കരുതലോടെ കേരളം. ആയിരകണക്കിന് ജനങ്ങളെ മാറ്റി പാർപ്പിക്കുന്നു.

ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ ചെറിയ മാറ്റം. നിലവില്‍ ബുറെവി തിരുവനന്തപുരത്തെ പൊന്മുടി വഴിയെത്തി, വര്‍ക്കലക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടല്‍. ഇത് പ്രകാരം നെയ്യാറ്റിന്‍കര താലൂക്കില്‍ വലിയ ആശങ്ക വേണ്ട.

ശ്രീലങ്കയിൽ നാശം വിതച്ച് ബുറേവി ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ജാഫ്ന, മുല്ലൈതീവ് മേഖലയിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. ഒട്ടനേകം വീടുകൾ തകർന്നതായും മരങ്ങൾ കടപ്പുഴക്കി വീണതായും വാർത്തകൾ വരുന്നു.

വെള്ളപ്പൊക്ക മുന്നറിയിപ്പും ഉണ്ട്. 75000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് രാത്രിയിലാണ് ശ്രീലങ്കന്‍ തീരം തൊട്ടത്.

അതേസമയം ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാടിന്റെ തെക്കന്‍ ജില്ലകളില്‍ മഴ ശക്തമായി. കന്യാകുമാരി ഉള്‍പ്പടെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

രാമനാഥപുരം കന്യാകുമാരി ജില്ലകളില്‍ ആള്‍ക്കാരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങി. ദേശീയ ദുരന്ത നിവാരണ സേനയെ ഉള്‍പ്പടെ തീരമേഖലയില്‍ വിന്യസിച്ചു. ട്രിങ്കോമാലിക്ക് വടക്കു പടിഞ്ഞാറ് അറുപതു കിലോമീറ്റര്‍ അകലെയാണ് ബുറെവി തീരം തൊട്ടത്.

കഴിഞ്ഞ ആറു മണിക്കൂറായി മണിക്കൂറില്‍ 12 കി.മീ. വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് കന്യാകുമാരിയില്‍ നിന്ന് ഏകദേശം 380 കിമീ ദൂരത്തിലാണ് ബുറേവി.

ഉച്ചയ്ക്ക് രണ്ട് മണിയ്ക്കുള്ള കണക്ക് പ്രകാരം തമിഴ്‌നാട് തീരത്തിന് ഏതാണ്ട് 100 കിലോമീറ്റര്‍ ദൂരെയാണ് ബുറെവി ചുഴലിക്കാറ്റുള്ളത്‌