ബാലതാരമായി വന്ന് പിന്നീട് മലയാളി പ്രേക്ഷകരുടെ എല്ലാ ഇഷ്ട നായികയായി മാറിയ ആളാണ് സനുഷ. ദാദാസാഹിബ് എന്ന സിനിമയിലൂടെയായിരുന്നു സനുഷ ബാലതാരമായി മലയാള സിനിമാ രംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് കാഴ്ചയിലെ മമ്മൂട്ടിയുടെ മകളായി മികച്ച അഭിനയം കാഴ്ചവെച്ചുകൊണ്ട് മലയാള സിനിമ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു.
കാഴ്ചയിലെ അഭിനയത്തിന് 2004ലെ മികച്ച ബാലതാരത്തിനുള്ള കേരള സ്റ്റേറ്റ് അവാർഡ് സനുഷയ്ക്ക് ലഭിച്ചു. മാമ്പഴക്കാലം, മീശമാധവൻ, കരുമാടിക്കുട്ടൻ, കാശി, ചോട്ടാമുംബൈ, കീർത്തി ചക്ര എനിങ്ങനെയുള്ള മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങളിലും ബാലതാരമായി സനുഷ അഭിനയിച്ചു.
അതിനുശേഷം 2012ൽ ദിലീപ് നായകനായ മിസ്റ്റർ മരുമകനിലൂടെ മലയാള സിനിമയിൽ നായികയായി സനുഷ അരങ്ങേറി. അതിനുശേഷം സക്കറിയയുടെ ഗർഭിണികൾ, ഒരു മുറൈ വന്ത് പാർത്തായ, ഇഡിയറ്റ്സ് എന്നീ സിനിമകളിലും സനുഷ നായികയായി അഭിനയിച്ചു. തുടർന്ന് മലയാളത്തിന് പുറമേ തമിഴിലും, തെലുങ്കിലുമായി ഒരുപാട് സിനിമകളിൽ ചെറുതും, വലുതുമായ വേഷങ്ങളിൽ സനുഷ വേഷമിട്ടു.
ഈ ചെറിയ പ്രായത്തിൽ തന്നെ തന്റെ വ്യക്തി ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയ ഒരാളാണ് സനുഷ. തന്റെ അഭിനയ ജീവിതത്തെ തന്നെ ബാധിച്ച വിഷാദരോഗത്തെ കുറിച്ച് സനുഷ പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
“അപ്രതീക്ഷിതമായി വന്ന കോവിഡ് കാലം തനിക്ക് വളരെയധികം ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയത്. ഈ സമയത്ത് വ്യക്തിജീവിതത്തിലും, സിനിമാ ജീവിതത്തിലുമെല്ലാം എല്ലാം ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടിവന്നു. ആ ദിവസങ്ങളിലെല്ലാം എനിക്ക് എന്റെ ചിരി പോലും നഷ്ടപ്പെട്ടിരുന്നു.
ഈ സമയങ്ങളിൽ ഡിപ്രഷൻ, പാനിക് അറ്റാക്ക് എന്നിങ്ങനെയുള്ള നിരവധി പ്രതികൂല സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടതായും വന്നു. ഇതൊക്കെ എങ്ങനെയാണ്, ആരോടാണ് പറയേണ്ടത് എന്ന് തനിക്ക് അറിയില്ലായിരുന്നു”
ഇങ്ങനെയായിരുന്നു സനുഷ തന്റെ ജീവിതത്തിൽ ഉണ്ടായ പ്രതികൂല സാഹചര്യത്തെ കുറിച്ച് പറഞ്ഞത്. എന്നാൽ മാതാപിതാക്കളുടെയും സഹോദരന്റെയും സഹായത്തോടെയും, ശക്തമായ പിന്തുണയോടെയുമെല്ലാം സനുഷ ഈ അവസ്ഥയെ മറികടക്കുകയായിരുന്നു.
ഇപ്പോൾ മരതകം എന്ന ചിത്രത്തിലൂടെ സിനിമാ മേഖലയിൽ വീണ്ടും സ്ഥിരസാന്നിധ്യം ആകാനുള്ള തയ്യാറെടുപ്പിലാണ് സനുഷ. ഒരുപാട് നല്ല വേഷങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സനുഷക്ക് ഇനിയും ഒരുപാട് മികച്ച സിനിമകൾ ചെയ്യാൻ കഴിയട്ടെ എന്ന് തന്നെയാണ് എല്ലാ സിനിമ പ്രേമികളുടെയും ആഗ്രഹം.