മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് റഹ്മാൻ. നിരവധി സിനിമകളിലൂടെ മികച്ച അഭിനയം കാഴ്ചവെച്ചുകൊണ്ട് ഒരുപാട് ആരാധകരെ റഹ്മാൻ സ്വന്തമാക്കിയിട്ടുണ്ട്. ഒരുകാലത്ത് മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം സൂപ്പർസ്റ്റാർ പദവിയിലേക്ക് കുതിച്ചുകൊണ്ടിരുന്ന റഹ്മാൻ ഏവരെയും അത്ഭുതപ്പെടുത്തി സിനിമാ ജീവിതത്തിൽ നിന്നും നീണ്ടകാലത്തെ ഒരു ഇടവേള എടുത്തിരുന്നു.
ഇന്നത്തെ പല യുവതാരങ്ങൾക്കും സ്വപ്നം കാണാൻ പോലും കഴിയാത്ത തരത്തിൽ കുടുംബപ്രേക്ഷകർ അടക്കമുള്ള നിരവധി ആരാധകർ ആകാലത്ത് റഹ്മാന് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ റഹ്മാൻ അന്നെടുത്ത ഈ തീരുമാനം ഇപ്പോഴും എല്ലാ സിനിമാ പ്രേമികൾക്കും അമ്പരപ്പ് ഉണ്ടാക്കുന്ന ഒരു കാര്യം തന്നെയാണ്. അതിനുശേഷം അത്ര സജീവമല്ലാത്ത ചെറുതും, വലുതുമായ റോളുകളിൽ പല സിനിമകളും റഹ്മാൻ അഭിനയിച്ചിരുന്നു.
എന്നാൽ മുംബൈ പോലീസ്, തമിഴ് ചിത്രമായ ദ്രുവങ്ങൾ 16 എന്നീ ചിത്രങ്ങളിലെ അഭിനയ മികവിലൂടെ റഹ്മാൻ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടായിരുന്നു. ഇപ്പോൾ കഴിഞ്ഞ ദിവസം റഹ്മാന്റെ മകളുടെ കല്യാണവുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്.
തൻറെ മകളുടെ വിവാഹത്തിന് തന്നോടൊപ്പം ഒരു ചേട്ടനെ പോലെ കൂടെ നിന്ന മോഹൻലാലിന് നന്ദി പറഞ്ഞുകൊണ്ടുള്ള റഹ്‌മാന്റെ ഹൃദയസ്പർശിയായ വാക്കുകൾ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
“എന്റെ പ്രിയപ്പെട്ട ലാലേട്ടന്…ജീവിതത്തിൽ ചില നിർണായക മുഹൂർത്തങ്ങളുണ്ട്. എത്രയും പ്രിയപ്പെട്ടവർ നമ്മോടുകൂടി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്ന അപൂർവ നിമിഷങ്ങൾ. കഴിഞ്ഞ വ്യാഴാഴ്ച എനിക്ക് അത്തരമൊരു ദിവസമായിരുന്നു. മകളുടെ വിവാഹം.
ഏതൊരു അച്ഛനെയും പോലെ ഒരുപാട് ആകുലതകൾ ഉള്ളിലുണ്ടായിരുന്നു. കോവിഡിന്റെ ഭീതി മുതൽ ഒരുപാട്… ആഗ്രഹിച്ചപോലെ ചടങ്ങുകളെല്ലാം ഭംഗിയായി നടക്കുമോ, ക്ഷണിച്ചവർക്കെല്ലാം വരാനാകുമോ, എന്തെങ്കിലും കുറവുകളുണ്ടാകുമോ തുടങ്ങിയ അനാവശ്യ മാനസിക സംഘർഷങ്ങൾ വരെ…
കൂടെനിന്നു ധൈര്യംപകരാനും കയ്യിലൊന്നു പിടിച്ച് കരുത്തേകാനും പ്രിയപ്പെട്ടൊരാളെ അറിയാതെ തേടുന്ന സമയം… അവിടേക്കാണ് ലാലേട്ടൻ വന്നത്. ലാലേട്ടനൊപ്പം സുചിത്രയും … എന്റെ മോഹം പോലെ ഡ്രസ് കോഡ് പാലിച്ച് …. ആർടിപിസിആർ പരിശോധന നടത്തി… ഞങ്ങളെത്തും മുൻപ് അവിടെയെത്തിയെന്നു മാത്രമല്ല, എല്ലാവരും മടങ്ങുന്ന സമയം വരെ ഒരു വല്യേട്ടനെ പോലെ കൂടെ നിന്നു.
സ്നേഹം തൊട്ട് എന്റെ മനസ്സിനെ ശാന്തമാക്കി… പ്രിയപ്പെട്ട ലാലേട്ടാ… സുചി… നിങ്ങളുടെ സാന്നിധ്യം പകർന്ന ആഹ്ളാദം വിലമതിക്കാനാവാത്തതാണ് ഞങ്ങൾക്കെന്ന് പറയാതിരിക്കാനാവില്ല. ഒരേസമയം, വല്യേട്ടനാവാനും കൂട്ടുകാരനാവാനും മറ്റാർക്കാണ് ഇതുപോലെ കഴിയുക?
സ്വന്തം സഹോദരനോട് നന്ദി പറയുന്നത് അനുചിതമാവും. അടുത്ത കൂട്ടുകാരനോടും നന്ദി പറയേണ്ടതില്ല. പക്ഷേ… ഞങ്ങൾക്കു പറയാതിരിക്കാനാവുന്നില്ല. നന്ദി…ഒരായിരം നന്ദി… സ്നേഹത്തോടെ, റഹ്മാൻ, മെഹ്റുന്നിസ.”
തന്റെ ഓഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് റഹ്മാൻ മോഹന്ലാലിന് നന്ദി രേഖപ്പെടുത്തിയത്. ഡിസംബർ 11-ന് ചെന്നൈയിൽ വച്ച് നടന്ന വിവാഹത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെ നിരവധി പ്രമുഖ രാഷ്ട്രീയ പ്രവർത്തകരും, സിനിമാ മേഖലയിലെ പ്രശസ്തരും പങ്കെടുത്തിരുന്നു.
“എന്റെ പ്രിയപ്പെട്ട വല്യേട്ടന്..” മോഹൻലാലിന് നന്ദി പറഞ്ഞുകൊണ്ട് മലയാളികളുടെ പ്രിയതാരം റഹ്മാന്റെ ഹൃദയസ്പർശിയായ വാക്കുകൾ.