൾ എവിടെയെങ്കിലും തിരയുമോ എന്ന് ഇന്ദുലേഖ ഭയന്നു. ഇവരുടെ അച്ഛൻ ചന്ദ്രൻ ഉത്സവപ്പറമ്പുകളിൽ ബലൂൺ കച്ചവടക്കാരനാണ്.
രോഗിയായ അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വീടും സ്ഥലവും തട്ടിയെടുത്ത് വിൽപന നടത്തി ബാധ്യത തീർക്കാനാണ് ഇന്ദുലേഖ പദ്ധതിയിട്ടത്. രുഗ്മിണി തങ്ങളുടെ 2 മക്കളിൽ മൂത്തവളായ ഇന്ദുലേഖയെ സ്വത്തിന്റെ അവകാശിയായി കാണിച്ചിരുന്നതായി സൂചനയുണ്ട്.
ഇന്ദുലേഖയെയും താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിഷം ഉള്ളിലേക്ക് പോയതായി ഡോക്ടർമാർ സൂചിപ്പിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വിഷബാധയേറ്റതായി കണ്ടെത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ബുധനാഴ്ച വൈകീട്ട് വീട്ടുകാരെ ചോദ്യം ചെയ്തപ്പോഴാണ് ഇന്ദുലേഖയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയത്. മകൾ അമ്മയെ അപായപ്പെടുത്തിയേക്കുമെന്ന് ചന്ദ്രൻ പോലീസിനോട് പറഞ്ഞിരുന്നു.
പിന്നീട് ഇന്ദുലേഖയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് വിഷം നൽകിയതുമായി ബന്ധപ്പെട്ട് ഗൂഗിളിൽ തിരഞ്ഞത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയും ഇന്ദുലേഖ കുറ്റം സമ്മതിക്കുകയും ചെയ്തു.