കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ടായിരുന്നു. ആലപ്പുഴയിലെ കുട്ടനാട്ടിൽ ആണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആലപ്പുഴയിലെ മൃഗസംരക്ഷണ വകുപ്പും, ജില്ലാ ഭരണകൂടവും ചേർന്ന് കൂടുതൽ രോഗബാധ ഉണ്ടാകുന്നത് തടയുന്നതിന് വേണ്ടി കുട്ടനാട്ടിലെ തകഴിയില്‍ രോഗം സ്ഥിരീകരിച്ച താറാവുകളെ കൊന്നൊടുക്കി.
തകഴി ഗ്രാമപഞ്ചായതിന്റെ പത്താം വാര്‍ഡിന്റെ പരിധിയിൽപ്പെടുന്ന ഒരു കിലോമീറ്റര്‍ ചുറ്റള്ളവിലുള്ള സ്ഥലങ്ങളിലെ 9048 താറാവുകളെയാണ് രോഗബാധ തടയുന്നതിനുവേണ്ടി കൊന്നത്. സംസ്ഥാനത്ത് മറ്റ് ജില്ലകളിൽ ഒന്നും തന്നെ ഇതുവരെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതായി വിവരം ലഭിച്ചിട്ടില്ല.
ഭോപ്പാലിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ-സെക്യൂരിറ്റി അനിമല്‍ ഡിസീസസിന്റെ നേതൃത്വത്തിൽ അതിൽ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയിൽ നടത്തിയ പരിശോധനയിൽ H5N1 ന്റെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. രോഗബാധ സ്ഥിതീകരിച്ച സ്ഥലത്തിൽ നിന്നും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും കൊല്ലാനാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്.
പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്ത് നിന്നും 9 കിലോമീറ്റർ പരിധിയിൽ മുട്ട, ചിക്കൻ, മറ്റു മാംസങ്ങൾ എന്നിവയുടെയെല്ലാം വിൽപ്പന പൂർണമായി നിരോധിച്ചതായി ആലപ്പുഴ ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. ഈ വർഷം ആരംഭിച്ചപ്പോൾ തന്നെ ആലപ്പുഴയിലെയും, കോട്ടയത്തെയും ചിലയിടങ്ങളിൽ H5N8 വൈറസിന്റെ സാന്നിധ്യം സ്വീകരിച്ചിട്ടുണ്ടായിരുന്നു.
വീണ്ടും പക്ഷിപ്പനി സ്വീകരിച്ചതോടെ കർഷകർ എല്ലാംതന്നെ വലിയ ആശങ്കയിലായിരിക്കുകയാണ്. കഴിഞ്ഞ ഏഴ് വർഷത്തെ കാലയളവിനുള്ളിൽ നാലാം തവണയാണ് കുട്ടനാട്ടിൽ പക്ഷിപ്പനി വ്യാപകമായി പടർന്ന് പിടിക്കുന്നത്.
ദേശാടന പക്ഷികൾക്ക് രോഗബാധ ഉണ്ടായിട്ടുണ്ടോ എന്ന പരിശോധന ഇപ്പോൾ കൂടുതൽ ഊർജിതമായി നടന്നുകൊണ്ടിരിക്കുകയാണ്. പക്ഷിപ്പനി വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ ചിക്കൻ, മുട്ട, മറ്റു മാംസങ്ങൾ എന്നിവയെല്ലാം കഴിക്കുമ്പോൾ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.