‘ഒമിക്രോൺ വ്യാപനത്തിൽ എല്ലാവരും മരിക്കും’!! ഉത്തർപ്രദേശിൽ ഭാര്യയും, രണ്ട് മക്കളെയും ക്രൂരമായി കൊലചെയ്ത് ഡോക്ടർ.

കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയിലും റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ പൊതുജനങ്ങൾ എല്ലാവരും തന്നെ അതീവ ജാഗ്രതയിലും, ആശങ്കയുമാണ്. എന്നാൽ ഒമിക്രോണ്‍ ഭയം മൂലം മൂന്ന് ജീവനുകളാണ് ഇപ്പോൾ നഷ്ടമായിരിക്കുന്നത്. ഒമിക്രോണ്‍ വൈറസ് ബാധിച്ച് എല്ലാവരും മരിക്കുമെന്ന് കരുതി കാണ്‍പൂരിലെ ഒരു ഡോക്ടര്‍ തന്റെ ഭാര്യയെയും, രണ്ട് മക്കളെയും ക്രൂരമായി കൊല ചെയ്തിരിക്കുകയാണ്. വെള്ളിയാഴ്ചയായിരുന്നു ഈ ദാരുണമായ ക്രൂരകൃത്യം അരങ്ങേറിയത്. ഒമിക്രോണ്‍ ഭീതി മൂലമാണ് ഈ കൊലപാതകങ്ങൾ നടത്താൻ കാരണം എന്നാണ് പോലീസിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ ക്രൂരകൃത്യം നടത്തിയതിനുശേഷം ഡോക്ടർ ഒളിവിൽ പോയിരിക്കുകയാണ്. കാണ്‍പൂര്‍ ആശുപത്രിയിൽ ഫോറന്‍സിക് വിഭാഗത്തിന്റെ തലവനായി ജോലി ചെയ്യുന്ന ഡോക്ടര്‍ സുഷീല്‍ കുമാര്‍ ആണ് ഈ ദാരുണമായ കൊലപാതകങ്ങൾ നടത്തിയത്. 48 വയസ്സുള്ള സ്വന്തം ഭാര്യയും, 18 വയസ്സുള്ള മകനെയും, 15 വയസ്സുള്ള മകളെയുമാണ് ഇയാൾ കൊല ചെയ്തത്. കൊല ചെയ്ത ശേഷം ഒളിവിൽ പോയ ഡോക്ടറെ പിടികൂടുന്നതിന് വേണ്ടി പോലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. ഇവരുടെ വീട്ടിൽ പോലീസ് നടത്തിയ തിരച്ചിലിൽ ഡോക്ടറുടെ ആണെന്ന് കരുതപ്പെടുന്ന ഡയറി പോലീസിന് ലഭിക്കുകയും, ഇതിൽ നിന്നുമാണ് ഒമിക്രോൺ വ്യാപനത്തെ കുറിച്ചുള്ള ഡോക്ടറുടെ ആശങ്ക നിറഞ്ഞ സന്ദേശവും കണ്ടെത്തിയത്. ഒമിക്രോണ്‍ വ്യാപനം എല്ലാ ആളുകളെയും കൊല്ലുമെന്നും, ഇതിൽ നിന്നും ഇനി രക്ഷപ്പെടാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോള്‍ തനിക്ക് ഉള്ളതെന്നും, തന്റെ അശ്രദ്ധമൂലമാണ് ഇതെല്ലാം ഉണ്ടായതെന്നുമാണ് ഡോക്ടര്‍ ഡയറിയില്‍ എഴുതിയിട്ടിരുന്നത്. ഇത് കൂടാതെ താനൊരു പ്രതിവിധിയില്ലാത്ത രോഗത്തിന് വിധേയനാണെന്നും, തന്റെ കുടുംബത്തെ പ്രശ്‌നത്തിൽ അകപെടുത്താൻ തനിക്ക് താല്പര്യമില്ലെന്നും അതുകൊണ്ടുതന്നെ ഞാൻ അവരെ സ്വതന്ത്രരാക്കുകയാണെന്നും ഡയറിയില്‍ സുശീല്‍ കുമാര്‍ എഴുതിയിട്ടിട്ടുണ്ട്. ഇയാൾ വിഷാദരോഗത്തിന് അടിമയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഭാര്യയെയും, മക്കളെയും കൊലപ്പെടുത്തിയ ശേഷം ഈ കാര്യം പോലീസിനെ അറിയിക്കാന്‍ ഇയാൾ സഹോദരന് സന്ദേശമയച്ചിട്ടുണ്ടായിരുന്നു. പോലീസ് സംഭവസ്ഥലത്ത് എത്തുമ്പോഴേക്കും ഡോക്ടര്‍ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. കേസുമായി ബന്ധപ്പെട്ടുള്ള കൂടുതൽ അന്വേഷണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്.